ഭാര്യയുടെ മരണശേഷം 95-ാം വയസിൽ ബിരുദാനന്തര ബിരുദം; അടുത്ത ലക്ഷ്യം പിഎച്ച്ഡി..!

February 8, 2024

അറുപതും എഴുപതും വയസ് കഴിഞ്ഞാല്‍ പിന്നെ, കൊച്ചുമക്കളോടൊപ്പം വര്‍ത്തമാനവും പറഞ്ഞിരിക്കേണ്ട സമയമാണ്. ഇങ്ങനെയാണല്ലോ നമ്മുടെ നാട്ടിലെ പതിവ് സംസാരം. എന്നാല്‍ പ്രായത്തിന് നിശ്ചയദാര്‍ഢ്യത്തെ വെല്ലുവിളിക്കാനാകില്ലെന്ന് തെളിയിച്ചിരിക്കുകയാണ് റിട്ടയേര്‍ഡ് സൈക്യാട്രിസ്റ്റായ യു.കെ സ്വദേശി ഡോ. ഡേവിഡ് മര്‍ജോട്ട്. ( UK man post graduates at age of 95 )

95-ാം വയസില്‍ യു.കെയിലെ കിങ്‌സ്റ്റണ്‍ സർവകലാശാലയിൽ നിന്നും ബിരുദാനന്തര ബിരുദം നേടി റെക്കോഡ് സ്വന്തമാക്കിയിരിക്കുകയാണ് ഡേവിഡ് മര്‍ജോട്ട്. ആധുനിക യൂറോപ്യന്‍ ഫിലോസഫിയിലാണ് അദ്ദേഹം ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയത്. 1952-ല്‍ ഡോക്ടറേറ്റ് ലഭിച്ച് 72 വർഷത്തിന് ശേഷമാണ് അദ്ദേഹം തൻ്റെ ഏറ്റവും പുതിയ കോഴ്‌സ് പൂർത്തിയാക്കിയതെന്നും ഏറെ കൗതുകകരമാണ്. 2021-ൽ ബ്രൈറ്റൺ സർവകലാശാലയിൽ നിന്ന് ബിരുദം നേടിയ ശേഷം 96-കാരനായ ആർച്ചി വൈറ്റ് ഏറ്റവും പ്രായമേറിയ ബിരുദദാരി.

65 വര്‍ഷത്തെ ദാമ്പത്യജീവിതത്തിന് ശേഷമാണ് ഡേവിഡിന്റെ ഭാര്യ മരണപ്പെട്ടത്. ഇതോടെ മാനസിക വിഷമത്തിലായ ഡേവിഡ്, ആ സാഹചര്യങ്ങളെ മറികടക്കുന്നതിന് വേണ്ടിയാണ് ബിരുദാന്തര ബിരുദം നേടാന്‍ തീരുമാനിച്ചത്. മകനും മരുമകനും അടങ്ങിയ കുടുംബാം​​ഗങ്ങളും ബിരുദദാന ചടങ്ങിന് സാക്ഷിയാകാൻ എത്തിയിരുന്നു.

Read Also : വെറും മൂന്നു മിനിറ്റ് റിവ്യൂ കൊണ്ട് ചൈനീസ് യുവതി ഓരോ ആഴ്ച്ചയും സമ്പാദിക്കുന്നത് 120 കോടി!

അത് കഠിനാധ്വാനത്തിന്റെ ദിനങ്ങളായിരുന്നു. എന്റെ ഓര്‍മശക്തിയില്‍ വലിയരീതിയിൽ കുറവ് വന്നിട്ടുണ്ട്. എന്നാൽ മികച്ച നിലവാരത്തിലുള്ള അധ്യാപകരുടെ കീഴിൽ പഠിക്കാനായത് വളരെ പോസിറ്റീവായ ഒരു അനുഭവമായിരുന്നു. വളരെ മികച്ച കോഴ്‌സായിരുന്നു അത്. ഈ ബിരുദം നേടാനും മികച്ച ഒരു സര്‍വകലാശാലയുടെ ഭാഗമാകാനും കഴിഞ്ഞത് ഒരു ബഹുമതിയായി കരുതുന്നുവെന്നും ഡേവിഡ് മര്‍ജോട്ട് പറഞ്ഞു.

ഇതുകൊണ്ടൊന്നും ഡേവിഡ് പഠനം നിർത്താൻ ഒരുക്കമല്ലെന്നാണ് പറയുന്നത്. അടുത്തതായി ഒരു പാർട് ടൈം ഡോക്ടറേറ്റ് ചെയ്യാനുള്ള ഒരുക്കത്തിലാണ്. പതിറ്റാണ്ടുകൾക്ക് ശേഷം വീണ്ടും വിദ്യാഭ്യാസം തുടരണമെന്ന ചിന്ത മനസിൽ കൊണ്ടുനടക്കുന്നവർക്കുള്ള ഉത്തമ മാതൃകയാണ് ഡോ. ഡേവിഡ് മര്‍ജോട്ട്.

Story highlights : UK man post graduates at age of 95