ഈ വീഡിയോ കണ്ടാൽ ഒരു കട്ടൻകാപ്പി കുടിച്ച ഫീലാ; വൈറലായി ജോണ് ജസ്റ്റിന്റെ കാപ്പിക്കഥ..!
കാപ്പിയുടെ മണവും രുചിയും ആരെയും ആകര്ഷിക്കുന്ന ഒന്നാണ് കാപ്പിയുടെ മണവും രുചിയും അല്ലേ.. വൈകുന്നേരങ്ങളില് ഒരു കപ്പ് കാപ്പിയും കുടിച്ച് വര്ത്തമാനവും പറഞ്ഞിരുന്നാല് നേരം പോകുന്നത് അറിയില്ല. എന്നാല് എത്രത്തോളം കടമ്പകള് കടന്നാണ് കുടിക്കാന് പാകത്തില് കാപ്പി തയ്യാറാകുന്നത്. അവിടെയാണ് നാലാം ക്ലാസുകാരന്റെ വീഡിയോ പ്രസക്തമാകുന്നത്. വളരെ രസകരമായ അവതരണത്തിലൂടെ കാപ്പിച്ചെടിയില് നിന്നും കട്ടന് കാപ്പിയിലേക്കുള്ള യാത്രയാണ് കോട്ടയം നെടുങ്കുന്നം സ്വദേശിയായ ജോണ് കട്ടന്കാപ്പി തന്റെ സോഷ്യല് മീഡിയയില് പങ്കുവച്ചിട്ടുള്ളത്. ( John Justin describes coffee production )
തന്റെ ഡ്രീം വൈ എന്ന പേരിലുള്ള ഇന്സ്റ്റഗ്രാം അക്കൗണ്ടിലുടെയാണ് കാപ്പി പൂക്കുന്നത് മുതല് കാപ്പിക്കുരു പറിച്ച് ഉണക്കി, മില്ലില് കൊണ്ടുപോയി പൊടിച്ചെടുക്കന്നത് വരെയുള്ള കാര്യങ്ങളാണ് ജോണ് ജസ്റ്റിന് പങ്കുവച്ചിട്ടുള്ളത്. വീഡിയോ പോസ്റ്റ് ചെയ്ത് ദിവസങ്ങള്ക്കകം രണ്ട് മില്യണിലധികം കാഴ്ച്ചക്കാരെ നേടിയ വീഡിയോ വലിയ രീതിയില് ശ്രദ്ധനേടിയിട്ടുണ്ട്. സിനിമ താരങ്ങളും സോഷ്യല് മീഡിയ ഇന്ഫ്ലുവന്സര്മാര് അടക്കം അഭിനന്ദനുമായി എത്തിയിട്ടുണ്ട്. ഒരു മിനിട്ട് മാത്രം ദൈര്ഘ്യമുള്ള ഈ കൊച്ചു വീഡിയോയിലെ അവതരണ ശൈലി തന്നെയാണ് എല്ലാവരുടെയും മനസ് കീഴടക്കിയടത്.
‘ഇത് കട്ടന്കാപ്പി, ഇത് കാപ്പിച്ചെടി. ഈ കാപ്പിച്ചെടിയില് നിന്നും കട്ടന്കാപ്പി വരെയുള്ള ഒരു യാത്രയാണ് നമ്മുടെ ഇന്നത്തെ വീഡിയോ. പറമ്പിലെ കാപ്പികള് പൂക്കാന് റെഡി. ഇതേ പൂമൊട്ടുകള് ആണ്. നേരം വെളുത്തു, മൊത്തം പൂത്തുലഞ്ഞു. ഇവിടെല്ലാം സൂപ്പറൊരു മണമുണ്ട് കേട്ടോ. പൂക്കള് കരിഞ്ഞു. പിന്നെ കൊഴിഞ്ഞു. ഇപ്പോള് കാപ്പിക്കുരു ചെറുതായിട്ട് കാണാം. കുരു പതിയെ വളര്ന്നു. ആദ്യം വിളഞ്ഞു, പിന്നെ പഴുത്തു. ഇതൊരു കളര്ഫുള് കാഴ്ചയാണ്. പഴുത്ത കുരു പറിക്കുകയാണേ. പൊക്കത്തിലുള്ള കമ്പുകള് വെട്ടാതെ വേറെ വഴിയില്ല. പറമ്പീന്ന് പറിച്ച ആത്തച്ചക്കയാണ് കാപ്പിക്കുരുവിന്റെ കൂട്ടത്തില്. കാപ്പിക്കുരു ഞങ്ങള് ടേസ്റ്റ് ചെയ്ത് നോക്കി, നല്ല മധുരമാണ്. കാപ്പിക്കുരു ടെറസില് ഉണക്കാനിട്ടു. പതിയെ ഉണങ്ങിത്തുടങ്ങി. മാസങ്ങള് കഴിഞ്ഞു.
ബാക്കി സീന്. ബേബിച്ചായന്റെ മില്ലിലാണ്. മെഷീനില് തൊലി കളഞ്ഞ് ഒറിജിനല് കാപ്പിക്കുരു പുറത്തെടുക്കുന്നതാണ് ഇവിടുത്തെ ആദ്യപണി. പണ്ട്, ഉരലില് ഇട്ട് ആയിരുന്നു പൊളിച്ചിരുന്നത്. കാപ്പിക്കുരുവിന്റെ പരിപ്പ് എടുത്തു കഴിഞ്ഞു. പൊളിച്ച കുരു വറുക്കാന് പോകുവാണേ. ഒരു മണിക്കൂര്. വറുത്തത് മതി. ഇനി വറുത്ത കാപ്പിക്കുരു പൊടിക്കാം. ഇതിന്റെ കൂടെ വറുത്ത ഉലുവയും ചേര്ത്തിട്ടുണ്ട്. പണ്ട് പൊടിക്കാനും ഉരല് ആയിരുന്നു കേട്ടോ ഉപയോഗിച്ചിരുന്നത്. ഇനി ഈ പൊടി വെച്ച് ഒരു കട്ടന്. നമ്മള് ആദ്യം കണ്ടില്ലേ കാപ്പിയുടെ പൂമൊട്ട്, അതാണ് ഇതായി മാറിയത്’ – ഇതാണ് ഒരു മിനിറ്റ് ദൈര്ഘ്യമുള്ള വീഡിയോയ്ക്ക് ജോണ് ജസ്റ്റിന് നല്കിയ വിശദീകരണം.
പന്ത്രണ്ടായിരത്തിലധികം ആളുകളാണ് ജോണ് ജസ്റ്റിന്റെ ഇന്സ്റ്റഗ്രാം പേജ് ഫോളോ ചെയ്യുന്നത്. ഭാവിയില് ഒരു ട്രാവല് വ്ലോഗർ ആകാനാണ് ജോണിന് ആഗ്രഹം. കോട്ടയം നെടുങ്കുന്നം സെന്റ് ജോണ് ദി ബാപ്റ്റിസ്റ്റ് സ്കൂളിലെ നാലാം ക്ലാസ് വിദ്യാര്ഥിയാണ് ജോണ് ജസ്റ്റിൻ.
Story highlights : John Justin describes coffee production