ലോകത്തിലെ ഏറ്റവും കഠിനമായ ജോലികളിൽ ഒന്ന്; എന്താണ് വൈമൊറോസ്‌ക..?

February 23, 2024

വ്യത്യസ്തമായ ജോലികൾ ചെയ്യുന്നവർ നമുക്കിടയിലുണ്ട്. കാണുമ്പോൾ നമുക്ക് അനായസമായിത്തോന്നുന്ന പല ജോലികൾക്കും അതിന്റെതായ ബുദ്ധിമുട്ടുകളുണ്ടെന്ന് അതാത് ജോലി ചെയ്യുന്നവർ പറയാറുണ്ട്. എന്നാൽ ലോകത്തിലെ ഏറ്റവും കഠിനമായ ജോലി ഏതാണെന്ന് റഷ്യയിലെ സൈബീരിയൻ പ്രവിശ്യയിലെ യാകുത്സ്‌ക്‌ ന​ഗരത്തിലുള്ളവരോട് ചോദിച്ചാൽ, വൈമൊറോസ്‌ക എന്ന ഉത്തരമായിരിക്കും ലഭിക്കുക. ( Vymorozka is one of the hardest jobs in the world )

അതിശൈത്യമുള്ള ഈ മേഖലയിൽ നങ്കുരമിട്ടിരിക്കുന്ന കപ്പലിൽ തണുത്തുറഞ്ഞിരിക്കുന്ന ഐസ് പ്രത്യേക ഉളി ഉപയോഗിച്ചു ചീകിക്കളയലാണ് വൈമൊറോസ്‌ക. തണുത്ത് വിറയ്ക്കുക എന്നതാണ് വൈമൊറോസ്‌ക എന്ന വാക്കിന്റെ അർഥം. ലോകത്തിലെ ഏറ്റവും കഠിനമായ ജോലികളിൽ ഒന്നായിട്ടാണ് വൈമൊറോസ്‌ക അറിയപ്പെടുന്നത്.

കപ്പലിലെ കേടുപാടുള്ള ഭാഗങ്ങൾ കണ്ടെത്തി അതു പരിഹരിക്കുന്ന ജോലിയാണ് വൈമൊറോസ്‌ക. അതിനുവേണ്ടിയാണ് തണുത്തുറഞ്ഞിരിക്കുന്ന മഞ്ഞ് ചീകിക്കളയുന്നത്. ഈ ജോലി ചെയ്യുന്ന സാഹചര്യമാണ് വൈമോറോസ്‌കയെ കൂടുതൽ ദുഷ്‌കരമാക്കുന്നത്. ലോകത്തിലെ ഏറ്റവും തണുപ്പേറിയ പ്രദേശമാണ് യാകുത്സ്ക്. ശൈത്യകാലത്ത് മൈനസ് 50 ഡിഗ്രിയുടെ മുകളിലായിരിക്കും ഇവിടെത്തെ താപനില. അങ്ങനെയുള്ള കാലാവസ്ഥയിലാണ് ഈ ജോലി ചെയ്യേണ്ടത്.

സൈബീരിയയിലൂടെ ഒഴുകുന്ന ലെന നദിയുടെ കരയിലുള്ള യാകുത്സ്ക് ഹാർബറിലാണ് വൈമൊറോസ്‌ക നടക്കുന്നത്. ശൈത്യകാലത്താണ് ഈ ജോലി നടക്കുക. കൊടും ശൈത്യത്തെ പ്രതിരോധിക്കാനുള്ള കഴിവ്, ആരോഗ്യം, സ്റ്റാമിന എന്നിവയ്‌ക്കൊപ്പം കൃത്യത കൂടി വൈമൊറോസ്‌ക പ്രവൃത്തി ചെയ്യുന്ന തൊഴിലാളികൾക്ക് വേണം. എന്നാൽ അതിശൈത്യമാണ് ഈ ​ജോലി ചെയ്യാൻ എളുപ്പമെന്ന് ഒരു വിഭാ​ഗം തൊഴിലാളികൾ പറയുന്നത്. തണുപ്പ് കൂടുന്നതിന് അനുസരിച്ച് ഉറഞ്ഞുകിടയ്ക്കുന്ന ഐസ് വേ​ഗത്തിൽ ചീകിക്കളയാൻ കഴിയും. നിലവിൽ ഉളിക്ക് പകരം യന്ത്ര ഉപകരണങ്ങളും ഈ ജോലിക്കായി ഉപയോ​ഗിക്കുന്നുണ്ട്.

റഷ്യയിലെ സാഖയിലാണ് യാകുത്സ്‌ക് നഗരം സ്ഥിതി ചെയ്യുന്നത്. ഈ നഗരത്തിലെ ശരാശരി വാർഷിക താപനില -8.0 ഡിഗ്രി സെൽഷ്യസാണ്, ഇത് തണുപ്പ്കാലത്ത് -20 ഡിഗ്രി സെൽഷ്യസിലേക്ക് വരെ എത്തുന്നു. മൂന്നരലക്ഷത്തിലേറെപ്പേരാണ് ഈ പട്ടണത്തിൽ താമസിക്കുന്നത്.

Read Also : ഈ നഗരത്തിലെ വാഹനങ്ങള്‍ ദിവസങ്ങളോളം പാര്‍ക്കിങ്ങിലിട്ടാലും ഓഫ് ചെയ്യാറില്ല; കാരണമറിയാം..!

Story highlights : Vymorozka is one of the hardest jobs in the world