ഇത്രയൊക്കെ ആയ സ്ഥിതിക്ക് ഒരു സ്റ്റെപ്പിട്ടിട്ട് പോകാം; ഫ്രാൻസിസ് മാഷ് അടിപൊളിയാണ്!
കാലം പുരോഗമിക്കുംതോറും അധ്യാപകരും വിദ്യാർത്ഥികളും തമ്മിലുള്ള അന്തരവും കുറഞ്ഞു കൊണ്ടിരിക്കുകയാണ്. അധ്യാപകർക്ക് ഗൗരവം ഏറെയുള്ള കർക്കശക്കാർ മാത്രമല്ല തോളിൽ കയ്യിട്ട് നല്ല പാഠങ്ങൾ പഠിപ്പിക്കുന്ന സുഹൃത്തുക്കളായി മാറാനും കഴിയുമെന്ന് കാലം തെളിയിച്ചു കഴിഞ്ഞു. ഈ വസ്തുതകൾ ഒക്കെ ശരിവെയ്ക്കുന്ന അനേകം ദൃശ്യങ്ങളും ഇപ്പോൾ സമൂഹ മാധ്യമങ്ങളിലൂടെ നമ്മുടെ വിരൽ തുമ്പിലെത്തുന്നുണ്ട്. (Viral Dance of School Principal during retirement)
അത്തരത്തിൽ ഒരു വിഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടുന്നത്. കൊല്ലം ക്രിസ്തുരാജ് ഹയർ സെക്കണ്ടറി സ്കൂളിലെ പ്രിൻസിപ്പൽ ഫ്രാൻസിസാണ് വിഡിയോയിലെ താരം. പത്ത് വർഷത്തോളമായി ക്രിസ്തുരാജ് സ്കൂളിലെ പ്രിൻസിപ്പലാണ് ഫ്രാൻസിസ് മാഷ്. പ്രായമോ തൊഴിലോ നൃത്തം ചെയ്യാൻ തടസ്സമല്ലെന്ന് തെളിയിക്കുകയാണ് ഫ്രാൻസിസ് മാഷ്. 31 വർഷം നീണ്ട അധ്യാപക ജീവിതത്തോട് വിട പറയുന്ന വിരമിക്കൽ ചടങ്ങിലായിരുന്നു ഫ്രാൻസിസ് സാറിന്റെ പ്രകടനം.
വിരമിക്കൽ ചടങ്ങ് അധ്യാപകരെല്ലാം ചേർന്ന് കളർഫുള്ളാക്കാൻ തീരുമാനിച്ചപ്പോൾ അവരുടെ ആഗ്രഹങ്ങൾക്കൊപ്പം ഫ്രാൻസിസ് സാറും കൂട്ട് നിന്നു. യാതൊരു മടിയുമില്ലാതെ അധ്യാപകർ ഇട്ടു കൊടുത്ത ഗാനത്തിനൊപ്പം അദ്ദേഹം ചുവട് വെച്ചു. രണ്ടാം ക്ലാസ്സ് മുതൽ ഡിഗ്രി വരെ ഫ്രാൻസിസ് നൃത്തം അഭ്യസിച്ചിട്ടുണ്ട്. ചെറുപ്പത്തിൽ കലാപ്രവർത്തനത്തിലും ഏറെ സജീവമായിരുന്നു.
Read also: വെറുതെയങ്ങ് റിട്ടയർ ചെയ്ത് പോകാൻ പറ്റില്ലല്ലോ?- വിരമിക്കൽ ദിനത്തിൽ അധ്യാപകന്റെ ഡാൻസ്
കലാ മേഖലയിൽ മാത്രമല്ല സ്കൂളിന്റെ ആകെയുള്ള ഉന്നമനത്തിലും ഫ്രാൻസിസ് സാറിന്റെ പങ്ക് ചെറുതല്ലെന്നാണ് സഹപ്രവർത്തകരുടെ സാക്ഷ്യം. കുട്ടികൾക്കും ഏറെ പ്രിയങ്കരനായ അധ്യാപകൻ വരും കൊല്ലം മുതൽ തങ്ങൾക്കൊപ്പമില്ലെന്നത് ദുഃഖകരമാണെന്നും അവർ പറയുന്നു. ഏതായാലും സാറിന്റെ നൃത്ത വിഡിയോ വൈറലായതിന്റെ സന്തോഷത്തിലാണ് ഇപ്പോൾ ഫ്രാൻസിസ് മാഷിന്റെ വിദ്യാർത്ഥികളും സഹപ്രവർത്തകരും.
Story highlights: Viral Dance of School Principal during retirement