‘വളർത്തിയത് സിഖ് മാതാവും ക്രിസ്ത്യൻ പിതാവും, 17-ാം വയസിൽ സഹോദരൻ ഇസ്‌ലാം സ്വീകരിച്ചു’; വിക്രാന്ത് മാസി

February 20, 2024

ബോളിവുഡിലെ യുവനടൻമാരിൽ ഏറെ ശ്രദ്ധേയനാണ് വിക്രാന്ത് മാസി. വിധു വിനോദ് ചോപ്ര സംവിധാനം ചെയ്ത ‘ട്വൽത്ത് ഫെയിൽ’ എന്ന ചിത്രത്തിലൂടെ വിക്രാന്ത് മാസിയുടെ ജനപ്രീതി കൂടുതൽ വർധിച്ചിരുന്നു. തന്റെ വൈവിധ്യമാർന്ന കുടുംബാന്തരീക്ഷത്തെ കുറിച്ച് വിക്രാന്ത് മാസി പറഞ്ഞ വാക്കുകളാണ് കൂടുതൽ ശ്രദ്ധ നേടുന്നത്. ( Vikrant Massey’s brother converted to Islam at age of 17 )

മതങ്ങൾ മനുഷ്യനുണ്ടാക്കിയതെന്നണ് വിക്രാന്ത് മാസി പറയുന്നത്. തനിക്കുള്ളത് സിഖ് മാതാവും ക്രിസ്ത്യാനിയായ പിതാവുമാണ്. സഹോദരൻ 17-ാം വയസിൽ ഇസ്ലാം മതം സ്വീകരിച്ചു. വളർന്നുവരുമ്പോൾ കുടുംബത്തിൽ മതപരവും ആത്മീയപരവുമായ ഒട്ടേറെ സംവാദങ്ങൾക്ക് താൻ സാക്ഷിയായിരുന്നു. ഒരു യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിലാണ് വിക്രാന്ത് തന്റെ കുടുംബാന്തരീക്ഷത്തെ കുറിച്ച് മനസ് തുറന്നത്.

“എൻ്റെ സഹോദരൻ്റെ പേര് മൊയീൻ എന്നാണ്. എൻ്റെ പേര് വിക്രാന്ത്. സഹോദരൻ ഇസ്ലാം സ്വീകരിച്ചു. മതം മാറാൻ എൻ്റെ കുടുംബം അനുവാദം നൽകുകയായിരുന്നു. ‘നിനക്ക് സമാധാനം ലഭിക്കുമെങ്കിൽ നീ മതം മാറിക്കോളൂ’ എന്നാണ് മാതാപിതാക്കൾ പറഞ്ഞത്. 17-ാം വയസിൽ അദ്ദേഹം മതം മാറി. അമ്മ സിഖ് വിശ്വാസിയാണ്. അച്ഛൻ ആഴ്ചയിൽ രണ്ട് തവണ പള്ളിയിൽ പോകുന്ന ക്രിസ്ത്യൻ വിശ്വാസിയാണ്.”- വിക്രാന്ത് പറഞ്ഞു.

സഹോദരനെ മതം മാറാൻ അനുവദിച്ചതിനെതിരെ ചില അകന്ന ബന്ധുക്കൾ അച്ഛനെ ചോദ്യം ചെയ്തിരുന്നു. നിങ്ങളത് നോക്കേണ്ട കാര്യമില്ലെന്നായിരുന്നു അച്ഛൻ മറുപടി പറഞ്ഞത്. അവന് ഇഷ്ടമുള്ളത് എന്തും സ്വീകരിക്കാനുള്ള അവകാശമുണ്ടെന്നായിരുന്നു അച്ഛൻ പറഞ്ഞത്. ഇത് കണ്ടപ്പോൽ ഞാൻ മതമെന്താണെന്ന് മനസിലാക്കാൻ ശ്രമിച്ചു. അത് മനുഷ്യരുണ്ടാക്കിയതാണെന്ന് മനസിലായെന്നും വിക്രാന്ത് കൂട്ടിച്ചേർത്തു.

Read Also : രണ്ടാഴ്ച തുടർച്ചയായി മലയാള സിനിമ കാണുന്നതിന്റെ എഫക്ട്- രസകരമായ റീലുമായി വിദ്യ ബാലൻ

ശീതൾ താക്കൂർ ആണ് വിക്രാന്തിൻ്റെ ഭാര്യ. ഈയിടെയാണ് ഇവർക്ക് കുഞ്ഞ് ജനിച്ചത്. കുഞ്ഞിനെ യുക്തിവാദം പഠിപ്പിക്കാനാണ് ആഗ്രഹം. പക്ഷേ, ഇന്ത്യൻ സംസ്കാരം ഉണ്ടാവണം. അത് മതവുമായി ബന്ധമുള്ളതാവണമെന്നില്ല. ലക്ഷ്മി പൂജ ചെയ്താൽ സമ്പത്ത് വർധിക്കുമെന്ന് വിശ്വസിക്കുന്നില്ല. പക്ഷേ, അത് കണ്ടാണ് വളർന്നത്. അതുകൊണ്ട് അതൊക്കെ ജീവിതത്തിൻ്റെ ഭാഗമായി. അച്ഛൻ ചെയ്യാറുണ്ട്. അമ്മയും ഭാര്യയും ചെയ്യാറുണ്ട് എന്നും വിക്രാന്ത് പറഞ്ഞു.

Story highlights : Vikrant Massey’s brother converted to Islam at age of 17