സമ്മാനങ്ങളോ, ആശംസകളോ നൽകില്ല.. ഈ രാജ്യങ്ങളിൽ വാലെന്റൈൻസ് ഡേ ആഘോഷമില്ല..!
വാലന്റൈൻസ് ഡേ! പ്രണയം പറയാൻ കാത്തിരിക്കുന്നവർക്കും പ്രണയിക്കുന്നവർക്കും മനസിൽ പ്രണയം സൂക്ഷിക്കുന്നവർക്കുമെല്ലാം പ്രിയപ്പെട്ട ദിനമാണ് ഫെബ്രുവരി 14. പ്രണയ ദിനത്തിന് ഏഴ് ദിവസം മുമ്പുതന്നെ ആഘോഷങ്ങൾ ആരംഭിക്കുന്നതാണ് പതിവുരീതി. എന്നാൽ ഇതിൽ നിന്നെല്ലാം വ്യത്യസ്തമായി ആഘോഷങ്ങളൊന്നുമില്ലാതെ ഒരു സാധാരണദിവസമായി വാലന്റൈൻസ് ദിനം കടന്നുപോകുന്ന ചില രാജ്യങ്ങളുണ്ട്. ( These countries have banned valentines’s day )
ഏഷ്യൻ രാജ്യമായ ഇറാനാണ് ഈ പട്ടികയിൽ മുന്നിലുള്ളത്. വാലന്റൈൻസ് ദിന ചിഹ്നങ്ങൾ, കടകളിലെ പ്രത്യേക വിൽപന വസ്തുക്കൾ തുടങ്ങി പ്രണയദിനത്തെ അനുസ്മരിപ്പിക്കുന്ന തരത്തിലുള്ള എല്ലാ വിധ പ്രവർത്തനങ്ങൾക്കും രാജ്യത്ത് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. 2009 മുതലാണ് ഇറാനിൽ വാലന്റൈൻസ് ദിനത്തിന് നിരോധനമേർപ്പെടുത്തിയത്.
2016-ൽ അന്നത്തെ പ്രസിഡന്റായിരുന്ന മംനൂൺ ഹുസൈനാണ് പാകിസ്ഥാൻ പൗരന്മാരോട് വാലന്റൈൻസ് ദിനാഘോഷത്തിൽ നിന്ന് വിട്ട് നിൽക്കാൻ പറഞ്ഞത്. പൊതുനിരത്തിൽ വാലന്റൈൻസ് ദിനത്തിന്റെ യാതൊരു വിധത്തിലുള്ള അടയാളങ്ങളും അന്നേ ദിവസങ്ങളിൽ പാടില്ലെന്നതാണ് നിയമം. 2018 ഫെബ്രുവരി 7-ന് ഇസ്ലാമാബാദ് ഹൈക്കോടതി വാലൻ്റൈൻസ് ഡേ ആഘോഷം നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്.
ഇന്തോനേഷ്യയിൽ വാലന്റൈൻസ് ഡേ വിലക്കിക്കൊണ്ട് നിയമമൊന്നും ഇല്ലെങ്കിലും ചില പ്രദേശങ്ങളിൽ വാലന്റൈൻസ് ഡേയോ അതുമായി ബന്ധപ്പെട്ട വസ്തുക്കളുടെ വിൽപനയോ പ്രോത്സാഹിപ്പിക്കാറില്ല. 2005 ലാണ് മലേഷ്യയിലെ ഫത്വ കൗൺസിൽ വാലന്റൈൻസ് ദിനത്തിനെതിരെ ഫത്വ പുറപ്പെടുവിച്ചത്. 2011 ൽ വാലന്റൈൻസ് ദിനം ആഘോഷിക്കുന്നവരെ അറസ്റ്റ് ചെയ്ത് നീക്കിയതായി വാർത്തകൾ ഉണ്ടായിരുന്നു.
2012 വരെ ഉസ്ബെക്കിസ്ഥാനിൽ വാലന്റൈൻസ് ഡേ ആചരിക്കുന്നതിൽ പ്രശ്നമുണ്ടായിരുന്നില്ല. എന്നാൽ പിന്നീട് വാലന്റൈൻസ് ഡേക്ക് പകരം അന്ന് രാജ്യത്തിന്റെ വീരനേതാവായ ബാബറിന്റെ ജന്മദിനം ആഘോഷിക്കണമെന്ന് അധികൃതർ അറിയിച്ചു. രാജ്യത്ത് വാലന്റൈൻസ് ഡേ ആചരിക്കുന്നത് ഇതുവരെ നിയമപരമായി നിരോധിച്ചിട്ടില്ല.
Read Also : ഫെബ്രുവരി 14ന് പിന്നിലുണ്ട്, പ്രണയമില്ലാത്ത വാലെന്റൈൻസ് ദിനത്തിന്റെ ചരിത്രം
സൗദി അറേബ്യയിലും വാലന്റൈൻസ് ദിനാഘോഷങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയിരുന്നു. പൊതുനിരത്തിൽ സമ്മാനങ്ങൾ കൈമാറുകയോ, വാലന്റൈൻസ് ദിനം ആഘോഷിക്കുകയോ ചെയ്താൽ അറസ്റ്റ് ഉൾപ്പെടെയുള്ള ശിക്ഷാ നടപടികളാണ് കൈക്കൊണ്ടിരുന്നത്. എന്നാൽ 2018 ൽ ഈ നിയമത്തിന് അയവ് വന്നു. വാലന്റൈൻസ് ദിനം മനുഷ്യ ബന്ധങ്ങൾ ഊട്ടിയുറപ്പിക്കുന്നതിന്റെ നല്ല നീക്കമായി ഷെയ്ഖ് അഹമ്മദ് ഖാസിം അൽ ഖംദി വിലയിരുത്തിയതോടെ രാജ്യത്ത് വാലന്റൈൻസ് ദിനാഘോഷങ്ങൾക്കുള്ള വിലക്കും നീങ്ങി. പിന്നീട് 2019 ലാണ് സൗദിയിൽ ആദ്യമായി വാലന്റൈൻസ് ദിനം ആഘോഷിച്ച് തുടങ്ങിയത്.
Story highlights : These countries have banned valentines’s day