സ്പ്രേ പെയിന്റിനൊപ്പം തീപ്രയോഗം: ചിത്രകാരന്റെ ക്യാൻവാസായി മാറി മാക്ബുക്ക്!
പലപ്പോഴും യാത്രകൾ പോകുമ്പോൾ തെരുവോരങ്ങളിൽ ചിത്രകാരന്മാരെ കണ്ടിട്ടില്ലേ? സഞ്ചാരികളുടെയും സന്ദർശകരുടേയുമൊക്കെ ചിത്രങ്ങൾ അവർ അനായാസം വരച്ച് തീർക്കാറുണ്ട്. പക്ഷെ അവർ സാധാരണയായി ചിത്രം വരയ്ക്കുന്നത് പേപ്പറിലോ ഒരു വിശാലമായ ക്യാൻവാസിലോ ആയിരിക്കും. എന്നാൽ തീർത്തും വ്യത്യസ്തമായ ക്യാൻവാസിൽ അതിവ്യത്യസ്തമായി ചിത്രം വരച്ച് ശ്രദ്ധ നേടുകയാണ് ഒരു ചിത്രകാരൻ. (Man paints on Macbook using spray paint and fire)
റോമിലെ ഒരു തെരുവിൽ ഇരുന്ന് ചിത്രം വരയ്ക്കുന്ന കലാകാരന്റെ വിഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. ചിത്രകാരന്റ ആയുധങ്ങളാകട്ടെ സ്പ്രേ പെയിന്റും, വിവിധ മോഡലുകളും, തീയും. ഇനി ക്യാൻവാസ് എന്തെന്ന് കേട്ടാൽ നിങ്ങളുടെ കണ്ണ് തള്ളി പോകും. മാക്ബുക്കിലാണ് അയാൾ തൻ്റെ കരവിരുത് പരീക്ഷിക്കുന്നത്.
പാരീഖ് ജെയിൻ എന്നയാൾ എക്ക്സിൽ പങ്കുവെച്ച വിഡിയോ ആരംഭിക്കുമ്പോൾ തന്നെ ചിത്രകാരനെ കാണാൻ സാധിക്കും. ലാപ്ടോപ്പ് പെയിന്റ് ചെയ്ത് തരുമോ എന്നും കൊളോസിയത്തിന്റെ ചിത്രം വരച്ച് തരണമെന്നും ഒരാൾ ചോദിക്കുന്നുണ്ട്. ചെയ്ത് തരാം എന്ന് പറഞ്ഞ് ചിത്രകാരൻ ലാപ്റ്റോപ്പ് വാങ്ങുകയും ചെയ്യുന്നു. പിന്നീടുള്ള അഞ്ച് മിനിറ്റ് കാണികൾക്ക് ഒരു വിരുന്ന് തന്നെയാണ്.
A man let this street artist spray paint his laptop. Talent!
— Pareekh Jain (@pareekhjain) January 28, 2024
This was filmed in Rome, Italy, next to the Colosseum.#EIIRInteresting #engineering #art #talent
Credit: Unknown, ViaWeb pic.twitter.com/BL2pz2c7CX
അതിശയിപ്പിക്കും വിധം മനോഹരമായാണ് അയാൾ സ്പ്രേ പെയിന്റ് ഉപയോഗിച്ച് ലാപ്ടോപ്പിൽ ചിത്രം വരയ്ക്കുന്നത്. ലാപ്പിന് മുകളിലായി ചില മാതൃകകൾ വെച്ച് ഇടയ്ക്ക് ഇടയ്ക്ക് അയാൾ പെയിന്റ് അടിക്കുന്നുണ്ട്. മേമ്പൊടിയായി അടിക്കടി തീപ്രയോഗവും. നിമിഷങ്ങൾക്കുള്ളിൽ മാക്ബുക്കിൽ തെളിഞ്ഞ് വന്നത് ഫോട്ടോഫിനിഷിങ് ഉള്ള റോമിലെ കൊളോസിയത്തിന്റെ ചിത്രം.
വിഡിയോ കണ്ടവരെല്ലാം ചിത്രകാരനെയും വരച്ച ചിത്രത്തെയും പുകഴ്ത്തി അഭിപ്രായങ്ങൾ അറിയിച്ചിട്ടുണ്ട്. എന്നാൽ മറുവശത്ത്, തീപ്രയോഗം മൂലം മാക്ബുക്കിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ടോ എന്ന ആശങ്കയും ചിലർ തുറന്ന് പറഞ്ഞു.
Story highlights: Man paints on Macbook using spray paint and fire