മാനന്തവാടിയെ ഭീതിയിലാക്കി റേഡിയോ കോളർ ഘടിപ്പിച്ച കാട്ടാന; ജാഗ്രത നിർദേശവുമായി അധികൃതർ

February 2, 2024

വയനാട് എടവക പായോട് ജനവാസ മേഖലയില്‍ ഇറങ്ങിയ കാട്ടാന മാനന്തവാടി നഗരത്തിലേക്ക് എത്തി. മേഖലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. കര്‍ണാടക വനംവകുപ്പ് ജനവാസമേഖലയില്‍ നിന്നും രണ്ടാഴ്ച മുമ്പ് പിടികൂടി റേഡിയോ കോളര്‍ ഘടിപ്പിച്ച് വനത്തില്‍ വിട്ട തണ്ണീര്‍ എന്ന പേരുള്ള കാട്ടാനയാണ് നാട്ടിലിറങ്ങിയിരിക്കുന്നത്. കര്‍ണാടകയിലെ ഹാസനില്‍ നിന്ന് പിടിച്ച ആനയാണ്. റേഡിയോ കോളര്‍ ഘടിപ്പിച്ച സമയത്ത് നല്‍കിയ പേരാണ് തണ്ണീര്‍. ( Wild elephant Mananthavady Wayanad )

ഹാസനിലെ ബിക്കോട് എന്ന സ്ഥലത്തുനിന്നുള്ള കാപ്പിത്തോട്ടത്തില്‍ നിന്നാണ് ഈ ആനയെ പിടികൂടിയിട്ടുള്ളത്. അവിടെ നിന്നും നാഗര്‍ വനമേഖലയില്‍ തുറന്നുവിടുകയായിരുന്നു. അവിടെ നിന്നും തോല്‍പ്പെട്ടി വനം കടന്ന് തിരുനെല്ലി മേഖലയിലൂടെ മക്കിമല, തലപ്പുഴ വഴിയാണ് മാനന്തവാടിയില്‍ എത്തിയത്.

ഹാസനില്‍ നിന്നും കാട്ടാനയെ മയക്കുവെടി വച്ച് പിടികൂടുന്ന ദൃശ്യങ്ങള്‍

വാനപാലകരും പൊലീസും സ്ഥാലത്തെത്തിയിട്ടുണ്ട്. ആനയെ തിരികെ വനത്തിലേക്ക് മാറ്റാനുള്ള ശ്രമം നടക്കുകയാണ്. വനത്തിലേക്ക് മാറ്റാന്‍ കഴിഞ്ഞില്ലെങ്കില്‍ മയക്കുവെടി വെച്ച് പിടികൂടുക എന്ന ദൗത്യത്തിലേക്ക് വനം വകുപ്പിന് നീങ്ങേണ്ടി വരും. വനത്തിലേക്ക് ആനയെ തുരത്താന്‍ മറ്റു മാര്‍ഗങ്ങളുണ്ടോ എന്നാണ് ഇപ്പോള്‍ പരിശോധിക്കുന്നത്. മാനന്തവാടി ന്യൂമാന്‍സ് കോളേജ് പരിസരത്ത് ആന നിലയുറപ്പിച്ചിരിക്കുകയാണ്.

നാട്ടുകാര്‍ ജാഗ്രത പാലിക്കണമെന്നും വനപാലകരോട് സഹകരിക്കണമെന്നും വനംമന്ത്രി എ.കെ. ശശീന്ദ്രന്‍ ആവശ്യപ്പെട്ടു. അതോടൊപ്പം തന്നെ ആനയെ പിന്തുടരുകയോ ഫോട്ടോ, വിഡിയോ എടുക്കുകയോ ചെയ്യരുതെന്നും അധികൃതര്‍ അറിയിച്ചു.

Read Also : രാജകുടുംബത്തിൽ നിന്നും പതിനാലാം വയസിൽ ആന പാപ്പാനിലേക്ക്; ഇന്ത്യയിലെ ആദ്യ വനിതാ പാപ്പാൻ പാർബതി ബറുവയുടെ ജീവിതം

തലപ്പുഴ ഭാഗത്ത് നിന്നാണ് ആന എടവക പഞ്ചായത്തിന്റെ ഭാഗങ്ങളിലേക്ക് എത്തിയന്നാണ് നിഗമനം. ജനങ്ങള്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആനയെ മയക്കുവെടിവെച്ച് മാറ്റാനുള്ള നടപടി സ്വീകരിക്കണമെന്നും ഇല്ലെങ്കിലും അപകടകരമായ സ്ഥിതിയിലേക്ക് നീങ്ങുമെന്ന് വന്യമൃഗ പ്രതിരോധ ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ടിസി ജോസ് പറഞ്ഞു. എന്നാല്‍ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന വാണിജ്യ- വ്യാപാര മേഖലയിലാണ് തമ്പടിച്ചിരിക്കുന്ന ആനയെ മയക്കുവെടി വയ്ക്കാന്‍ സാധിക്കില്ലെന്നാണ് വനംമന്ത്രി എ.കെ. ശശീന്ദ്രന്‍ പറഞ്ഞത്.

Story highlights : Wild elephant Mananthavady Wayanad