പരിസ്ഥിതിക്കായുള്ള ജീവിത യാത്ര; ബ്രജേഷ് ശര്‍മ സൈക്കിളിൽ പിന്നിട്ടത് 12 സംസ്ഥാനങ്ങൾ, നാൽപതിനായിരം കിലോമീറ്ററുകൾ

March 17, 2024

യാത്ര ചെയ്യാന്‍ ഇഷ്ടപ്പെടാത്തവരായി ആരും തന്നെയുണ്ടികില്ല. ഓരോരുത്തരും തന്റെ ഇഷ്ടയാത്രക്കായി എത്ര റിസ്‌കെടുക്കാനും തയ്യാറായിരിക്കും. ഓരോ യാത്രയ്ക്കും പിന്നിലും ചില പ്രത്യക ലക്ഷ്യങ്ങളും ഉദ്ദേശങ്ങളുമെല്ലാം ഉണ്ടാകുകയും ചെയ്യും. അത്തരത്തില്‍ പരിസ്ഥിതി സംരക്ഷണത്തിനായുള്ള ജീവിതയാത്രയിലാണ് മധ്യപ്രദേശിലെ ഭോപ്പാല്‍ സ്വദേശിയും മുന്‍ സൈനികനുമായ ബ്രജേഷ് ശര്‍മ. 2019-ല്‍ ഗുജറാത്തിലെ ഗാന്ധിനഗറില്‍ നിന്നാരംഭിച്ച പരിസ്ഥിതി സൗഹൃദ സൈക്കിള്‍ യാത്ര 40,000 കിലോമീറ്റര്‍ പിന്നിട്ട് ഇപ്പോഴും തുടരുകയാണ്. ( Brijesh Sharma’s cycle journey with an environmental mission )

ഭോപ്പാല്‍ സ്വദേശിയായ ബ്രജേഷ് 17 വര്‍ഷം സൈനിക സേവനം നിര്‍വഹിച്ച ശേഷമാണ് പരിസ്ഥിതി സംരക്ഷണ യാത്രയ്ക്കായി ഇറങ്ങിപ്പുറപ്പെട്ടിട്ടുള്ളത്. 2019 മുതല്‍ മുഴുവന്‍ സമയ പരിസ്ഥിതി പ്രവര്‍ത്തകനായ ബ്രജേഷ് സിംഗിള്‍ യൂസ് പ്ലാസ്റ്റിക് ഉപയോഗത്തിനെതിരെയും ജൈവകൃഷി പ്രോത്സാഹനത്തിനും മലിന രഹിത രാജ്യത്തിനുമായി ഇപ്പോള്‍ ജീവിതം സമര്‍പ്പിച്ചിരിക്കുകയാണ്. ഇതിന്റെ ഭാഗമായിട്ടാണ് രാജ്യം മുഴുവന്‍ സൈക്കിളില്‍ സഞ്ചരിച്ച് ബോധവത്ക്കരണം നടത്തുകയാണ്.

2019-ല്‍ ആരംഭിച്ച യാത്ര 11 സംസ്ഥാനങ്ങള്‍ പിന്നിട്ട് വയനാട്ടിലെത്തിയപ്പോള്‍ സഞ്ചരിച്ചത് നാല്‍പതിനായിരം കിലോമീറ്ററാണ്. ഈ ദീര്‍ഘദൂര യാത്രയ്ക്കിടയില്‍ വിവിധ സംസ്ഥാനങ്ങളിലെ പ്രദേശിക കൂട്ടായ്മകള്‍ സംഘടിപ്പിച്ചാണ് ബ്രജേഷിന്റെ പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍. ഇവരുടെ സഹായത്തോടെ പുഴകളിലും ജലാശയങ്ങളിലും ശുചീകരണം ഉള്‍പ്പടെയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതാണ് രീതി. 275 നഗരങ്ങളിലും എണ്ണായിരത്തിലധികം ഗ്രാമങ്ങളിലും ബ്രജേഷ് എത്തി. ഏറെ സമയമെടുത്താണ് ഈ ഒറ്റയ്ക്കുള്ള യാത്ര. കര്‍ണാടകയില്‍ മാത്രം ഒരു വര്‍ഷത്തിലധികം കാലം അദ്ദേഹം ചെലവഴിച്ചു.

പല സംസ്ഥാനങ്ങളിലും ബ്രജേഷിന്റെ പ്രവര്‍ത്തനം അധികാരികളുടെ ശ്രദ്ധ പിടിച്ചുപറ്റി. എത്തുന്ന സ്ഥലങ്ങളില്‍ പ്രാദേശികമായി പലരുടെയും സഹകരണത്തില്‍ പല പരിപാടികളും സംഘടിപ്പിക്കും. ചിലര്‍ ഭക്ഷണവും താമസവും അടക്കം നല്‍കും. ചിലയിടങ്ങളില്‍ വഴിയരികിലും പെട്രോള്‍ പമ്പിലുമെല്ലാം കിടന്നുറങ്ങും. വിവിധ സെമിനാറുകളിലും പരിപാടികളിലുമായി 46 ലക്ഷത്തിലധികം സ്‌കൂള്‍ കോളജ് വിദ്യാര്‍ഥികളുമായി സംവദിക്കാനും ബ്രജേഷിന് അവസരം ലഭിച്ചു.

Read Also : 12 മാസങ്ങൾ, 45,000 കിലോമീറ്ററുകൾ, അൻപതിലധികം രാജ്യങ്ങൾ; കാറിൽ ലോകം ചുറ്റുന്ന മലയാളി..!

രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും പരിസ്ഥിതി സംരക്ഷണ യാത്ര തുടരുക എന്നതാണ് ബ്രജേഷിന്റെ ലക്ഷ്യം. എത്ര സമയമെടുത്തുകൊണ്ട് ഈ യാത്ര പൂര്‍ത്തിയാക്കണമെന്ന നിശ്ചയത്തെക്കാള്‍ ബ്രജേഷ് ലക്ഷ്യമിടുന്നത് രാജ്യം മുഴുവന്‍ സഞ്ചരിക്കുമ്പോള്‍ എത്രത്തോളം ആളുകള്‍ തന്റെ പരിസ്ഥി സംരക്ഷണ സന്ദേശം ഏറ്റെടുത്തുവെന്നാണ്. പരമാവധി ആളുകള്‍ അത് ഏറ്റെടുക്കുക എന്നതാണ് ബ്രജേഷ് ശര്‍മയുടെ പ്രധാന ലക്ഷ്യവും.

Story highlights : Brijesh Sharma’s cycle journey with an environmental mission