ഇനി നല്ല നാളുകൾ; ആർത്തവ അവധി പ്രഖ്യാപിച്ച് കലാമണ്ഡലം!

February 7, 2024

ആർത്തവം, ആർത്തവ സമയത്തെ വേദന, അസ്വസ്ഥതകൾ, ഇവയെ കുറിച്ചുള്ള ചർച്ചകൾ കാലങ്ങളായി നടക്കുന്നതാണ്. ഇന്നും അത്തരം ചർച്ചകൾക്ക് പൊതുവേദിയിൽ സ്ഥാനമില്ല എന്ന് ചിന്തിക്കുന്ന ഒരു കൂട്ടം ആളുകൾ നമ്മുടെ ഇടയിലുണ്ട്. ഈ ചേരിതിരിവും, തീർത്തും സാധാരണമായ ഒരു പ്രക്രിയയെ സങ്കീർണമാക്കുന്ന പ്രവണതയും എന്ന് അവസാനിക്കുമെന്ന് അറിയില്ലെങ്കിലും മാറ്റത്തിന്റെ കാറ്റ് വീശുന്നുണ്ട് കൂട്ടുകാരെ…. (Kerala Kalamandalam announces Menstrual Leave)

വിദ്യാർഥിനികൾക്ക്, പ്രത്യേകിച്ച് സ്ത്രീകൾക്ക് ഏറെ സന്തോഷം തരുന്നൊരു വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. കേരള കലാമണ്ഡലത്തിൽ ആർത്തവ അവധി പ്രഖ്യാപിച്ചിരിക്കുന്നു. വിദ്യാർത്ഥി യൂണിയന്റെ അപേക്ഷയിലാണ് നടപടി. ബിരുദ, ബിരുദാനന്തര ഗവേഷണ കോഴ്‌സുകളിലെ വിദ്യാർത്ഥികൾക്കാണ് അവധി നൽകുന്നത്. ആർത്തവ അവധി ഉൾപ്പെടെ വിദ്യാർഥിനികൾക്ക് വേണ്ട ഹാജർ 73 ശതമാനമായി കുറയ്ക്കുകയും ചെയ്തു.

ഇന്ത്യന്‍ കമ്പനികളായ സൊമാറ്റോ,ബൈജൂസ്, സ്വിഗ്ഗി,മാഗ്സ്റ്റർ, ഇൻഡസ്ട്രി, എആർസി, ഫ്‌ളൈമൈബിസ്, ഗോസൂപ്പ് തുടങ്ങി രാജ്യത്തെ ഒരു കൂട്ടം സ്ഥാപനങ്ങൾ ശമ്പളത്തോട് കൂടിയ ആർത്തവ അവധി സ്ത്രീകള്‍ക്ക് നല്‍കുന്നുണ്ട്. ബിഹാറാണ് ആര്‍ത്തവ അവധി നല്‍കുന്ന ഇന്ത്യയിലെ ഏക സംസ്ഥാനം.

Read also: തിരക്ക് കാരണം വീർപ്പുമുട്ടുന്ന ലോക നഗരങ്ങൾ; ആദ്യ പത്തിൽ രണ്ട് ഇന്ത്യൻ ന​ഗരങ്ങളും

നേരത്തെ കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ വിദ്യാർഥിനികൾക്കും ആർത്തവ അവധി അനുവദിച്ചിരുന്നു. ഓരോ സെമസ്റ്ററിലും 2 ശതമാനം അധിക അവധിയാണ് വിദ്യാർഥികൾക്ക് ലഭിക്കുക. സർവകലാശാലയിലെ എസ്.എഫ്‌.ഐ യൂണിറ്റ് നൽകിയ നിവേദനത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു രജിസ്ട്രാറുടെ തീരുമാനം.

ഒരു സ്ത്രീ മാനസികവും ശാരീരികവുമായി വിവിധ തരത്തിലുള്ള ബുദ്ധിമുട്ടുകൾ നേരിടുന്ന സമയമാണ് ആർത്തവ കാലം. അതുകൊണ്ട് തന്നെ, വിശ്രമവും അനിവാര്യമാണ്. പലർക്കും വിശ്രമം ലഭിക്കാറില്ല എന്ന് മാത്രമല്ല മനസിനെയും ശരീരത്തെയും വെല്ലുവിളിക്കുന്ന പല ജോലികളും ചെയ്യേണ്ടതായും വരാറുണ്ട്. വരും നാളുകളിൽ കൂടുതൽ വിദ്യാഭ്യാസ, തൊഴിൽ മേഖലകൾ ഇത്തരം നടപടികൾ സ്വീകരിക്കട്ടെ എന്നും നമുക്ക് പ്രതീക്ഷിക്കാം.

Story highlights: Kerala Kalamandalam announces Menstrual Leave