നാണയത്തുട്ടുകളാൽ ആനയ്ക്ക് തുലാഭാരം; വേണ്ടിവന്നത് 5,555 കിലോഗ്രാം പത്ത് രൂപ നാണയങ്ങൾ..!
ആനയ്ക്ക് നാണയങ്ങള്‍കൊണ്ട് തുലാഭാരം നടത്തി കര്‍ണാടകയിലെ ഹുബ്ബള്ളിയിലെ മഠം. ശിരഹട്ടി ഫക്കീരേശ്വര മഠത്തിലെ ചമ്പിക എന്ന ആനയെയാണ് പത്ത് രൂപ നാണയങ്ങളുമായി തുലാഭാരം തൂക്കിയത്. മഠാധിപതി ഫകിര്‍ സിദ്ധറാം മഹാസ്വാമിയുടെ 75-ാം ജന്മദിനത്തോട് അനുബന്ധിച്ചാണ് അപൂര്‍വചടങ്ങ്. ചമ്പിക എന്ന ആന മഠത്തിലെത്തിയതിന്റെ അറുപതാം വാര്‍ഷികാഘോഷം കൂടിയാണ് ഹുബ്ബള്ളിയിലെ നെഹ്റു സ്റ്റേഡിയത്തില്‍ നടന്നത്. ( Jumbo Tulabhara With ten Rupee Coins held In Hubballi )
തുലാഭാരം നടത്തുന്നതിനായി മഠം അധികൃതര്‍ പ്രത്യേക തുലാസ് തന്നെ ഒരുക്കിയിരുന്നു. അതിന് ശേഷം നെറ്റിപ്പട്ടം കെട്ടി അണിയിച്ചൊരുക്കിയ ശേഷമാണ് തുലാഭാരത്തിനായി എത്തിച്ചത്. തുലാസിന്റെ ഒരു തട്ടില്‍ നിര്‍ത്തിയ ആനപ്പുറത്ത് 200 കിലോഗ്രാം തൂക്കമുള്ള അംബാരിയും അതിനകത്ത് മഠാധിപതിയും ആനപ്പുറത്ത് പാപ്പാനുമുണ്ടായിരുന്നു. മറുതട്ടില്‍ നാണയത്തുട്ടുകളുടെ ചാക്കുകെട്ട് അടുക്കിവച്ചാണ് തുലാഭാരം നടത്തിയത്.
5,555 കിലോഗ്രാം തുക്കം വരുന്ന പത്ത് രൂപയുടെ നാണയങ്ങളാണ് ആന നിന്ന തട്ടിനൊപ്പമാകാന്‍ വേണ്ടിവന്നത്. 376 ചാക്കുകളിലായി 73,40,000 രൂപയുടെ നാണയങ്ങളാണ് ആനയ്ക്കൊപ്പം തൂക്കിയത്. തുലാഭാരം നടത്തുന്നതിനായി റിസര്‍വ് ബാങ്കില്‍ നിന്നാണ് ഈ നാണയങ്ങള്‍ കൊണ്ടുവന്നത്. ഈ പണം പാവപ്പെട്ട കുട്ടികളുടെ വിദ്യാഭ്യാസത്തിനായി ചെലവഴിക്കുമെന്നാണ് മഠാധികൃതര്‍ വ്യക്തമാക്കിയത്.
44 അടി നീളവും 20 അടി വീതിയും 30 അടി ഉയരവുമുള്ള ഇരുമ്പ് തുലാസാണ് തുലാഭാരത്തിന് തയ്യാറാക്കിയത്. 20 ലക്ഷത്തിലധികം രൂപയാണ് ഈ തുലാസ് നിര്‍മിക്കാനായി ചെലവായതെന്നും സംഘാടകര്‍ വ്യക്തമാക്കി. ഹുബ്ബള്ളി നഗരത്തിലെ നെഹ്റു മൈതാനത്ത് നടന്ന ചടങ്ങില്‍ മന്ത്രമാര്‍ അടക്കം നിരവധിയാളുകളാണ് സാക്ഷിയായത്.
Story highlights : Jumbo Tulabhara With ten Rupee Coins held In Hubballi