“കദളി കൺകദളി ചെങ്കദളി പൂ വേണോ…”; ഇന്ത്യയുടെ വാനമ്പാടിയുടെ ഓർമകൾക്ക് 2 വയസ്!
“കദളി കൺകദളി ചെങ്കദളി പൂ വേണോ…” ഈ ഗാനം കേട്ടിട്ടില്ലാത്ത മലയാളികൾ വിരളമാണ്. പാട്ട് മാത്രമല്ല ആ പാട്ടിന് പിന്നിലെ ശബ്ദത്തെയും ലോകം ഒരിക്കലും മറക്കില്ല. പതിമൂന്നാം വയസ്സിൽ പിന്നണി ഗാനരംഗത്ത് ചുവട് വെച്ച ലത വിവിധ ഭാഷകളിലായി പാടിയത് മുപ്പത്തിനായിരത്തിലേറെ ഗാനങ്ങൾ. ഇന്ത്യൻ സിനിമ ചരിത്രത്തിനൊപ്പം സഞ്ചരിച്ച അതുല്യ പ്രതിഭയുടെ ഓർമകൾക്ക് ഇന്ന് രണ്ട് വയസ്. (Remembering Lata Mangeshkar on her second Death Anniversary)
മറാത്തി സംഗീതജ്ഞനും നാടക നടനുമായ പണ്ഡിത് ദീനനാഥ് മങ്കേഷ്കറുടെയും ഷെവന്തിയുടെയും മകളായി 1929- ലാണ് ലതയുടെ ജനനം. പിതാവിൽ നിന്ന് സംഗീതത്തിന്റെ ബാലപാഠങ്ങൾ പഠിച്ച ലത അഞ്ചാം വയസിൽ സംഗീത നാടകങ്ങളിൽ അഭിനയിക്കാൻ തുടങ്ങി. പതിമൂന്നാം വയസിൽ അച്ഛൻ മരിച്ചതോടെ കുടുംബം പുലർത്താൻ ലത സിനിമയിൽ അഭിനയിക്കാൻ തുടങ്ങി. എന്നാൽ പിന്നീട് അഭിനയം വിട്ട് സംഗീതത്തിൽ ചുവടുറപ്പിച്ചു.
Read also: ‘ഇന്ത്യയിൽ ഗ്രാമി പെയ്തിറങ്ങുകയാണ്’; അവാർഡ് ജേതാക്കൾക്ക് ആശംസകളുമായി എആർ റഹ്മാൻ
പിന്നീട് ഇന്ത്യ കീഴാക്കിയ ശബ്ദമായി ആ പ്രതിഭ വളർന്നു. ലോകത്തിൽ ഏറ്റവും കൂടുതൽ ഗാനം റെക്കോഡ് ചെയ്യപ്പെട്ടവരുടെ പട്ടികയിൽ ലതയുടെ പേര് മുന്നിൽ തന്നെയുണ്ട്. മജ്ബൂർ എന്ന ചിത്രത്തിലെ ‘മേരാ ദിൽ തോടാ’ എന്ന ഗാനമാണ് ലതയുടെ ജീവിതത്തിൽ വഴിത്തിരിവായത്.
കാലത്തെയും പ്രായത്തെയും മറികടന്ന സ്വരമാധുര്യത്തിന്റെ ഉടമയ്ക്ക് മറ്റാരെയും അനുകരിക്കുന്ന ശീലമുണ്ടായിരുന്നില്ല. തന്റേതായ തനത് ശൈലിയിൽ ലത ജി ശബ്ദമായി മാറിയത് ബോളിവുഡിലെ മുൻനിര നായികമാർക്കെല്ലാമാണ്. ഓരോ ഗാനവും ആലപിക്കുന്നതിന് മുൻപ് ലത അത് സ്വന്തം കൈപ്പടയിൽ എഴുതിയിരുന്നു. ‘ശ്രീ’ എന്ന് കടലാസിന് മുകളിലായി കുറിച്ചിട്ടാണ് ഗാനം എഴുതുക. ഒരിക്കലും മായാതെ ഓരോ ആരാധകർക്കുള്ളിലും ആ സ്വരമാധുരി ഇനിയും കാലങ്ങളോളം നിറഞ്ഞ് നിൽക്കും.
Story highlights: Remembering Lata Mangeshkar on her second Death Anniversary