ആറാം വയസ്സിൽ ഗുരുതരമായ പൊള്ളൽ, ഇന്ന് അഗ്നിശമന സേനാംഗം; തീജ്വാലകളെ കീഴടക്കി ടെറിയുടെ അതിജീവനം!
ജീവിതകാലം മുഴുവൻ നമ്മളെ പിന്തുടരുന്ന ചില ഭയങ്ങളുണ്ട്. എത്ര ശ്രമിച്ചാലും അതിജീവിക്കാൻ കഴിയാത്ത ചിലത്. അത്തരം ഭയങ്ങളിൽ നിന്ന് ഓടിയൊളിക്കുകയാവും നമ്മുടെ മുന്നിൽ തെളിയുന്ന ഏക മാർഗം. എന്നാൽ നമ്മെ വേട്ടയാടുന്ന ഭയത്തെ അഭിമുഖീകരിക്കുക, അതിനെ അതിജീവിക്കുക, ധൈര്യമായി അതിനെ തോൽപ്പിക്കുക, ഇതൊക്കെ വീരകഥകളിൽ മാത്രമല്ല, യഥാർത്ഥ ജീവിതത്തിലും സാധ്യമാണ് എന്ന് തെളിയിക്കുകയാണ് ടെറി മക്കാർത്തി. (Terry’s Journey from a Burn Victim to Firefighter)
ആറാം വയസ്സിൽ ഉണ്ടായ ഒരു അപകടമാണ് ടെറിയുടെ ജീവിതം മാറ്റി മറിച്ചത്. ഒരു മണ്ണെണ്ണ വിളക്ക് അബദ്ധത്തിൽ ടെറിയുടെ ശരീരത്തേക്ക് പതിച്ചു. എന്നാൽ അതിന്റെ അനന്തരഫലം വിനാശകരമായിരുന്നു. ശരീരത്തിൻ്റെ 70 ശതമാനവും പൊള്ളലേറ്റ ടെറിയുടെ മുഖത്തും കൈകളിലും ആഴത്തിലുള്ള പാടുകളാണ് അവശേഷിച്ചത്. ശരീരത്തെ നുറുക്കുന്ന വേദനയ്ക്ക് മേൽ അവനെ തളർത്തിയത് കൂട്ടുകാരിൽ നിന്നുള്ള കളിയാക്കലുകളും പരിഹാസവുമായിരുന്നു.
വളർന്ന് വരുമ്പോൾ തീ എന്നത് തണുപ്പിൽ നിന്ന് രക്ഷ നേടാനുള്ള ഉപാധി മാത്രമായിരുന്നില്ല ടെറിക്ക്. ജീവിതത്തിൽ നടന്ന് നീങ്ങുന്ന ഓരോ വഴിയിലും അവനെ വേട്ടയാടിയ ഏറ്റവും വലിയ ഭയമായിരുന്നു. മനസിനും ശരീരത്തും മുറിവേറ്റ ടെറിക്ക് ആ നിർഭാഗ്യകരമായ ദിവസത്തിൽ തന്നെ കുടുങ്ങി കിടക്കുന്നത് പോലെ തോന്നി. ഒടുവിൽ ഭയം ശ്വാസം മുട്ടിക്കാൻ തുടങ്ങിയപ്പോൾ, തന്റെ ഭൂതകാലത്തിന്റെ ചങ്ങലകളിൽ നിന്ന് മോചനം നേടാൻ അവൻ തീരുമാനിച്ചു. ഒരു അഗ്നിശമന സേനാംഗമാകുന്നതിലൂടെ തൻ്റെ ഏറ്റവും വലിയ ഭയത്തെ നേരിടാൻ അവൻ തീരുമാനമെടുത്തു.
Read also: ഉടമസ്ഥർ ഉപേക്ഷിച്ചു; കാലുകൾ നഷ്ടപ്പെട്ട ഗ്രേസിക്ക് വീൽചെയർ നിർമ്മിച്ച് 12 വയസ്സുകാരൻ!
പന്ത്രണ്ട് ആഴ്ചത്തെ തീവ്ര പരിശീലനത്തിലൂടെയാണ് ടെറിയുടെ അതിജീവനത്തിന്റെ യാത്ര ആരംഭിച്ചത്. അയാളുടെ ശാരീരികവും വൈകാരികവുമായ പരിധികൾ പരീക്ഷിക്കപ്പെട്ട ദിവസങ്ങളായിരുന്നു അത്. കുട്ടിക്കാലത്തെ ആഘാതത്തിൻ്റെ ഓർമ്മകൾ അവനെ വിഴുങ്ങാനായി പിന്തുടരുന്ന നിഴലുകൾ പോലെയായിരുന്നു. എന്നിരുന്നാലും, ടെറിയുടെ ദൃഢനിശ്ചയം തകർക്കപ്പെടാതെ തുടർന്നു.
പരിശീലനത്തെ ഒരു തൊഴിൽ ഉപാധിയായല്ല, വർഷങ്ങളായി തൻ്റെ വേട്ടയാടുന്ന തീജ്വാലകൾക്കെതിരായ വ്യക്തിപരമായ പോരാട്ടമായാണ് അദ്ദേഹം കണ്ടത്. അത് ഒരു വഴിത്തിരിവായിരുന്നു. പ്രതികൂല സാഹചര്യങ്ങളുടെ മേൽ വിജയം വരിച്ചതോടെ ടെറി ഒരു പുതിയ മനുഷ്യനായി പിറവിയെടുത്തു. തീജ്വാലകളോട് പോരാടുമ്പോൾ, തൻ്റെ ഉള്ളിൽ ഉറങ്ങിയ ധൈര്യത്തേയും ശക്തിയെയും കൂടി ടെറി കണ്ടെത്തി.
അഗാധമായ ഭയങ്ങളെ മറികടക്കുന്നത് പലപ്പോഴും അസാധാരണമെന്ന് തോന്നുന്ന ലോകത്ത്, ടെറിയുടെ കഥ പ്രചോദനത്തിൻ്റെ ഒരു ഉത്തമ ഉദാഹരണമായി നിലകൊള്ളുന്നു. യഥാർത്ഥത്തിൽ, ജീവിതം ഫിക്ഷനേക്കാൾ അവിശ്വസനീയമാണെന്ന ഓർമപ്പെടുത്തൽ കൂടെയാണ് ടെറി.
Story highlights: Terry’s Journey from a Burn Victim to Firefighter