“അടുക്കളത്തോട്ടം ആനന്ദം, ആദായം, ആഹാരം, ആരോഗ്യം”; കുളപ്പടവിനെ കൃഷിയിടമാക്കിയ സിദ്ദിഖ്!
സ്വന്തം വീട്ടുവളപ്പിൽ ഒരു കൃഷി തോട്ടം എന്നത് കാലങ്ങളായി നമ്മൾ വളർത്തിക്കൊണ്ട് വരുന്ന ഒരു ആശയമാണ്. എന്നാൽ ഇത് എത്രത്തോളം പ്രാവർത്തികമാക്കാൻ കഴിയുന്നുണ്ട്? പലരുടെയും പ്രധാന പ്രശ്നം കൃഷി ചെയ്യാൻ മതിയായ ഇടമില്ല എന്നതാണ്. എന്നാൽ ആവശ്യമെങ്കിൽ എവിടെയും കൃഷി ചെയ്യാം എന്ന് തെളിയിക്കുകയാണ് കോഴിക്കോട് തിരുവണ്ണൂരിലെ വാഴയിൽ സിദ്ദിഖ്. (Man does farming along the shore of a pond)
തിരുവണ്ണൂരിൽ സ്റ്റേഷനറി കട നടത്തുന്ന സിദ്ദിഖ് തൻ്റെ തിരക്കിനിടയിലെ ഒഴിവ് സമയങ്ങൾ ചിലവഴിക്കുന്നത് കൃഷിയിടത്താണ്. പ്രശസ്തമായ തിരുവണ്ണൂർ സുബ്രമണ്യ സ്വാമി ക്ഷേത്രത്തിന്റെ സമീപമുള്ള കുളക്കരയിൽ രണ്ട് വർഷം മുൻപാണ് സിദ്ദിഖ് കൃഷി ആരംഭിച്ചത്. കുളത്തിന്റെ ചുറ്റുമുള്ള പടവുകളിലും കുളത്തിലേക്ക് ഇറക്കി കെട്ടിയ പടവുകളിലുമാണ് സിദ്ദിഖ് കൃഷി ചെയ്യുന്നത്.
ഗ്രോ ബാഗുകളിലും ചട്ടികളിലുമാണ് കൃഷി ചെയ്യുന്നത്. വെണ്ട, തക്കാളി, വഴുതന, പച്ചമുളക് എന്നിവയെലാം കൃഷി ചെയ്യുന്നുണ്ടെങ്കിലും വ്ളാത്താങ്കര ചീരയാണ് പ്രധാന കൃഷി വിഭവം. ഓൺലൈനിലൂടെ ചീര വിത്ത് വരുത്തിയാണ് സിദ്ദിഖ് കൃഷി ആരംഭിച്ചത്. ഒരു വർഷത്തോളം ചീര വിളവെടുക്കാം എന്നതാണ് ഇവയുടെ പ്രത്യേകത. ഇതുവരെ ചീര തന്നെ ചതിച്ചിട്ടില്ലെന്നും സിദ്ദിഖ് പറയുന്നു.
Read also: ഇവിടെ എല്ലാം എക്സ്ട്രാ ലാർജാണ്; കൂറ്റൻ പച്ചക്കറികൾ മാത്രം വിളവെടുക്കുന്ന 79-കാരൻ!
“അടുക്കളത്തോട്ടം ആനന്ദം, ആദായം, ആഹാരം, ആരോഗ്യം” എന്ന ആശയമാണ് കുളക്കടവിലെ കൃഷിയിലൂടെ സിദ്ദിഖ് മുന്നോട്ട് വെയ്ക്കുന്നത്. ഒന്നിനും സമയമില്ലാതെ സമ്മർദ്ദത്തിൽ മുങ്ങി ജീവിക്കുന്നവർക്ക് ആശ്വാസം കണ്ടെത്താൻ ഏറ്റവും മികച്ച മേഖല കൃഷിയാണെന്ന് സിദ്ദിഖ് പറയുന്നു. മാത്രമല്ല, കൃഷി ചെയ്യാൻ ഏക്കറുകൾ നീളുന്ന ഭൂമിയുടെ ആവശ്യമില്ലെന്നും തൻ്റെ ജീവിതത്തിലൂടെ തെളിയിക്കുകയാണ് അദ്ദേഹം.
Story highlights: Man does farming along the shore of a pond