കൊറിയയ്ക്ക് പോകാൻ റെഡിയാണോ? എങ്കിൽ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം!

March 21, 2024

വിശാഖ പട്ടണത്ത് നിന്നും കപ്പൽ കയറി കൊറിയയിലേക്ക്… അവിടെ ചെന്നാൽ പിന്നെ ബിടിഎസായി, കെ ഡ്രാമയായി. ഇതായിരുന്നു തമിഴ്‌നാട്ടിൽ നിന്നും ഒളിച്ചോടിയ ആ മൂന്നു പെൺകുട്ടികളുടെ പ്രതീക്ഷ. പക്ഷെ ആ പെൺകുട്ടികൾക്ക് യാത്ര പാളിപ്പോയെങ്കിലും കൊറിയൻ സ്വപ്നവുമായി നാട്ടുവിടുന്നവരുടെ എണ്ണം കൂടിവരുന്നുണ്ട്. കെ പോപ്പ്, കെ ഡ്രാമ, ബിടിഎസ് അങ്ങനെ കൊറിയ നമ്മുടെ കൊച്ചുകേരളത്തിലുള്ള കുഞ്ഞുകുട്ടികൾക്ക് വരെ ഒരു സ്വപ്നനഗരമായത് എത്ര പെട്ടെന്നാണ്. പക്ഷെ നമ്മൾ ഈ സ്‌ക്രീനിൽ കാണുന്ന ചെറിപ്പൂക്കളുടെയും സ്നേഹത്തിന്റെയും മാത്രം ഇടമല്ല കൊറിയ. അങ്ങോട്ടേക്ക് വണ്ടികയറുംമുമ്പ് ചില കാര്യങ്ങൾ അറിയേണ്ടതുണ്ട്.

പഠനത്തിനായാലും സന്ദർശനത്തിനായാലും കൊറിയയിലേക്ക് പോകുന്നവർ അവരുടെ വൈവിധ്യമാർന്ന സംസ്കാരങ്ങളും രീതികളും അറിഞ്ഞിരിക്കേണ്ടതുണ്ട്. കാരണം, നിങ്ങൾ കണ്ടിട്ടുള്ള ഒരു നാട്ടിലെയും രീതിയല്ല കൊറിയയിലേത്.

മറ്റുള്ളവരുടെ സ്വകാര്യത ബഹുമാനിക്കുന്നത് കൊറിയൻ ജനതയുടെ സംസ്കാരത്തിന്റെ ഭാഗമാണ്. അതുകൊണ്ട് കൊറിയയിൽ ചെന്ന് ഇവിടുത്തെ ബസുകളിലേത് പോലെ എങ്ങനെയും പെരുമാറാമെന്നു കരുതരുത്. കാരണം, കൊറിയക്കാർ ബസുകളിലോ ട്രെയിനുകളിലോ സംസാരിക്കില്ല. ഇത് മറ്റുള്ളവരുടെ സ്വകാര്യതയോടുള്ള വലിയ അനാദരവായി അവർ കാണുന്നു. ഒരു ഫോൺ ചെയ്യുന്നതിൽ പോലും ഇത്തരം കാര്യങ്ങൾ ബാധകമാണ്. ഈ രീതി ജപ്പാനിലുമുണ്ട്. മാത്രമല്ല, ഒരാൾ ഉച്ചത്തിൽ ഫോണിൽ സംസാരിച്ചാൽ അവരത് കൃത്യമായി നിയന്ത്രിക്കുകയും ചെയ്യും.

അതുപോലെ ബസുകളിൽ എല്ലാ രാജ്യങ്ങളിലും ഗർഭിണികൾക്കും, മുതിർന്നവർക്കും, അംഗവൈകല്യമുള്ളവർക്കുമായി പ്രത്യേകം സീറ്റുകൾ ഉണ്ടാകാറുണ്ട്. ഇന്ത്യയിൽ എല്ലാവര്ക്കും ആ സീറ്റുകളിൽ ഇരിക്കാം. അര്ഹതപ്പെട്ടവർ വരുമ്പോൾ എഴുന്നേറ്റുനൽകുക എന്നതാണ് ഇവിടെയുള്ള രീതി. അങ്ങനെ എഴുന്നേൽക്കുന്നവർ പോലും ഇവിടെ കുറവാണ്. എന്നാൽ കൊറിയയിൽ അത് നടക്കില്ല. അങ്ങനെ ഒഴിഞ്ഞു കിടക്കുന്ന സീറ്റുകളിൽ കയറി ഇരുന്നാൽ പണി പിന്നാലെ വരും. കാരണം കൊറിയയിൽ അലോട്ട് ചെയ്തിരിക്കുന്ന സീറ്റുകളിൽ ഇരിക്കുന്നത് അനുവദനീയമല്ല.

