ഐസിസി ടെസ്റ്റ് റാങ്കിങിൽ ജസ്പ്രീത് ബുംറ ഒന്നാമത്; 3 ഫോർമാറ്റിലും ഒന്നാമതെത്തുന്ന ആദ്യ ബോളർ..!
ജസ്പ്രീത് ബുമ്രയുടെ തീപാറും ബോളിങ് മികവിലാണ് ഇംഗ്ലണ്ടിനെതിരായ വിശാഖപട്ടണം ടെസ്റ്റിൽ ഇന്ത്യൻ ടീം വിജയം പിടിച്ചത്. ഈ വിജയത്തിന് പിന്നാലെ മറ്റൊരു അപൂർവനേട്ടവും താരത്തെ തേടിയെത്തിയിരിക്കുകയാണ്. ഐ.സി.സി ടെസ്റ്റ് ബോളർമാരുടെ റാങ്കിങ്ങിൽ ഒന്നാമനാകുന്ന ആദ്യ ഇന്ത്യൻ പേസറായാണ് ജസ്പ്രീത് ബുംറ മാറിയത്. സ്പിന്നർമാരായ രവിചന്ദ്ര അശ്വിൻ, രവീന്ദ്ര ജഡേജ, ബിഷൻ ബേദി എന്നിവരാണ് ടെസ്റ്റിൽ ഒന്നാം സ്ഥാനത്തെത്തിയ മറ്റു ഇന്ത്യൻ ബൗളർമാർ. ( Jasprit Bumrah becomes number one test bowler )
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ മികച്ച പ്രകടനമാണ് ബുംറയെ ഒന്നാമതെത്തിച്ചത്. ആദ്യ ഇന്നിങ്സിൽ ആറും രണ്ടാം ഇന്നിങ്സിൽ മൂന്നും വിക്കറ്റുമാണ് 30-കാരനായ ഫാസ്റ്റ് ബോളർ നേടിയിരുന്നു. ഇതിൽ തന്നെ മുൻനിര ഇംഗ്ലീഷ് ബാറ്റർ ഒലി പോപ്പിനെ ബൗൾഡാക്കിയ യോർക്കർ വലിയ രീതിയിൽ തന്നെ ചർച്ചയായിരുന്നു.
881 റേറ്റിങ്ങ് പോയിന്റുമായി ജസ്പ്രീത് ബുംറ ഒന്നാമതെത്തിയത്. ഇന്ത്യയുടെ തന്നെ സ്പിന്നർ ആർ അശ്വിനാണ് ഒന്നാം സ്ഥാനം നഷ്ടമായത്. 2023 മാർച്ച് മുതൽ ഒന്നാം സ്ഥാനം നിലനിർത്തിയിരുന്ന അശ്വിൻ രണ്ട് സ്ഥാനങ്ങൾ താഴ്ന്ന് മൂന്നാം റാങ്കിലേക്ക് വീണു. 851 റേറ്റിങ് പോയിന്റുമായി ദക്ഷിണാഫ്രിക്കൻ പേസർ കാഗിസോ റബാഡയാണ് രണ്ടാമതുള്ളത്. അശ്വിന് 841 റേറ്റിങ്ങ് പോയിന്റാണുള്ളത്.
Read Also : ചതുരംഗക്കളത്തിലെ സുൽത്താൻ; മാലിക് മിർ സുൽത്താൻ ഖാന് മരണാനന്തരം ഗ്രാൻഡ് മാസ്റ്റർ പദവി..!
ഇതോടൊപ്പം മറ്റൊരു ലോക റെക്കോഡ് സ്വന്തം പേരിൽ എഴുതി ചേർക്കാനും ബുംറയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ക്രിക്കറ്റിൻറെ മൂന്ന് ഫോർമാറ്റിലും ഒന്നാം റാങ്കിലെത്തുന്ന ആദ്യ ബോളറാണ് ബുംറ. 2018 ജനുവരിയിൽ ടി20 റാങ്കിങ്ങിൽ ഒന്നാമതെത്തിയ താരം 2022 ജൂലൈയിലാണ് ഏകദിന ഫോർമാറ്റിന്റെ ആദ്യ സ്ഥാനം അലങ്കരിച്ചത്. എന്നാൽ ക്രിക്കറ്റിൻറെ മൂന്ന് ഫോർമാറ്റുകളിലും ഒന്നാം റാങ്കിലെത്തുന്ന ആദ്യ താരമല്ല ജസ്പ്രീത് ബുംറ. മുൻ ഓസ്ട്രേലിയൻ താരങ്ങളായിരുന്ന മാത്യു ഹെയ്ഡൻ, റിക്കി പോണ്ടിങ്, ഇന്ത്യൻ സ്റ്റാർ ബാറ്റർ വിരാട് കോലി എന്നിവർ നേരത്തെ പ്രസ്തുത നേട്ടം കൈവരിച്ചിട്ടുണ്ട്. എന്നാൽ ബാറ്റർമാരുടെ പട്ടികയിലാണ് മൂവരും ഇടംപിടിച്ചിരുന്നത്.
Story highlights : Jasprit Bumrah becomes number one test bowler