‘വിലമതിക്കാനാകാത്ത സൗഹൃദം’; വയോധികയ്ക്ക് അവസാന നാളുകളിൽ തുണയായത് അയൽവാസി!
വയസ്സായാൽ തങ്ങൾ എല്ലാവർക്കും ഒരു ബാധ്യതയാണെന്ന് പ്രായമുള്ളവർ പറയുന്നത് കേട്ടിട്ടില്ലേ? കാലം അത് സത്യമാണെന്ന് തെളിയിക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ നന്മയുടെ വെളിച്ചം ലോകത്തിൽ നിന്ന് അത്ര പെട്ടന്നൊന്നും അപ്രത്യക്ഷമാകില്ല. അതിനുള്ള ഏറ്റവും മികച്ച തെളിവാണ് അമേരിക്കയിൽ നടന്ന ഈ സംഭവം. കഥ അൽപ്പം പഴയതാണ്, എന്നാൽ പ്രസക്തി ഒട്ടും തന്നെ കുറഞ്ഞിട്ടില്ല. (Neighbour nurses 89 year old till her last breath)
വെസ്റ്റ് ഹോളിവുഡ് അപ്പാർട്ട്മെൻ്റ് സമുച്ചയത്തിൽ താമസിക്കുമ്പോഴാണ് നടനും ഗായകനുമായ ക്രിസ് സാൽവറ്റോറും, 89 കാരിയായ നോർമ കുക്കും കണ്ടുമുട്ടുന്നത്. അയൽവാസിയായ 31-കാരൻ സാൽവറ്റോർ ഒരിക്കൽ നടന്നുപോകുമ്പോൾ നോർമ കൈകാട്ടി വിളിച്ചു. അതോടെയാണ് അവരുടെ സൗഹൃദം ആരംഭിക്കുന്നത്.
പലപ്പോഴും നോർമ പറയുന്നത് സാൽവറ്റോറിന് മനസിലാവുക പോലുമില്ല. കാരണം, രോഗം അവരെ വല്ലാതെ അവശയാക്കിയിരുന്നു. എന്നാലും സാൽവറ്റോറിന് എന്നും സഹായം തേടാനുള്ള ഇടമായിരുന്നു നോർമ. മനസിന് ഏറെ ദുഖമുള്ള സമയങ്ങളിൽ സാൽവറ്റോർ നോർമയുടെ അരികിലേക്ക് ചെല്ലും. എല്ലാ വിഷമങ്ങളും ക്ഷമയോടെ കേട്ട് ഉടനടി ആശ്വസിപ്പിക്കാനും നോർമയ്ക്ക് നന്നായി അറിയാം.
Read also: ‘കണ്ണായി ഞാനുണ്ട് കണ്മണി’; സ്ക്വിഡിന് വഴികാട്ടിയായി ഇനിയെന്നും പെൻഗ്വിൻ!
പിന്നിട്ട വഴികളിലെ അനുഭവങ്ങളിലൂടെയും അറിവിലൂടെയും ഏത് പ്രശ്നത്തിലായാലും സാൽവറ്റോറിനെ പുറത്ത് കൊണ്ടുവരാൻ നോർമയ്ക്ക് അനായാസം കഴിഞ്ഞു. സാൽവറ്റോറിന്റെ മനസ്സിൽ നോർമയ്ക്ക് എന്നും ഒരു മുത്തശ്ശിയുടെ സ്ഥാനമായിരുന്നു.
2016-ൽ, രക്താർബുദം ബാധിച്ച നോർമയ്ക്ക് ഏതാനും മാസങ്ങൾ മാത്രമേ ആയുസുള്ളൂ എന്ന് ഡോക്ടർമാർ വിധിയെഴുതി. നഴ്സിംഗ് ഹോമിൽ കഴിയാൻ താൽപ്പര്യമില്ലെങ്കിൽ 24 മണിക്കൂറും അവർക്ക് പരിചരണം ആവശ്യമാണെന്നും ഡോക്ടർമാർ പറഞ്ഞു. തൻ്റെ ഉറ്റസുഹൃത്തിനെ സഹായിക്കാൻ സാൽവറ്റോർ മുന്നിട്ടിറങ്ങിയത് അപ്പോഴാണ്.
നോർമയ്ക്ക് അടുത്ത് ബന്ധുക്കളൊന്നുമില്ലെന്ന് സാൽവറ്റോറിന് അറിയാമായിരുന്നു. മാത്രമല്ല, വീട്ടിൽ നിന്ന് മാറി നില്ക്കാൻ അവർക്ക് ഇഷ്ടമല്ലെന്നും സാൽവറ്റോറിന് ബോധ്യമായിരുന്നു. അതിനാൽ തൻ്റെ അയൽക്കാരിയെ പരിപാലിക്കുകയും അവളുടെ അവസാന നാളുകൾ സന്തോഷത്തോടെ ജീവിക്കാൻ സഹായിക്കുകയും ചെയ്യുക എന്നത് അയാൾ തൻ്റെ ദൗത്യമായി ഏറ്റെടുത്തു.