കൊറിയയിൽ ചെന്നിട്ട് പരിചയപ്പെടുന്നവരുടെയെല്ലാം പേര് പഠിച്ചുവക്കുന്നത് നല്ലതാണ്. പക്ഷെ അത് വിളിക്കരുത് എന്നുമാത്രം. കാരണം ആളുകളെ അവരുടെ പേര് വിളിക്കുന്നത് കൊറിയക്കാർ വളരെ അനാദരവായി കണക്കാക്കുന്നു. കണ്ടുമുട്ടുന്ന ഒരാളെ അഭിസംബോധന ചെയ്യുമ്പോൾ അതുകൊണ്ട് പ്രത്യേകിച്ചും ശ്രദ്ധിക്കേണ്ടതുണ്ട്. അവരോട് തന്നെ എന്തുവിളിക്കണമെന്ന് ചോദിച്ച് മനസിലാക്കിവേണം അഭിസംബോധന ചെയ്യാൻ.

ഇനി പരിചയപ്പെട്ട ഉടനെ ഒരു കൊറിയക്കാരൻ നിങ്ങളോട് ‘ഒന്ന് കൂടിയാലോ’ എന്നുചോദിച്ച് വിളിച്ചാൽ അത് വേറൊരു കൊറിയക്കാരനോട് പോയി പരാതിയായി പറയാൻ നിൽക്കരുത്. കാരണം, ദക്ഷിണ കൊറിയയിൽ ആളുകൾക്ക് ബന്ധം സ്ഥാപിക്കുന്നതിനുള്ള ഒരു സാധാരണ മാർഗമാണ് മദ്യപാനം. മുന്പരിചയമുണ്ടെന്ന പോലെ ഒരുമിച്ച് മദ്യപിക്കുന്നത് ഇവിടെ വളരെ സാധാരണമാണ്. അതായത്, മദ്യപാനം കൊറിയൻ സംസ്കാരത്തിന്റെ ഭാഗമാണ് എന്ന് സാരം.

കൊറിയയിൽ ഏറ്റവുമധികം ശ്രദ്ധിക്കേണ്ടത് ചില പെരുമാറ്റ ചട്ടങ്ങളാണ്. കൊറിയയിൽ നിങ്ങൾ ഏതെങ്കിലും വീട്ടിലോ ക്ഷേത്രത്തിലോ ഗസ്റ്റ് ഹൗസിലോ പ്രവേശിക്കുമ്പോൾ ചെരുപ്പ് അഴിച്ച് പുറത്തുവയ്ക്കാൻ ശ്രദ്ധിക്കണം. അതുപോലെ കൊറിയക്കാർ എന്തുതന്നാലും അത് രണ്ടുകൈ ഉപയോഗിച്ച് സ്വീകരിക്കണം. അങ്ങോട്ട് എന്തെങ്കിലും കൊടുക്കുമ്പോഴും അങ്ങനെതന്നെ വേണം. അതുപോലെ അവിടെ ഹോട്ടലുകളിലോ ടാക്സികളിലോ ടിപ്പ് നൽകാറില്ല.

Read also: ‘കപ്പുകളും പ്ളേറ്റുകളും എറിഞ്ഞു പൊട്ടിക്കുന്ന ചടങ്ങ്’; ജർമനിയിലെ വിചിത്രമായ വിവാഹാചാരം!

കൊറിയയിൽ ചെന്ന് ബന്ധങ്ങളൊക്കെ സ്ഥാപിച്ചതിന് ശേഷം അവിടുത്തുകാർക്കൊപ്പം ഭക്ഷണം കഴിക്കുമ്പോഴാണ് ഏറ്റവും പ്രധാനമായും ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടത്. നിങ്ങൾക്കൊപ്പമുള്ളതിൽ ഏറ്റവും മുതിർന്ന ആൾ ആദ്യം ഭക്ഷണം കഴിച്ച് തുടങ്ങുന്നതുവരെ നിങ്ങൾ കാത്തിരിക്കണം. ഇന്ത്യയിലേത് പോലെ കൈകൊണ്ട് ഭക്ഷണം കഴിക്കാൻ പാടില്ല. വിരലുകൾ കൊണ്ട് ഭക്ഷണത്തിൽ തൊടരുത് എന്നതാണ് അവിടത്തെ നിയമം. ഭക്ഷണം കഴിച്ചുകഴിഞ്ഞാൽ അവസാനം ചോപ്സ്റ്റിക്കുകളും സ്പൂണും അവയുടെ യഥാർത്ഥ സ്ഥാനത്ത് വയ്ക്കാനും ശ്രദ്ധിക്കണം. അപ്പോൾ ഇനി കൊറിയയിലേക്ക് ധൈര്യമായി ബാഗ് പാക്ക് ചെയ്യാം.

Story highlights- amazing culture of korean people