22 വർഷങ്ങൾക്ക് മുൻപ് ഇരട്ടസഹോദരങ്ങൾക്കൊപ്പം തെരുവിലേക്ക്; ഇന്ന് ആശ്രയകേന്ദ്രത്തിൽ നിന്നും വിവാഹജീവിതത്തിലേക്ക് ചുവടുവെച്ച് സരസു
22 വർഷം മുന്പ് തെരുവിൽ ഇരട്ട സഹോദരങ്ങളെയും ചേർത്തുപിടിച്ച് നടന്നുപോയ പെൺകുട്ടിയുടെ ചിത്രം പത്രത്തിൽകണ്ടത് പലരും മറന്നിട്ടുണ്ടാകില്ല. അമ്മ ഭിക്ഷാടനം നടത്തിയായിരുന്നു സരസു എന്ന ആ പെൺകുട്ടിയെയും ഇരട്ട സഹോദരന്മാരെയും പരിപാലിച്ചിരുന്നത്. എന്നാൽ, മാനസിക വിഭ്രാന്തിയുള്ള അമ്മ കുട്ടികളുടെ മുന്നിൽവെച്ച് മണ്ണെണ്ണയൊഴിച്ച് ആത്മഹത്യാ ചെയ്തതോടെ വല്ലാത്തൊരു അവസ്ഥയിലായിപ്പോയി കുട്ടികൾ. അങ്ങനെ കൊട്ടാരക്കര ആശ്രയകേന്ദ്രത്തിന്റെ നടത്തിപ്പുകാരനായ കലയപുരം ജോസ്, ഭാര്യ മിനി എന്നിവർ കണ്ണൂരെത്തി കുട്ടികളെ ഇവിടേക്ക് എത്തിക്കുകയായിരുന്നു.
ആശ്രയയിലെ ആദ്യത്തെ മകളായിരുന്നു സരസു. ഇന്ന് അവൾ വിവാഹിതയാകുകയാണ്. കണ്ണൂർ സ്വദേശിയാണ് വരൻ. വളരെ സന്തോഷത്തോടെ എന്നാൽ നൊമ്പരത്തോടെയാണ് സരസുവിനെ ആശ്രയ കേന്ദ്രം യാത്രയാകുന്നത്. രെജിസ്റ്റർ ഓഫീസിൽ വെച്ച് സരസുവിന് മാലയിട്ട് നിതീഷ് ജോസഫ് പുതിയ ജീവിതയാത്രയ്ക്ക് തുടക്കമിട്ടിരിക്കുകയാണ്.
സരസുവിന്റെ ഇരട്ട സഹോദരങ്ങളും സജീവമായി സഹോദരിയുടെ വിവാഹ ചടങ്ങിൽ പങ്കെടുത്തു. കൊട്ടാരക്കര കളയപുരം സബ് രജിസ്റ്റർ ഓഫീസിൽവെച്ചായിരുന്നു വിവാഹം നടന്നത്. ജോസും മിനിയും സ്വന്തമാ മക്കളെക്കാൾ സ്നേഹത്തോടെയാണ് സരസുവിനെ വളർത്തിയത്. കുരുത്തക്കേടുകൾ കാണിച്ചിട്ടും എതിർത്ത് സംസാരിച്ചിട്ടും ഇരുവരും നുള്ളി നോവിച്ചിട്ടില്ലെന്ന് കണ്ണീരോടെ പറയുകയാണ് സരസു.
Story highlights- Sarasu the first kid of Ashraya Kendram got married