വേർപാടിന്റെ രണ്ടുവർഷങ്ങൾ; കെപിഎസി ലളിതയ്ക്ക് ഓർമ്മപ്പൂക്കൾ അർപ്പിച്ച് സിനിമാലോകം

February 22, 2024

മലയാളത്തിന് അനശ്വരമായ ഒട്ടേറെ കഥാപാത്രങ്ങളെ സമ്മാനിച്ച നടിയാണ് കെപിഎസി ലളിത. വിടപറഞ്ഞിട്ടും അനശ്വര നടിയുടെ ഓർമ്മകൾ അവസാനിക്കുന്നില്ല. 74 വയസിൽ കൊച്ചിയിലെ വസതിയിൽ വെച്ചായിരുന്നു കെപിഎസി ലളിത വിടപറഞ്ഞത്. വിവിധ ഭാവങ്ങളിലും വികാരങ്ങളിലുമുള്ള ഒട്ടേറെ കഥാപാത്രങ്ങളെയാണ് അനശ്വര കലാകാരി മലയാളത്തിന് സമ്മാനിച്ചത്. ഓർമ്മകളിലേക്ക് മറഞ്ഞിട്ട് രണ്ടുവർഷങ്ങൾ പിന്നിടുകയാണ്. ഈ വേളയിൽ കെപിഎസി ലളിതയ്ക്ക് ഓർമ്മപ്പൂക്കൾ അർപ്പിക്കുകയാണ് സിനിമാലോകം.

മോഹൻലാൽ, മമ്മൂട്ടി എന്നിവർ തങ്ങളുടെ സമൂഹ മാധ്യമ അക്കൗണ്ടുകളിൽ പ്രിയ കലാകാരിയുടെ ഓർമ്മ പങ്കുവെച്ചു. മകൻ സിദ്ധാർഥ് ഭരതനും അമ്മയുടെ ഓർമ്മകൾ പങ്കുവെച്ചിട്ടുണ്ട്. ‘ഈ ദിവസത്തിൽ മാത്രമല്ല അമ്മയെ മിസ് ചെയ്യുന്നത്’ എന്ന ക്യാപ്ഷനൊപ്പം ഓർമ്മ ചിത്രങ്ങൾ സിദ്ധാർഥ് പങ്കുവെച്ചിരിക്കുന്നു.

2022 ഫെബ്രുവരിയിലായിരുന്നു കെപിഎസി ലളിത അന്തരിച്ചത്. ഏറെ നാളമായി അസുഖബാധിതയായിരുന്ന കെപിഎസി ലളിത ഒട്ടേറെ മികച്ച കഥാപാത്രങ്ങളും സിനിമകളും ഓര്‍മയില്‍ ബാക്കിയാക്കിയാണ് യാത്രയായിരിക്കുന്നത്. കെപിഎസി ലളിതയുടേതായി ‘ഭീഷ്‍മ പര്‍വം’, ‘ഒരുത്തീ’ എന്നീ ചിത്രങ്ങളാണ് മരണശേഷം റിലീസ് ചെയ്തത്. മരണം വരെ അഭിനയിക്കുക എന്നതായിരുന്നു മലയാളത്തിന്റെ എക്കാലത്തെയും മികച്ച നടിയുടെ ആഗ്രഹം.

Read also: വീട്ടിലിരുന്ന് കൂടുതൽ പണം സമ്പാദിക്കാം എന്ന് പറഞ്ഞുള്ള വ്യാജ ജോലി വാഗ്ദാനങ്ങൾക്കെതിരെ മുന്നറിയിപ്പുമായി കേരള പൊലീസ്

വടക്കാഞ്ചേരിയിലെ എങ്കക്കാട്ടെ വീട്ടുവളപ്പിലാണ് കെപിഎസി ലളിത അന്ത്യവിശ്രമം കൊള്ളുന്നത്. രണ്ട് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ നേടിയ നടിയാണ് കെപിഎസി ലളിത- 1999-ൽ അമരം, 2000-ൽ ശാന്തം എന്നീ ചിത്രങ്ങളിലെ അഭിനയത്തിനാണ് അവാർഡുകൾ നേടിയത്. നാല് കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകളും ലഭിച്ചു. അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട കരിയറിൽ കെപിഎസി ലളിത മലയാളത്തിലും തമിഴിലുമായി 550-ലധികം ചിത്രങ്ങളിൽ അഭിനയിച്ചു. അന്തരിച്ച മലയാള ചലച്ചിത്രകാരൻ ഭരതനെയാണ് കെപിഎസി ലളിത വിവാഹം കഴിച്ചത്.

Story highlights- kpac lalitha’s second death anniversary