‘മലൈക്കോട്ടൈ വാലിബന്’; പേരിന് പിന്നിലെ സസ്പെൻസ് പൊളിച്ച് എൽജെപി!
അടുത്ത കാലത്ത് മലയാള സിനിമയിൽ ഏറ്റവും കൂടുതൽ ചർച്ചയായ ചിത്രമാണ് ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത മലൈക്കോട്ടൈ വാലിബന്. തുടങ്ങിയ ചർച്ചകളാകട്ടെ ഇന്നുവരെ അവസാനിച്ചിട്ടുമില്ല. ചിത്രത്തെ വിമർശിച്ചും പുകഴ്ത്തിയും നിരവധി പ്രതികരണങ്ങളാണ് റിലീസ് മുതൽ പുറത്തെത്തുന്നത്. വിശദീകരണങ്ങളും പ്രതികരണങ്ങളുമായി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയും രംഗത്തെത്തിയിരുന്നു. (Lijo Jose reveals the origin of the movie name ‘Malaikottai Vaaliban’)
ഇപ്പോഴിതാ, ചിത്രവുമായി ബന്ധപ്പെട്ട പ്രധാന വിവരങ്ങളിൽ ഒന്ന് പങ്കുവെച്ചിരിക്കുകയാണ് അദ്ദേഹം. 2022 മുതൽ സിനിമാ ലോകത്ത് മുഴങ്ങി കേൾക്കുന്ന ‘മലൈക്കോട്ടൈ വാലിബന്’ എന്ന ചിത്രത്തിന്റെ പേരിന്റെ ഉറവിടം വിശദീകരിക്കുകയാണ് ലിജോ. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇതേക്കുറിച്ച് പറഞ്ഞത്.
‘മലൈക്കള്ളന്‍’, ‘വഞ്ചിക്കോട്ടൈ വാലിബന്’ എന്നീ രണ്ട് തമിഴ് ചിത്രങ്ങളുടെ പേരുകൾ ജോജിപ്പിച്ചാണ് ‘മലൈക്കോട്ടൈ വാലിബന്’ എന്ന പേരിൽ വന്നെത്തിയതെന്ന് ലിജോ പറയുന്നു. അമർ ചിത്ര കഥയിലും മറ്റും അത്തരം ഗാംഭീര്യമുള്ള പേരുകൾ നമ്മൾ കേട്ടിട്ടുണ്ടാകും. കേട്ടാൽ തന്നെ കഥാനായകൻ എന്ന് തോന്നുന്ന പേര് തന്നെ വേണമെന്ന് തനിക്ക് ഉണ്ടായിരുന്നു എന്ന് ലിജോ പറയുന്നു. തച്ചോളി അമ്പു, തച്ചോളി ഒതേനൻ തുടങ്ങിയ പേരുകളൊക്കെ അവയ്ക്ക് ഉദാഹരണങ്ങളാണ്.
Read also: “നമ്മുടെ കാഴ്ച്ച മറ്റൊരാളുടെ കണ്ണിലൂടെ ആകരുത്”; വാലിബൻ ചർച്ചകളിൽ എൽജെപി പറയുന്നത്!
നായകൻറെ പേരിനൊപ്പം അല്പം ഘനമുള്ള മറ്റൊരു പേര് എന്നാതായിരുന്നു തന്റെ മനസ്സിൽ. ‘മലൈക്കോട്ടൈ’ എന്ന് കേൾക്കുമ്പോൾ തന്നെ കടുപ്പമുള്ള എന്തോ എന്ന് തോന്നൽ ആളുകളിൽ ഉണ്ടാകുമെന്നും ലിജോ പറഞ്ഞു. എംജിആര്‍ നായകനായി 1954 ല്‍ പുറത്തിറങ്ങിയ തമിഴ് ആക്ഷന്‍ ചിത്രമാണ് മലൈക്കള്ളന്‍. ജെമിനി ഗണേശന് നായകനായി 1958 ല്‍ പുറത്തെത്തിയ ചിത്രമായിരുന്നു വഞ്ചിക്കോട്ടൈ വാലിബന്.
ലിജോയുടെ കരിയറിലെ ഏറ്റവും വലിയ ക്യാൻവാസിൽ ഒരുങ്ങിയ ചിത്രമാണ് വാലിബൻ. അതേസമയം മുൻപ് ഉയർന്ന് വന്ന വിമർശനങ്ങൾക്കിടയിൽ ലിജോ തൻ്റെ അഭിപ്രായം അറിയിക്കുകയും ചെയ്തിരുന്നു. അമർ ചിത്ര കഥാ സ്വഭാവമുള്ള ഒരു യോദ്ധാവിന്റെ യാത്രയാണ് ചിത്രം പിന്തുടരുന്നതെന്നും ആരംഭം മുതൽ അവസാനം വരെ ഒരേ വേഗതയിൽ സഞ്ചരിക്കുന്ന ഒരു ചിത്രമല്ല വാലിബൻ എന്നുമാണ് ലിജോ പറഞ്ഞത്.
Story highlights: Lijo Jose reveals the origin of the movie name ‘Malaikottai Vaaliban’