വെറുതെയങ്ങ് റിട്ടയർ ചെയ്ത് പോകാൻ പറ്റില്ലല്ലോ?- വിരമിക്കൽ ദിനത്തിൽ അധ്യാപകന്റെ ഡാൻസ്

February 8, 2024

എണ്ണതേച്ച് മിനുക്കിയ ചൂരൽ കയ്യിൽ. ചിരിയുടെ ഒരു പൊടിപ്പ് പോലും മുഖത്തു കാണാനില്ല. മുൻശുണ്ഠിയും പോരാത്തതിന് സദാ സമയവും ഗൗരവവും. ഇങ്ങനെയൊക്കെയാണ് നമ്മൾ കുറെ കാലങ്ങൾക്ക് മുൻപ് അധ്യാപകരെക്കുറിച്ച് പറയുമ്പോൾ മനസിലേക്ക് ഓടി വന്നിരുന്ന രൂപം. ഒരുവിധം എല്ലാ അധ്യാപകർക്കും സമാനമായ സ്വഭാവമായിരുന്നു. അതിൽ സ്ത്രീ പുരുഷ ഭേദമൊന്നുമില്ല. എന്നാൽ, കാലംമാറി. വിദ്യാർത്ഥികളുടെ ഒപ്പം അധ്യാപകരും ക്ലാസ് റൂമുകളും മാറി.

ആ ചുട്ട അടി തരുന്ന അധ്യാപകർ ഒന്നും മഷിയിട്ടുനോക്കിയാൽ പോലും ഒരു സ്‌കൂളിലും കാണാൻ ഉണ്ടാകില്ല. പകരം, ക്ലാസ്റൂമുകളിൽ ആവേശവും ആഘോഷവും നിറയ്ക്കുന്ന അധ്യാപകരാണ് ഇന്നുള്ളത്. അതുകൊണ്ടുതന്നെ അവരുടെ റിട്ടയർമെന്റും അവരെപോലെതന്നെ രസകരമായിരിക്കും. അത്തരത്തിൽ ഒരു അധ്യാപകന്റെ വിരമിക്കൽ വിഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുകയാണ്.

ചെന്ത്രാപ്പിന്നി ഹയർ സെക്കന്ററി സ്കൂളിൽ നിന്ന് വിരമിക്കുന്ന അധ്യാപകൻ ടി.എൻ. അജയകുമാറാണ് ഇന്നത്തെ താരം. സമൂഹമാധ്യമങ്ങളിൽ ഇദ്ദേഹത്തിന്റെ ഒരു ഡാൻസ് വൈറലായിരിക്കുകയാണ്. വിരമിക്കൽ ദിനത്തിലാണ് അധ്യാപകന്റെ തകർപ്പൻ നൃത്തം. സഹപ്രവർത്തകനായ ടി.എൻ. സിജിൽ മാസ്റ്ററുടെ പാട്ടിന് ഒപ്പമാണ് അജയകുമാർ മാഷ് ചുവടു വെച്ചത്.

Read also: സഹസംവിധായകനിൽ നിന്നും സംവിധായകനിലേക്ക് ഡാർവിന്റെ പരിണാമം; ‘അന്വേഷിപ്പിൻ കണ്ടെത്തും’ നാളെ തിയറ്ററുകളിൽ!

വളരെ രസകരവും ആവേശകരവുമായ കമന്റുകളാണ് അദ്ദേഹത്തിന്റെ നൃത്ത വീഡിയോയ്ക്ക് ലഭിക്കുന്നത്. ‘ചുമ്മാ അങ്ങ് റിട്ടയർ ആയി പോകാൻ എനിക്ക് മനസില്ലാ ഹേ’, എന്നൊക്കെയാണ് ആളുകൾ കമന്റ്റ് ചെയ്യുന്നത്.

Story highlights- Teacher dances on retirement day