10 വർഷങ്ങൾക്ക് ശേഷവും പലരും എന്നെ പൂജ എന്നാണ് വിളിക്കുന്നത്; ‘ഓം ശാന്തി ഓശാന’യുടെ ഓർമകളുമായി നസ്രിയ..!

February 8, 2024

2014-ല്‍ മലയാളി പ്രേക്ഷകര്‍ക്കിടയില്‍ തരംഗമായി മാറിയ ഒരു കൊച്ച് സിനിമയായിരുന്നു ഓം ശാന്തി ഓശാന. നസ്രിയ നസിം കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രത്തില്‍ നിവിന്‍ പോളിയുടെ നായക കഥാപാത്രവും അതിഥി വേഷത്തിലെത്തുന്ന വിനീത് ശ്രീനിവാസന്റെ റോളും മികച്ച പ്രതികരണമാണ് നേടിയത്. തൊണ്ണൂറുകളില്‍ ജനിച്ച ഒരു പെണ്‍കുട്ടിയുടെ കഥ നര്‍മ്മത്തില്‍ ചാലിച്ചുകൊണ്ട് പ്രേക്ഷകരിലേക്ക് എത്തിക്കുകയായിരുന്നു. പ്ലസ് ടു വിദ്യാര്‍ഥിനിയായ പൂജയുടെ ജീവിതമാണ് ചിത്രം. ( Nazriya Nazim celebrates 10 years of Om Shanti Oshana )

2018 എന്ന സൂപ്പര്‍ഹിറ്റ് മലയാളിക്ക് സമ്മാനിച്ച ജൂഡ് ആന്തണിയുടെ ആദ്യ സംവിധാന സംരംഭകം ഒപ്പം മിഥുന്‍ മാനുവല്‍ തോമസ് എന്ന എഴുത്തുകാരനെയും മലയാള സിനിമയ്ക്ക് ലഭിച്ച ചിത്രമായിരുന്നു ഓം ശാന്തി ഓശാന. അനന്യ ഫിലിംസിന്റെ ബാനറില്‍ അല്‍വിന്‍ ആന്റണിയായിരുന്നു ചിത്രം നിര്‍മിച്ചത്. തിരക്കഥാകൃത്തായ രഞ്ജി പണിക്കര്‍ തനിക്ക് അഭിനയവും വഴങ്ങുമെന്ന് പ്രേക്ഷകര്‍ക്ക് കാണിച്ചുകൊടുത്ത സിനിമ കൂടിയാണിത്.

Read Also : ‘മഞ്ഞുമ്മലിൽ നിന്നും കൊടൈക്കനാലിലേക്ക്’; ആവേശഭരിതമായ കഥയുമായി ‘മഞ്ഞുമ്മൽ ബോയ്സ്’!

ഇപ്പോള്‍ ചിത്രം പുറത്തിറങ്ങി 10 വര്‍ഷം പൂര്‍ത്തിയായ വേളയില്‍ ചിത്രീകരണസമയത്തെ ഓര്‍മകളുമായി എത്തിയിരിക്കുകയാണ് നടി നസ്രിയ. ഇന്‍സ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് നസ്രിയ ഇക്കാര്യം പ്രേക്ഷകരെ അറിയിച്ചത്. ‘പത്ത് വര്‍ഷം മുമ്പാണ് ഓം ശാന്തി ഓശാന റിലീസ് ചെയ്യന്നത്. ആ സിനിമയ്ക്ക് ശേഷം പലരും എന്നെ ഇപ്പോഴും പൂജ എന്നാണ് വിളിക്കുന്നത്. അത് ഇപ്പോഴും എന്നെ ഞെട്ടിക്കുന്ന കാര്യമാണ്. വെറുമൊരു ഇഷ്ടം എന്നതിലുപരി അവള്‍ എല്ലാവര്‍ക്കും ഒരു റൗഡി പെണ്‍കുട്ടിയായിരുന്നു. എന്നിലും പൂജയിലും അവളുടെ സ്‌നേഹത്തിലും വിശ്വാസമര്‍പ്പിച്ച എല്ലാവര്‍ക്കും നന്ദി. ചിത്രത്തിന്റെ പോസ്റ്റര്‍ പങ്കുവച്ചുകൊണ്ട് നസ്രിയ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.

Story highlights : Nazriya Nazim celebrates 10 years of Om Shanti Oshana