മറക്കല്ലേ മലയാളം; മാറ്റിവയ്ക്കാം, ഒരു ദിനം- ഇന്ന് അന്താരാഷ്ട്ര മാതൃഭാഷാ ദിനം

February 21, 2024

ഏതുനാട്ടിൽ പോയാലും സ്വന്തം ഭാഷ എവിടെനിന്നെങ്കിലും കേട്ടാൽ കിട്ടുന്ന സന്തോഷം ഒന്ന് വേറെ തന്നെയാണ് എന്ന് എല്ലാവരും പറയാറുണ്ട്. അത് മലയാളികൾക്ക് മാത്രമല്ല, ഏതുനാട്ടിലും അങ്ങനെത്തന്നെയാണ്. സ്വന്തം മാതൃഭാഷയിൽ അഭിമാനിക്കാൻ ലോകം മാറ്റിവെച്ചിരിക്കുന്ന ദിനമാണ് ഇന്ന്. ലോക മാതൃഭാഷാ ദിനം എല്ലാവർഷവും ഫെബ്രുവരി 21നാണ് ആചരിക്കുന്നത്.

അന്താരാഷ്ട്ര മാതൃഭാഷാ ദിനം എല്ലാ വർഷവും ഫെബ്രുവരി 21 ന് ആചരിക്കുന്നു. യുനെസ്കോ സ്ഥാപിച്ച ഈ ദിനത്തിൻ്റെ ലക്ഷ്യം ബഹുവിധമാണ്. പ്രധാനമായും ലോക ഭാഷാ പൈതൃകം സംരക്ഷിക്കുകയും ആഘോഷിക്കുകയും ചെയ്യുക, തുടർന്ന് സാംസ്കാരികവും ഭാഷാപരവും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ദിനം ആചരിക്കുന്നത്. ഭാഷാ വൈവിധ്യത്തിനൊപ്പം പരമ്പരാഗത സംസ്കാരങ്ങളെയും ഭാഷകളെയും സംരക്ഷിക്കുന്നതിനെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കുക എന്നതും ഈ ദിവസത്തിന്റെ പ്രത്യേകതയാണ്.

1952-ൽ ബംഗ്ലാദേശിലെ ബംഗാളി ഭാഷാ പ്രസ്ഥാനത്തിൻ്റെ ഓർമ്മയ്ക്കായി ഫെബ്രുവരി 21 തിരഞ്ഞെടുത്തതാണ്. ഉറുദു ഏക ഔദ്യോഗിക ഭാഷയായി അടിച്ചേൽപ്പിക്കുന്നതിനെതിരെ വിദ്യാർത്ഥികളും പ്രവർത്തകരും പ്രതിഷേധിച്ചപ്പോഴുണ്ടായ പ്രതിഷേധത്തിന് പിന്നാലെയാണ് ഇങ്ങനെ ഒരു ദിനം രൂപീകൃതമായത്. ബംഗ്ലാദേശ് പാകിസ്ഥാൻ്റെ ഒരു പ്രവിശ്യയായിരുന്നപ്പോൾ അവരുടെ ബംഗാളി ഭാഷയുടെ അംഗീകാരത്തിനായി അവിടത്തെ ജനങ്ങൾ പോരാടിയപ്പോഴാണ് ഈ ഭാഷാ പ്രസ്ഥാനം നടന്നത്.

Read also: അറ്റ്ലാൻ്റിക് സമുദ്രത്തിന് കുറുകെ ഒറ്റയ്ക്ക് പറന്ന ആദ്യത്തെ വനിത; 86 വർഷങ്ങൾക്ക് ശേഷവും ദുരൂഹത ബാക്കിയാക്കി അമേലിയ ഇയർഹാർട്ടിന്റെ തിരോധാനം

അന്താരാഷ്ട്ര മാതൃഭാഷാ ദിനം ആഘോഷിക്കാനുള്ള മുൻകൈ എടുത്തത് ബംഗ്ലാദേശാണ്. 1999 ലെ യുനെസ്കോ ജനറൽ കോൺഫറൻസിൽ ഇത് അംഗീകരിക്കപ്പെടുകയും 2000 മുതൽ ലോകമെമ്പാടും ഇത് ആചരിച്ചുപോരുകയും ചെയ്യുന്നു. മലയാളികളെ സംബന്ധിച്ച് മാതൃഭാഷാ ദിനത്തിന് പ്രാധാന്യമേറെയുണ്ട്. കാരണം, വളർന്നുവരുന്ന തലമുറയിൽ മലയാളത്തിന്റെ മാധുര്യം നിറയ്‌ക്കേണ്ടതുണ്ട്. ഭാഷയോട് അകലുന്ന പ്രവണത ഇന്ന് സജീവമാണ്. അതിനാൽ തന്നെ ഓരോ വ്യക്തിയും അതൊരു ഉത്തരവാദിത്തമായി ഏറ്റെടുത്ത് അടുത്ത തലമുറയ്ക്ക് പകർന്നുനൽകാനുള്ള ഓർമ്മപ്പെടുത്തലായി ഈ ദിനം ആചരിക്കേണ്ടതുണ്ട്.

Story highlights- international mother language day 2024