17 മാസങ്ങൾ നീണ്ട സഞ്ചാരം; ലോകം ഉറ്റുനോക്കിയ കാട്ടാനക്കൂട്ടത്തിന്റെ യാത്ര!

February 4, 2024

ഈ കഴിഞ്ഞ ദിവസങ്ങളിലായി ആനകളും ആനവാർത്തകളുമാണ് കണ്ണെത്തുന്നിടത്തെല്ലാം. ഒരു വശത്ത് ആന ഭീതി പടർത്തുമ്പോൾ മറു വശത്ത് അവയെ സംക്ഷിക്കണം എന്ന വലിയ ഉത്തരവാദിത്തവും അധികാരികൾക്ക് മേലുണ്ട്. കുറച്ച് വർഷങ്ങൾക്ക് മുൻപ് അത്തരത്തിൽ ലോകശ്രദ്ധ മുഴുവൻ പിടിച്ചു പറ്റിയ ഒരു കാട്ടാനക്കൂട്ടത്തിന്റെ യാത്രയുണ്ടായിരുന്നു. ചൈനയിൽ നിന്നുള്ള ഈ വാർത്ത ശ്രദ്ധേയമാകാൻ ചില കാരണങ്ങളുമുണ്ട്. (The Historic journey of Elephant troop in China)

2020 മാർച്ചിൽ തെക്കൻ ചൈനയിലെ യുനാൻ പ്രവിശ്യയിലെ സിഷുവാങ്ങ്‌ബന വനമേഖലയിൽ നിന്നാണ് കാട്ടാനക്കൂട്ടം യാത്ര തുടങ്ങിയത്. ജനവാസ മേഖലയിലൂടെയും കൃഷിത്തോട്ടങ്ങളിലൂടെയും കാട്ടാനക്കൂട്ടം യാത്ര ചെയ്തത് 17 മാസങ്ങളോളമാണ്. പ്രായപൂർത്തി എത്തിയ ആറ് പിടിയാനകളും, മൂന്ന് കൊമ്പന്മാരും ആറ് കുട്ടിയാനകളുമാണ് സംഘത്തിൽ ഉണ്ടായിരുന്നത്. കാട്ടാനക്കൂട്ടത്തിന്റെ യാത്രയ്ക്ക് തടസമുണ്ടാകാതിരിക്കാൻ ചൈനീസ് സർക്കാർ സ്വീകരിച്ചത് അസാധാരണ നടപടികളാണ്.

Read also: വേനൽ കനക്കുന്നു, നീലഗിരി വഴി കേരളത്തിലെ നിത്യഹരിത വനങ്ങളിലേക്ക് കടക്കുന്ന ആനക്കൂട്ടം- വീഡിയോ

ആനകളുടെ യാത്രാ പഥത്തിലുള്ള ഒന്നര ലക്ഷത്തിലേറെ ജങ്ങളെ സർക്കാർ കുടിയൊഴിപ്പിച്ചു. കൂടാതെ, അവയുടെ യാത്ര നിരീക്ഷിക്കാൻ കാൽ ലക്ഷത്തോളം പോലീസുകാരെ ചുമതലപ്പെടുത്തി. സഞ്ചാരപാതകളിലെ വൈദ്യുതി വിച്ഛേദിക്കുക എന്നതും അവരെടുത്ത നടപടികളിൽ ഒന്നായിരുന്നു. ആനകളെ സംരക്ഷിക്കാനും അവർ ജനവാസ മേഖലകളിൽ പ്രവേശിക്കാതിരിക്കാനും വേണ്ടി 20 ടണ്ണോളം പഴങ്ങളാണ് വഴിയിൽ വിതറിയത്.

കണക്കുകൾ അനുസരിച്ച്‌ അറുന്നൂറു കിലോമീറ്ററുകളോളം നീണ്ട ഈ യാത്രയിൽ ആനക്കൂട്ടം വരുത്തി വെച്ചത് ഏകദേശം 77 കോടി രൂപയുടെ നാശനഷ്ടങ്ങളായിരുന്നു. എന്നാൽ ആനകളെ എത്ര ശല്യം ചെയ്താലും അവയെ ഭയപ്പെടുത്തരുതെന്ന് വനംവകുപ്പ് ജനങ്ങളെ അറിയിച്ചിരുന്നു.

പതിനഞ്ച് കാട്ടാനകൾ ഉണ്ടായിരുന്നതിനാലും അക്കൂട്ടത്തിൽ രണ്ട് പേർ ഗർഭിണികൾ ആയിരുന്നതിനാലും മയക്കുവെടി വെയ്ക്കാൻ സർക്കാർ മുതിർന്നില്ല. സഹജീവി സ്നേഹത്തിന്റെ പ്രതീകമായി മാറിയ ലോകം മുഴുവൻ ഉറ്റുനോക്കിയ ഈ മനോഹര യാത്ര ചരിത്രത്തിൽ ഇടം പിടിച്ചതിൽ സംശയമില്ല.

Story highlights: The Historic journey of Elephant troop in China