നൂറ്റാണ്ടുകളോളം തലയെടുപ്പും പ്രതാപവും കാത്തുസൂക്ഷിച്ചു; ഒടുവിൽ തകർന്ന് മണ്ണടിയേണ്ടി വന്ന അതിഗംഭീര കോട്ടയുടെ കഥ
വളരെ മനോഹരമായ കലാസൃഷ്ടികളാണ് ഓരോ കോട്ടകളും കൊട്ടാരങ്ങളും. നൂറ്റാണ്ടുകൾക്ക് മുൻപ് നിർമിച്ച കോട്ടകൊത്തളങ്ങൾ പോലും ഒരു പൊട്ടുപോലും വീഴാതെ ഒരു കാലഘട്ടത്തിന്റെ പ്രതീകമായി നിലനിർത്താറുണ്ട് ഓരോ രാജ്യവും. എന്നാൽ, അത്തരമൊരു ഭാഗ്യം ലഭിക്കാതെ പോയ എന്നാൽ അതിമനോഹരമായൊരു കോട്ടയാണ് മിറാൻഡ. പത്തൊൻപതാം നൂറ്റാണ്ടിലെ ഒരു നവ ഗോഥിക് ഘടനയായ മിറാൻഡ മറ്റു ചരിത്ര പ്രതീകങ്ങളെ അപേക്ഷിച്ച് ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു. ഒടുവിൽ തകർത്തുകളയേണ്ടി വന്ന ആ കോട്ടയ്ക്ക് കഥകളേറെയുണ്ട് പറയാൻ..
ലോകമഹായുദ്ധവുമായി പോലും ബന്ധമുണ്ടായിരുന്ന കോട്ട ഇന്ന് ജീർണ്ണാവസ്ഥയിലാണ്. അതുകൊണ്ട് തന്നെ ആത്മാക്കളുടെ ഭവനമെന്ന പേരും മിറാൻഡ നേടി. 1991 -ൽ ഉപേക്ഷിക്കപ്പെട്ട ഈ കൂറ്റൻ കെട്ടിടം ഇപ്പോൾ ശൂന്യമായ അവസ്ഥയിലാണ്. മനോഹരമായ പച്ചപ്പിൽ ബെൽജിയത്തിലെ സെല്ലസ് പ്രവിശ്യയായ ആർഡെൻസ് പ്രദേശത്ത്മി റാൻഡ മനോഹരമായ ഒരു കോട്ടയായി പണിതുയർത്തുകയായിരുന്നു. കോട്ടയുടെ മുകളിൽ നിന്നുള്ള കാഴ്ചയും കോട്ടയുടെ ആകാശക്കാഴ്ചയും ആരെയും അമ്പരപ്പിക്കുന്നതാണ്. നമ്മെ അതിശയിപ്പിക്കുന്നതുമാണ്.
ഡിസ്നി സിനിമകളിലെ കോട്ടയെ അനുസ്മരിപ്പിക്കുന്ന മിറാൻഡയുടെ ചരിത്രവും വ്യത്യസ്തമാണ്. ഫ്രഞ്ച് വിപ്ലവത്തിനിടെയാണ് കൗണ്ട് ലീഡെകെർകെ ബ്യൂഫോർട്ടും കുടുംബവും നഗരത്തിൽ നിന്നും മിറാൻഡ കോട്ടയിലേക്ക് എത്തിയത്. നിരവധി കനോണിക്കൽ മേൽക്കൂരകളും ടവറുകളുമുള്ള ഈ കോട്ടയിൽ ഏകദേശം 500 ജാലകങ്ങളുണ്ട്. ഈ ഘടനയ്ക്ക് പിന്നിൽ വാസ്തുശില്പി എഡ്വേർഡ് മിൽനർ ആയിരുന്നു. ഘടന പൂർണ്ണമായും നിർമ്മിക്കുന്നതിനുമുമ്പ് അദ്ദേഹം മരിച്ചതോടെ ഫ്രഞ്ച് ആർക്കിടെക്റ്റായ പെൽച്നർ ഈ കെട്ടിടം പൂർത്തിയാക്കി. 1903 ൽ 183 അടി ഉയരമുള്ള മനോഹരമായ ക്ലോക്ക് ടവറും ഇവിടെ നിർമ്മിച്ചു. ഒടുവിൽ 1907 ലാണ് കോട്ട പണി പൂർത്തിയാക്കിയത്. ഒരു വേനൽക്കാല വസതിയായിരുന്നു അന്ന് കോട്ട.
രണ്ടാം ലോകമഹായുദ്ധസമയത്ത്, ജർമ്മൻകാർ കോട്ട ഏറ്റെടുത്തു. പിന്നീട് 1944 -ൽ ബൾജ് യുദ്ധത്തിൽ, 40 ദിവസം വസ്തുവിന്റെ ഉടമസ്ഥാവകാശത്തിനായി ഒരു പോരാട്ടം നടന്നു. പിന്നീട് 1950 ൽ, കോട്ട 20 വർഷത്തേക്ക് ഒരു അനാഥാലയമായി മാറി. ബെൽജിയത്തിലെ നാഷണൽ റെയിൽവേ കമ്പനിയാണ് ഇത് ഏറ്റെടുത്തത്. അനാരോഗ്യത്താൽ ബുദ്ധിമുട്ടുന്ന കുട്ടികൾക്കുള്ള ഒരു അവധിക്കാല വസതി ഇവിടെയായിരുന്നു പ്രവർത്തിച്ചത്. 1991 മുതൽ കോട്ടയുടെ ഉടമകൾ വസ്തു വിൽക്കുന്നതിനും ഒരു പൈതൃക ഹോട്ടലാക്കി മാറ്റുന്നതിനും ഒരു നിക്ഷേപകനെ കണ്ടെത്താൻ ശ്രമിച്ചു. എന്നാൽ ഈ ഗംഭീര ഘടന പുതുക്കിപ്പണിയാൻ ധാരാളം ചിലവുള്ളതുകൊണ്ട് ആരെയും ലഭിച്ചില്ല.
Read also: റാംപ് വാക്കിനിടെ ഇടറിവീണു; ആത്മവിശ്വാസം കൈവിടാതെ എഴുന്നേറ്റ് ഷോ തുടർന്ന് കുഞ്ഞ് മിടുക്കി- വിഡിയോ
അതോടെ 1991 മുതൽ ഈ കോട്ട ഉപേക്ഷിക്കപ്പെട്ട നിലയിലാണ്. ഇത്രയും വലിയ കെട്ടിടം നോക്കിനടത്താനും പ്രയാസമായതോടെ ഉപേക്ഷിക്കപെടുകയായിരുന്നു. എന്നിരുന്നാലും കൗതുകരമായ ഒരു വസ്തുത മിറാൻഡയെ സംബന്ധിച്ച് ഉണ്ട്. അതാണ് വർഷങ്ങളേറെയായി നിലനിൽക്കുന്ന ക്ലോക്ക് ടവർ. നൂറ്റാണ്ടുകൾ പിന്നിട്ടിട്ടും ഈ ക്ളോക്ക് പ്രവർത്തിക്കുന്നുണ്ടായിരുന്നു. അതേസമയം, ആരും നോക്കി നടത്താൻ ഇല്ലാതെ 2017ൽ ഈ കോട്ട പൂർണ്ണമായും തകർത്തു കളഞ്ഞു. ഇന്നവിടെ കോട്ടയുടെ അവശിഷ്ടങ്ങൾ മാത്രമാണുള്ളത്..
Story highlights- miranda castle story