അങ്ങനെ നോർമ സാൽവറ്റോറിനൊപ്പം താമസം മാറി. അവൻ അവളുടെ പ്രാഥമിക പരിചാരകനായി മാറി. തനിച്ചായിരുന്ന സാൽവറ്റോറിനും അത് എന്തെന്നില്ലാത്ത സന്തോഷമായിരുന്നു. പാചകം ചെയ്തും, സംസാരിച്ചും കളിച്ചും ഇരുവരും ദിവസങ്ങൾ ചെലവഴിക്കും. രണ്ട് പേർക്കും ഒരു യൂട്യൂബ് ചാനലും സ്വന്തമായി ഉണ്ടായിരുന്നു.
നോർമയുടെ ഉറ്റസുഹൃത്തിൻ്റെ വേഷത്തിൽ നിന്ന് പ്രാഥമിക പരിചാരകനിലേക്ക് മാറുന്നത് ആ യുവാവിനെ സംബന്ധിച്ചിടത്തോള പ്രയാസകരമായ ഒരു മാറ്റമായിരുന്നു, എന്നാൽ അനുകമ്പ നിറഞ്ഞ ഹൃദയത്തോടെ തൻ്റെ കർത്തവ്യങ്ങൾ ചെയ്യാൻ അദ്ദേഹത്തിന് കഴിഞ്ഞു.
Read also: ‘അമ്മയ്ക്കൊരു ഉമ്മ തരാട്ടോ..’; അമ്മയുടെ കല്ലറയിലെത്തി കുരുന്ന്; കണ്ണുനിറയിപ്പിക്കുന്ന കാഴ്ച
അവളുടെ അവസാന മണിക്കൂറുകളിൽ അരികിൽ ഉണ്ടാകാൻ സാധിച്ചത് തൻ്റെ ഭാഗ്യമാണെന്ന് സാൽവറ്റോർ വിശ്വസിച്ചു. മറ്റുള്ളവരുടെ പോരാട്ടങ്ങളെ പിന്തുണയ്ക്കാനും മനസ്സിലാക്കാനും നമുക്കെല്ലാവർക്കും കഴിയണം. ഒരാളുടെ ജീവിതത്തിൽ വെളിച്ചമാകുന്നത് നമ്മുടെ സ്വന്തം പാതയെ പ്രകാശിപ്പിക്കുന്നുവെന്നും ശുദ്ധമായ സ്നേഹത്തേക്കാൾ ശക്തമായ മറ്റൊന്നില്ലെന്നും സാൽവറ്റോർ ഓർമ്മിപ്പിക്കുന്നു.
2017 ഫെബ്രുവരി 15-ന് നോർമ ലോകത്തോട് വിടപറഞ്ഞു. പോകുമ്പോൾ അവൾക്ക് യാത്ര പറയാൻ ഒരാൾ മാത്രമേ ഉണ്ടായിരുന്നുളളൂ. ജന്മം കൊണ്ട് ആരുമല്ലാതിരുന്നിട്ടും കർമം കൊണ്ട് എല്ലാമെല്ലാമായി മാറിയ സാൽവറ്റോർ. നോർമയോട് യാത്ര പറയുന്നത് സാൽവറ്റോറിനും തീരാ ദുഖമായിരുന്നു. പക്ഷെ വിടപറച്ചിലുകൾ അനിവാര്യമാണ്. അവർ ഒരുമിച്ച് പങ്കിട്ട നിമിഷങ്ങൾ അമൂല്യമാണെന്നും പ്രപഞ്ചത്തിലെ ഒരു ശക്തിക്കും അത് ഇല്ലാതാക്കാൻ കഴിയില്ലെന്നും അവനറിയാമായിരുന്നു.
പ്രായമായവരോട് അനുകമ്പ കാണിക്കേണ്ടതിൻ്റെയും വാർദ്ധക്യത്തിൽ ഒരാൾ പ്രതീക്ഷിക്കുന്ന പരിചരണം അവർക്ക് നല്കുന്നതിന്റെയും പ്രാധാന്യം ഈ കഥ തെളിയിക്കുന്നു. ഒരു സുഹൃത്തിനോടോ ബന്ധുവിനോടോ അല്ലെങ്കിൽ തികച്ചും അപരിചിതനായ ഒരാളോടോ നന്മ ചെയ്യാൻ ചെറു പ്രചോദനമെങ്കിലും ഇത് നൽകട്ടെ!
Story highlights: Neighbour nurses 89 year old till her last breath