വേനൽ കനക്കുന്നു, നീലഗിരി വഴി കേരളത്തിലെ നിത്യഹരിത വനങ്ങളിലേക്ക് കടക്കുന്ന ആനക്കൂട്ടം- വീഡിയോ

February 2, 2024

കാലാവസ്ഥയിലെ മാറ്റം പലപ്പോഴും മൃഗങ്ങളെ അവയുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി മെച്ചപ്പെട്ട കാലാവസ്ഥയുള്ള പ്രദേശങ്ങളിലേക്ക് കുടിയേറുന്നതിനായി പ്രേരിപ്പിക്കാറുണ്ട്. അത്തരത്തില്‍ വിവിധ പക്ഷികളും മൃഗങ്ങളുമെല്ലാം ദേശാടനം നടത്തുന്നതായി നമുക്ക് അറിയാം. അടുത്തിടെ ഐഎഎസ് ഓഫിസര്‍ സുപ്രിയ സാഹു നീലഗിരി മലനിരകളിലെ ആനക്കൂട്ടം കേരളത്തിലേക്ക് കുടിയേറാന്‍ തുടങ്ങുന്ന ഒരു വീഡിയോ പങ്കിട്ടു. നീലഗിരി കുന്നുകളിലെ തേയില തോട്ടം വളരെ അച്ചടക്കത്തോടെ ഒന്നിന് പിറകെ ഒന്നായി മുറിച്ചുകടക്കുന്നതാണ് വീഡിയോയിലുള്ളത്. ( Elephants entering Kerala via Nilgiris when summer begins )

‘ആനകളുടെ മനോഹരമായ ഒരു കുടുംബം നീലഗിരിയിലെവിടെയോ തങ്ങളുടെ കുഞ്ഞുങ്ങളുമായി നടന്നുനീങ്ങുന്നു. പശ്ചിമഘട്ടത്തിന്റെ ഈ മേഖലയില്‍ വേനല്‍ കനത്തതോടെ കര്‍ണാടകയിലെയും തമിഴ്നാട്ടിലെയും ഇലപൊഴിയും വനങ്ങളില്‍ നിന്ന് കേരളത്തിലെ ഈര്‍പ്പമുള്ള നിത്യഹരിത വനങ്ങളിലേക്കുള്ള ആനകളുടെ വാര്‍ഷിക കുടിയേറ്റ സീസണ്‍ ആരംഭിച്ചിരിക്കുകയാണ്. തമിഴ്‌നാട് ഫോറസ്റ്റ് ഡിഎഫ്ഒ പങ്കുവച്ച വീഡിയോ ആണിത്’. ആനകളുടെ വീഡിയോ പങ്കുവച്ചുകൊണ്ട് സുപ്രിയ സാഹൂ എക്‌സില്‍ കുറിച്ചു.

കേരളത്തില്‍ വേനല്‍ക്കാലം ആരംഭിക്കുന്നതോടെ കര്‍ണാടകയില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നും ആനകളുടെ വാര്‍ഷിക കുടിയേറ്റത്തിന് തുടക്കമാകും. ഇരുസംസ്ഥാനങ്ങളിലേയും ഇല പൊഴിയുന്ന കാടുകളില്‍ നിന്ന് കേരളത്തിലെ ഈര്‍പ്പമുള്ള വനങ്ങളിലേക്കുള്ള യാത്രയാണത്. വീഡിയോ പങ്കുവച്ചതിന് പിന്നാലെ നിരവധി ഉപയോക്താക്കളാണ് പ്രതികരണവുമായി എത്തിയത്.

മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ ഒഴിവാക്കാനായി ആനകള്‍ക്ക് കടന്നുപോകാന്‍ ആനത്താരകളുണ്ടെന്ന് ഉറപ്പാക്കാന്‍ തേയില തോട്ടമുടകള്‍ ശ്രദ്ധിക്കണമെന്നാണ് ഒരാള്‍ പ്രതികരിച്ചത്. ആനകളുടെ കുടിയേറ്റം അവിശ്വസനീയമാണ്, കാരണം ദിവസവും തുടര്‍ച്ചയായി നിരവധി കിലോമീറ്ററുകളാണ് വനത്തിലൂടെ നടക്കുന്നത്. ചില കാലാവസ്ഥകളില്‍ ഭക്ഷണവും വെള്ളവും കണ്ടെത്താന്‍ ശരിയായ സ്ഥലങ്ങളിലേക്ക് കുടിയേറാനുള്ള ആനകളുടെ സ്വതസിദ്ധമായ ബുദ്ധിയെയാണ് ഇത് സൂചിപ്പിക്കുന്നതെന്നാണ് ഒരാള്‍ കുറിച്ചത്.

Read Also : ‘ഹാവൂ ആശ്വാസമായി’; അമ്മയുടെ കൈകളിലുറങ്ങുന്ന കുട്ടിക്കൊമ്പന്റെ വൈറൽ ചിത്രം!

സംസ്ഥാന പരിസ്ഥിതി, വനം സെക്രട്ടറി സുപ്രിയ സാഹു നേരത്തെ പങ്കുവച്ച ഒരു വീഡിയോയും ചിത്രങ്ങളും വൈറലായിരുന്നു. അമ്മയ്ക്കൊപ്പം സുഖമായി ഉച്ചമയക്കകത്തില്‍ മുഴുകിയ ഒരു കുട്ടിക്കൊമ്പന്റെ ചിത്രമായിരുന്നുവത്. ആനക്കൂട്ടത്തില്‍ നിന്നും വേര്‍പെട്ട രീതിയില്‍ കണ്ടെത്തിയതായിരുന്നു ഈ കുട്ടിയാന. എന്നാല്‍ പെട്ടെന്ന് തന്നെ ഈ ആനക്കൂട്ടത്തെ കണ്ടെത്തി കുട്ടിയാനയെ വിട്ടയച്ച ശേഷമുള്ളതായിരുന്നും ആ ചിത്രം.

Story highlights : Elephants entering Kerala via Nilgiris when summer begins