വീട്ടിലിരുന്ന് കൂടുതൽ പണം സമ്പാദിക്കാം എന്ന് പറഞ്ഞുള്ള വ്യാജ ജോലി വാഗ്ദാനങ്ങൾക്കെതിരെ മുന്നറിയിപ്പുമായി കേരള പൊലീസ്
സമൂഹമാധ്യമങ്ങൾ മിഥ്യാലോകം കൂടിയാണ് എന്ന സത്യം പലപ്പോഴും മറന്നുപോകുന്നവരുണ്ട്. പ്രമുഖരുടെ മരണ വാർത്തകൾ, തെറ്റായ പേടിപ്പെടുത്തുന്ന സന്ദേശങ്ങൾ, മറ്റുള്ളവരുടെ മുഖങ്ങളിൽ കബളിപ്പിക്കൽ നടത്തുന്നവർ എന്നിങ്ങനെയുള്ള തെറ്റിദ്ധരിപ്പിക്കുന്നതും ചതിയിലേക്ക് തള്ളിയിടുന്നതുമായ ധാരാളം സംഭവങ്ങളും വാർത്തകളും പോസ്റ്റുകളുമെല്ലാം ദൈനംദിനം നമ്മൾ കാണാറുണ്ട്. എന്നാൽ, അടുത്തിടെയായി കണ്ടുവരുന്ന ഒന്നാണ് ജോലി വാഗ്ദാനങ്ങൾ. നിരവധി ആളുകൾക്ക് മികച്ച ജോലികൾ സമ്മാനിച്ചിട്ടുള്ള പോസ്റ്റുകൾ ഉണ്ടായിട്ടുള്ളതിനാൽ ഇതിലെ വ്യാജന്മാരെ തിരിച്ചറിയുന്നത് പ്രയാസകരമാണ്.
മാത്രമല്ല, വളരെ കാലമായി ഒരു ജോലിക്ക് വേണ്ടി തേടുന്ന നിരവധി ആളുകളെ ലക്ഷ്യമിട്ട് ഇങ്ങനെയുള്ള വ്യാജന്മാർ സോഷ്യൽ മീഡിയ കീഴടക്കുകയാണ്. പ്രധാനമായും വീട്ടമ്മമാരെ ലക്ഷ്യംവെച്ച് വീട്ടിലിരുന്ന് ജോലി ചെയ്യാം എന്ന വാഗ്ദാനങ്ങൾ ഇപ്പോൾ സജീവമായിട്ടുണ്ട്. ഇതിനു പിന്നാലെ അന്ധമായി പോയി ചതിവും ധാരാളം ധനനഷ്ടവും ഉണ്ടായ ആളുകളുടെ അനുഭവവും ദിനേന കേൾക്കാകാൻ സാധിക്കും. എങ്ങനെ ഈ ചതിക്കുഴികളിൽ വീഴാതിരിക്കാം? അല്ലെങ്കിൽ അബദ്ധമായി എന്ന തിരിച്ചറിഞ്ഞാലുടൻ എന്താണ് സ്വീകരിക്കേണ്ട നടപടി? ഇപ്പോഴിതാ, കേരള പൊലീസ് വിശദമായ ഒരു കുറിപ്പിലൂടെ ഇത്തരം തട്ടിപ്പുകാർക്കെതിരെ രംഗത്ത് വന്നിരിക്കുകയാണ്.
കുറിപ്പ്;
വീട്ടിലിരുന്ന് കൂടുതൽ പണം സമ്പാദിക്കാം എന്ന് പറഞ്ഞുള്ള വ്യാജ ജോലി വാഗ്ദാനങ്ങളോട് ശ്രദ്ധാപൂർവം പ്രതികരിക്കുക. സാമൂഹിക മാധ്യമങ്ങൾ വഴിയാണ് കൂടുതലും തട്ടിപ്പുകാർ ഓൺലൈൻ ജോലി വാഗ്ദാനം ചെയ്യുന്നത്. മൊബൈലിലേക്ക് സന്ദേശങ്ങൾ അയച്ചാണ് തട്ടിപ്പിന്റെ തുടക്കം.
തുടക്കത്തിൽ ചെറിയ ടാസ്ക് നൽകിയത് പൂർത്തീകരിച്ചാൽ പണം നൽകും എന്ന് പറയുകയും ടാസ്‌ക് പൂർത്തീകരിച്ചുകഴിഞ്ഞാൽ തുടർന്ന് പങ്കെടുക്കാൻ കൂടുതൽ പണം ചോദിക്കുകയും ചെയ്യുന്നു. ടാസ്‌ക് പൂർത്തീകരിച്ചാലും പണം തിരികെ നൽകാതിരിക്കുന്നതാണ് തട്ടിപ്പിന്റെ രീതി. ഈ സമയത്തിനുള്ളിൽ തന്നെ വലിയൊരു തുക തട്ടിപ്പുകാർ കൈക്കലാക്കിയിരിക്കും.
ഓൺലൈൻ സാമ്പത്തികത്തട്ടിപ്പിനിരയായാൽ ഒരുമണിക്കൂറിനകം [ GOLDEN HOUR ] തന്നെ വിവരം 1930 ൽ അറിയിക്കുക. എത്രയും നേരത്തെ റിപ്പോർട്ട് ചെയ്താൽ തട്ടിപ്പിന് ഇരയായ വ്യക്തിക്ക് നഷ്ടപ്പെട്ട തുക തിരിച്ചു ലഭിക്കാനുള്ള സാധ്യത കൂടുതലാണ്. www cybercrime gov.in എന്ന വെബ്‌സൈറ്റിലും പരാതി രജിസ്റ്റർ ചെയ്യാവുന്നതാണ്.
Story highlights- kerala police against online money fraud case