ഡെർമറ്റോമയോസിറ്റിസ്; സുഹാനിയുടെ മരണത്തിന് കാരണമായ അപൂർവരോഗം
ആമിർ ഖാൻ നായകനായി എത്തിയ ദംഗൽ എന്ന ബോളിവുഡ് ചിത്രത്തിൽ ബാലതാരമായി എത്തി ശ്രദ്ധനേടിയ താരമായിരുന്നു സുഹാനി ഭട്നാഗർ. സുഹാനിയുടെ മരണവാർത്ത ഞെട്ടലോടെയാണ് സിനിമ ലോകം ഏറ്റെടുത്തത്. ഇപ്പോൾ താരത്തിന്റെ മരണത്തിന് കാരണമായ രോഗത്തെ സംബന്ധിച്ച് വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് സുഹാനിയുടെ കുടുംബം. 19-കാരിയായ സുഹാനിക്ക് അപൂർവ രോഗമായ ഡെര്‍മറ്റോമയോസിറ്റിസ് ആയിരുന്നെന്നാണ് പറയുന്നത്. പേശികളുടെ ബലഹീനതയ്ക്ക് കാരണമാകുന്ന അപൂര്‍വ കോശജ്വലന രോഗമാണിത്. ( Suhani Bhatnagar family about cause of her death )
രണ്ടുമാസം മുമ്പാണ് ആദ്യമായി രോഗലക്ഷണങ്ങൾ പ്രകടമായത്. എന്നാല്‍ പത്തു ദിവസം മുമ്പാണ് രോഗം സ്ഥിരീകരിച്ചതെന്നും സുഹാനിയുടെ മതാവ് പൂജ ഭട്നാഗര്‍ പറഞ്ഞു. ‘രണ്ട് മാസം മുമ്പ് അവളുടെ കൈകളില്‍ ഒരു ചുവന്ന പാടുകളും നീരുമുണ്ടായിരുന്നു. ഇതിന് വിവിധ ആശുപത്രികളിലെ ഡോക്ടർമാരുടെ സേവനം തേടിയെങ്കിലും രോഗനിർണയം സാധ്യമായിരുന്നില്ല. ഇതിനിടയിൽ ആരോഗ്യനില വഷളായതോടെയാണ് ഡൽഹി എയിംസിൽ പ്രവേശിപ്പിച്ചത്. എന്നാല്‍ ആരോഗ്യനിലയില്‍ കാര്യമായ പുരോഗതി ഉണ്ടായില്ല. നീര് അടിഞ്ഞ് കൂടിയതും അണുബാധയും കാരണം ശ്വാസകോശത്തിന് കേടുപാടുകള്‍ സംഭവിച്ചു.’ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചെങ്കിലും പുരോഗതി ഉണ്ടായില്ലെന്ന് കുടുംബം പറഞ്ഞു. ഈ രോഗം ലോകത്ത് അഞ്ചോ ആറോ പേര്‍ക്കാണ് ബാധിച്ചിട്ടുള്ളതെന്നും ഇവര്‍ അവകാശപ്പെട്ടു.
വെൻ്റിലേഷന്റെ സഹായമുണ്ടായിട്ടും ശരീരത്തിലെ ഓക്സിജൻ നിലനിർത്താനായിരുന്നില്ല. സുഹാനിക്ക് നൽകിയ സ്റ്റിറോയിഡുകൾ രോഗപ്രതിരോധ സംവിധാനത്തെ ബാധിച്ചതും രോഗം മൂർച്ഛിക്കുന്നതിന് കാരണമായി. ഇതോടെയാണ് ഡെര്‍മറ്റോമയോസിറ്റിസ് എന്ന അപൂര്‍വ രോഗമാണ് മകളെ ബാധിച്ചതെന്ന് സ്ഥിരീകരിച്ചതെന്നും സുഹാനിയുടെ മാതാപിതാക്കൾ വ്യക്തമാക്കി.
Read Also: ‘ഭദ്ര’ ശാരീരിക വെല്ലുവിളിയെ ആത്മവിശ്വാസം കൊണ്ട് കീഴ്പ്പെടുത്തിയ എട്ടാം ക്ലാസുകാരി
‘സുഹാനിക്ക് വെൻ്റിലേറ്ററിന്റെ സഹായം നൽകിയ ശേഷവും ഓക്സിജൻ്റെ അളവ് തീരെ കുറവായിരുന്നുവെന്നും, വെന്റിലേറ്ററില്‍ തുടരവെ മരണത്തിന് കീഴടങ്ങുകയുമായിരുന്നു’ – എയിംസ് ആശുപത്രിയിലെ ഡോക്ടർമാർ പറഞ്ഞു.
Story highlights : Suhani Bhatnagar family about cause of her death