‘സിനിമയിലും അവന്റെ അപ്പനാകാൻ കഴിഞ്ഞതിൽ ഒത്തിരി സന്തോഷം’; ടൊവിനോയുടെ അച്ഛൻ
ടൊവിനോ തോമസ് പ്രധാന കഥാപാത്രമായി എത്തിയ ചിത്രമായ ‘അന്വേഷിപ്പിൻ കണ്ടത്തും’ മികച്ച പ്രേക്ഷകപ്രതികരണത്തോടെ പ്രദർശനം തുടരുകയാണ്. ഡാർവിൻ കുര്യാക്കോസ് സംവിധാനം നിർവഹിച്ച ക്രൈം ത്രില്ലർ ചിത്രത്തിൽ എസ്.ഐ ആനന്ദ് നാരായണൻ എന്ന പൊലീസുകാരന്റെ വേഷത്തിലാണ് ടൊവിനോ എത്തുന്നത്. ടൊവിനോയുടെ അച്ഛനായ ഇല്ലിക്കൽ തോമസും ചെറിയ വേഷത്തിൽ എത്തുന്നുണ്ട്. ( Tovino Thomas father talks about Anweshippin Kandethum movie )
ഇപ്പോൾ ചിത്രത്തിന്റെ ആദ്യ പ്രദർശനം കാണാൻ കുടുംബത്തോടൊപ്പം എത്തിയ ടൊവിനോയുടെ അച്ഛന്റെ പ്രതികരണമാണ് വൈറലാകുന്നത്. സിനിമയിലും ടൊവിനോയുടെ അച്ഛനാകാൻ സാധിച്ചതിൽ വളരെയധികം സന്തോഷം നൽകുന്ന കാര്യമാണെന്നാണ് ടൊവിനോ തോമസിന്റെ അച്ഛൻ പറഞ്ഞത്. മകനോടൊപ്പമുള്ള അഭിനയം നല്ല നിമിഷങ്ങളായിരുന്നുവെന്നു ഇനി അഭിനയത്തെക്കുറിച്ച് ചിന്തിക്കുന്നില്ലെന്നും മാധ്യമങ്ങളോട് പറഞ്ഞു.
‘സിനിമ നല്ലതാണ്. മകനോടൊപ്പമുള്ള അഭിനയം നല്ല നിമിഷങ്ങളായിരുന്നു. എന്റെ വേഷത്തെ കുറിച്ച് കൃത്യമായ ധാരണ ഉണ്ടായിരുന്നതിനാൽ അഭിനയിക്കുന്ന സമയത്ത് ടെൻഷൻ ഒന്നും തോന്നിയിരുന്നില്ല. ഡാർവിൻ പറഞ്ഞുതന്നത് അനുസരിച്ച് ചെയ്യുക എന്നതിലുപരി പ്രത്യേകിച്ചൊന്നും ചെയ്യാനില്ലായിരുന്നു. ഇതിന് മുൻപ് അഭിനയിച്ചിട്ടില്ല. ജീവിതത്തിൽ അവന്റെ അപ്പനായ ഞാൻ സിനിമയിലും അച്ഛന്റെ സ്ഥാനത്ത് വരാനായത് വലിയ സന്തോഷം നൽകിയ കാര്യമാണ്.
അവന്റെ അമ്മയ്ക്കും സിനിമ ഒരുപാട് ഇഷ്ടമായി. എന്റെ മേഖല സിനിമയല്ല, എന്നാൽ സാഹചര്യമനുസരിച്ച് മാറ്റം വന്നേക്കാം. ഈ സിനിമ ഹിറ്റാകുമെന്നാണ് വിശ്വാസം. ടൊവിനോ മാത്രമല്ല ചിത്രത്തിലുള്ള എല്ലാവരും ഗംഭീര പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Story highlights : Tovino Thomas father talks about Anweshippin Kandethum movie