‘വല്ലാത്തൊരു എക്സ്പീരിയൻസായിരിക്കും..’; കാട്ടാനയുടെ ആക്രമണത്തിൽ നിന്നും യാത്രക്കാരുടെ അത്ഭുത രക്ഷപ്പെടൽ

February 1, 2024

‘മസിനഗുഡി വഴി ഊട്ടിയിലേക്കൊരു യാത്ര’, സോഷ്യല്‍ മീഡിയയില്‍ എവിടെ നോക്കിയാലും ഈ ഡയലോഗായിരുന്നു. ഊട്ടി യാത്രയെക്കുറിച്ച് ഒരു ട്രാവല്‍ വ്ലോഗറുടെ വിഡിയോയില്‍ നിന്നാണ് ഇതിന്റെ തുടക്കം. ഈ വാക്കുകൾ കേട്ട് കിട്ടുന്ന വാഹനങ്ങളിലൊക്കെ ഊട്ടിയിലേക്ക് വച്ചുപിടിച്ചവരും നിരവധിയാണ്. മുതുമല ബന്ദിപ്പൂർ വനമേഖലയിലൂടെയുള്ള ഈ യാത്രയിൽ അപകടങ്ങൾ പതിയിരിക്കുന്നത്. എന്നാൽ എല്ലാ വിനോദ സഞ്ചാരികളു അക്കാര്യത്തിലൊന്നും ബോധവൻമാരായിരിക്കില്ല. ഏത് നിമിഷവും കാട്ടാന അടക്കമുള്ള വന്യമൃ​ഗങ്ങളിൽ നിന്നുള്ള ആക്രമണത്തിന് സാധ്യതയുണ്ട. അത്തരത്തിലൊരു യാത്രക്കിടയിലെ ഞെട്ടിപ്പിക്കുന്ന ദൃശ്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. ( Tourists escaped from wild elephant attack Muthanga Wayanad )

വയനാട് മുത്തങ്ങ-ബന്ദിപൂര്‍ ദേശീയപാതയില്‍ കാറില്‍ നിന്നിറങ്ങി ദൃശ്യം പകര്‍ത്തുന്നതിനിടെ കാട്ടാനയുടെ ആക്രമണത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെടുന്ന യാത്രക്കാരുടെ ദൃശ്യങ്ങളാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. തലപ്പുഴ കണ്ണോത്തുമല സ്വദേശി സവാദ് ആണ് ഈ ദൃശ്യം പകര്‍ത്തിയത്. വനംവകുപ്പിന്റെ നിര്‍ദേശങ്ങള്‍ അവഗണിച്ചാണ് വനപാതയില്‍ വാഹനത്തില്‍ നിന്നിറങ്ങുന്നത്. ബോധവല്‍ക്കരണത്തിന്റെ ഭാഗമായാണ് ദൃശ്യം പുറത്തുവിട്ടതെന്ന് സവാദ് 24 ന്യൂസിനോട് പറഞ്ഞു.

ഖത്തറില്‍ ഐടി എഞ്ചിനീയറായ സവാദ് അവധിക്കായി നാട്ടിലെത്തിയതായിരുന്നു. ജനുവരി 31-ന് കുടുംബത്തോടൊപ്പം മസിനഗുഡി വഴി ഊട്ടിയിലേക്ക് പോവുകയായിരുന്നു. ഇതിനിടയിലാണ് ഈ കാഴ്ച കണ്ടത്. ഗുണ്ടല്‍പ്പേട്ട് ഭാഗത്തേക്ക് പോയിരുന്ന കാറില്‍ നിന്ന് രണ്ട് പേര്‍ ഇറങ്ങി ആനകളുടെ ദൃശ്യം പകര്‍ത്തുകയായിരുന്നു. കൂട്ടത്തില്‍ നിന്ന് ഒരുപിടിയാന പൊടുന്നനെ പാഞ്ഞെത്തി. ഓടുന്നതിനിടെ ഒരാള്‍ നിലത്ത് വീണു. ആനയുടെ ചവിട്ടേൽക്കാതെ അത്ഭുതകരമായാണ് രക്ഷപെട്ടത്.

Read Also : അച്ഛന്റെ ക്യാമറയ്ക്ക് മുന്നിൽ ചുവടുവെച്ച് വേദക്കുട്ടി- വിഡിയോ

ആന്ധ്രപ്രദേശ് സ്വദേശികളാണെന്ന് സംശയമുണ്ട്. വനപാതയില്‍ ഇറങ്ങി ദൃശ്യം പകര്‍ത്തുന്നത് അപകടങ്ങള്‍ ക്ഷണിച്ചുവരുത്തുമെന്ന വനംവകുപ്പിന്റെ മുന്നറിയിപ്പ് അവഗണിച്ച് പലരും ഇത്തരം സാഹസിക പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. ദൃശ്യങ്ങള്‍ വഴി ലഭ്യമാകുന്ന വാഹനങ്ങളുടെ നമ്പറുകള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയ ശേഷം വനംവകുപ്പ് കേസെടുക്കാറുമുണ്ട്. നേരത്തെയും സമാനമായ സംഭവങ്ങള്‍ ഉണ്ടായത് ശ്രദ്ധയില്‍പ്പെട്ടതിനാൽ കാനനപാതയില്‍ സഞ്ചരിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട മുന്‍കരുതലുകളെക്കുറിച്ച് ബോധവല്‍ക്കരണമെന്ന നിലയിലാണ് ദൃശ്യം പുറത്തുവിട്ടതെന്ന് സവാദ് വ്യക്തമാക്കി.

Story highlights : Tourists escaped from wild elephant attack Muthanga Wayanad