‘അസമിന്റെ സിംഗം’; പദവിയൊഴിഞ്ഞ് സാമൂഹിക സേവനത്തിനിറങ്ങിയ ഐപിഎസുകാരൻ!

February 14, 2024

ഒരു ഐപിഎസ് ഓഫീസർ ആകുക എന്നത് പലരുടെയും സ്വപ്നമാണ്. ലക്ഷക്കണക്കിന് യു.പി.എസ്.സി ഉദ്യോഗാർത്ഥികളാണ് ഓരോ വർഷവും സിവിൽ സർവീസ് പരീക്ഷ എഴുതുന്നത്. എന്നാൽ അവരിൽ നൂറ് പേർ മാത്രമാണ് ലക്ഷ്യത്തിലെത്തുന്നത്. സിവിൽ സർവീസിൽ ഇത്രയും കടുത്ത മത്സരം ഉണ്ടായിരുന്നിട്ടും, പല ഐ.പി.എസുകാരും സിവിൽ സർവീസുകാരും ജോലിയിൽ നിന്ന് വിരമിച്ച് വേറൊരു വഴി തെരഞ്ഞെടുക്കുന്നത്. അക്കൂട്ടരിൽ ഒരാളാണ് ആനന്ദ് മിശ്ര ഐപിഎസ്. (The IPS officer who resigned work for social service)

സാമൂഹിക സേവനത്തിനും വ്യക്തിസ്വാതന്ത്ര്യത്തിനും വേണ്ടി അർപ്പിതമായ ജീവിതത്തിനായി തൻ്റെ പദവി രാജിവയ്ക്കാനുള്ള തീരുമാനത്തിലൂടെയാണ് ആനന്ദ് മിശ്ര അടുത്തിടെ വാർത്തകളിൽ ഇടം നേടിയത്. ആസാം-മേഘാലയ കേഡറിൽ നിന്നുള്ള ഓഫീസറായ ആനന്ദ് മിശ്ര, 2010-ലെ യുപിഎസ്‌സി സിഎസ്ഇ പരീക്ഷയില്‍ അഖിലേന്ത്യാ തലത്തില്‍ 225ാം റാങ്ക് നേടിയാണ് ഇന്ത്യന്‍ പോലീസ് സര്‍വീസില്‍ പ്രവേശിച്ചത്. ക്രമസമാധാനം പാലിക്കുന്നതിലുള്ള പ്രതിബദ്ധതയ്ക്ക് തൻ്റെ കരിയറിൽ ഉടനീളം അദ്ദേഹം അംഗീകാരങ്ങൾ നേടി.

ബിഹാറിൽ നിന്നുള്ള മിശ്ര കൊൽക്കത്തയിൽ നിന്നാണ് സ്‌കൂൾ വിദ്യാഭ്യാസവും കോളേജ് വിദ്യാഭ്യാസവും പൂർത്തിയാക്കിയത്. ജോലിയുടെ തുടക്കകാലത്ത് 2005 മുതൽ 2010 വരെ പശ്ചിമ ബംഗാൾ സിവിൽ സർവീസിലാണ് മിശ്ര സേവനമനുഷ്ഠിച്ചത്.

Read also: ആറാം വയസ്സിൽ ഗുരുതരമായ പൊള്ളൽ, ഇന്ന് അഗ്നിശമന സേനാംഗം; തീജ്വാലകളെ കീഴടക്കി ടെറിയുടെ അതിജീവനം!

പിന്നീടുള്ള വർഷങ്ങളിൽ മിശ്ര അസമിലെ ലഖിംപൂർ ജില്ലയിൽ പോലീസ് സൂപ്രണ്ട് സ്ഥാനം വഹിച്ചു. തുടർന്ന്, മണിപ്പൂരിലെ അക്രമ സംഭവങ്ങൾ അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തെ (എസ്ഐടി) സഹായിക്കാൻ മിശ്രയെ ചുമതലപ്പെടുത്തി. സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധേയനായ അദ്ദേഹത്തിന് ‘അസമിൻ്റെ സിംഗം’ എന്ന വിളിപ്പേരുമുണ്ട്.

തൻ്റെ ഐപിഎസ് ഉത്തരവാദിത്തങ്ങളുടെ പരിധിക്കപ്പുറം വ്യക്തിപരവും സാമൂഹികവുമായ ദൗത്യങ്ങൾ പൂർത്തീകരിക്കാൻ താൻ ആഗ്രഹിക്കുന്നുവെന്ന് അസം സർക്കാർ ചീഫ് സെക്രട്ടറിക്ക് അയച്ച രാജിക്കത്തിൽ മിശ്ര വ്യക്തമാക്കി.

“യൂണിഫോം എൻ്റെ ആദ്യത്തേയും അവസാനത്തേയും പ്രണയമാണ്. ഈ 12 വർഷങ്ങൾ ഞാൻ ജനസേവനത്തിനായി നീക്കിവച്ചു. എന്നാൽ അത്തരമൊരു ജോലിയിൽ തുടരുമ്പോൾ പാലിക്കേണ്ട ചില പെരുമാറ്റച്ചട്ടങ്ങൾ ഉണ്ട് എന്നതാണ് വാസ്തവം. എൻ്റെ സ്വദേശമായ ബീഹാറിലെ ജനങ്ങളുടെ ഉന്നമനത്തിനായി പ്രവർത്തിക്കുക എന്നതാണ് എൻ്റെ സ്വപ്നം. അത് സേവനത്തിന് പുറത്ത് നിന്നാൽ മാത്രമേ എനിക്ക് ചെയ്യാൻ കഴിയൂ.” ആനന്ദ് മിശ്ര പറഞ്ഞു.

തന്റെ ജന്മദേശമായ ബീഹാർ പുരോഗതിയുടെ കാര്യത്തിൽ പിന്നോക്കം നിൽക്കുന്നു എന്നും അവിടുത്തെ ജനങ്ങളുട ഉന്നമനത്തിനായി തൻ്റെ സേവനം ആവശ്യമുണ്ടെന്നും മിശ്ര പറയുന്നു. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ തൻ്റെ മാതൃക ആരും സ്വീകരിക്കരുതെന്നും ഓരോരുത്തരും തങ്ങളുടെ സ്വപ്നങ്ങളയെയാണ് പിന്തുടരേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

Story highlights: The IPS officer who resigned work for social service