‘വിജയത്തിന് പിന്നിൽ അച്ഛന്റെ പിന്തുണ’; ചീഫ് ജസ്റ്റിസിന്റെ ആദരം നേടി കോടതിയിലെ പാചകക്കാരന്റെ മകൾ!
വർഷങ്ങളായി കോടതിയിൽ പാചകക്കാരനായ അച്ഛൻ, വീട്ടമ്മയായ അമ്മ… കാലങ്ങൾക്കിപ്പുറം ഈ മാതാപിതാക്കൾക്ക് മകൾ സമ്മാനിച്ചത് ആറോളം വിദേശ സർവകലാശാലകളിൽ നിന്ന് നിയമത്തിൽ ബിരുദാന്തര ബിരുദത്തിനുള്ള ഓഫറുകളാണ്. കേൾക്കുമ്പോൾ ഏറെ അഭിമാനം തോന്നിപ്പിക്കുന്ന ഈ വിശേഷം പ്രഗ്യ സമൽ എന്ന പെൺകുട്ടി നേടിയെടുത്ത വിജയത്തിന്റെ മുഴക്കം കൂടിയാണ്. (Chief Justice Honors Supreme Court Cook’s Daughter)
പ്രഗ്യയെ കാത്ത് ഇന്നലെ സുപ്രീം കോടതി വളപ്പിൽ ഉണ്ടായിരുന്നത് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡും ജഡ്ജിമാരുമായിരുന്നു. കോടതിയിലെ പാചകക്കാരനായ അജയ് കുമാർ സമലിന്റെ മകളായ പ്രഗ്യയെ ആദരിക്കാനായിരുന്നു ആ അപ്രതീക്ഷിത വരവ്. നോയിഡയിലെ അമിറ്റി ലോ സ്കൂളിലെ വിദ്യാർത്ഥിനിയായ പ്രഗ്യ ത്രിവത്സര എൽഎൽബി കോഴ്സിൽ മെറിറ്റ് ലിസ്റ്റിൽ തുടർച്ചയായി ഒന്നാമതെത്തി സ്വർണ്ണ മെഡൽ കരസ്ഥമാക്കിയത്തിന്റെ തിളക്കം അതോടെ പതിന്മടങ്ങായി.
26-കാരിയായ പ്രഗ്യക്ക് ആറ് വിദേശ സർവകലാശാലകളിൽ നിന്നാണ് ബിരുദാനന്തര ബിരുദത്തിനുള്ള ഓഫറുകൾ എത്തിയത്. കൊളംബിയ ലോ സ്കൂൾ, ചിക്കാഗോ ലോ സ്കൂൾ, ന്യൂയോർക്ക് യൂണിവേഴ്സിറ്റി, പെൻസിൽവാനിയ യൂണിവേഴ്സിറ്റി കാരി ലോ സ്കൂൾ, യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയ ബെർക്ക്ലി സ്കൂൾ ഓഫ് ലോ, യൂണിവേഴ്സിറ്റി ഓഫ് മിഷിഗൺ ലോ സ്കൂൾ എന്നിവിടങ്ങളിൽ നിന്ന് പ്രവേശന ഓഫറുകൾ ലഭിച്ചിട്ടുണ്ട്. കൂടാതെ, ബെർക്ക്ലി, മിഷിഗൺ എന്നീ ലോ സ്കൂളുകളിൽ നിന്ന് സ്കോളർഷിപ്പും കിട്ടിയിട്ടുണ്ട്.
പ്രഗ്യയെ മാത്രമല്ല, അവളുടെ മാതാപിതാക്കളെയും ചീഫ് ജസ്റ്റിസ് ആദരിച്ചു. സുപ്രീം കോടതിയിലെ എല്ലാ ജഡ്ജിമാരും ഒപ്പിട്ട ഇന്ത്യൻ ഭരണഘടനയെക്കുറിച്ചുള്ള മൂന്ന് പുസ്തകങ്ങളും ചീഫ് ജസ്റ്റിസ് പ്രഗ്യയ്ക്ക് സമ്മാനിച്ചു. തങ്ങൾക്കെല്ലാം പ്രഗ്യ അഭിമാനമാണെന്നും സ്വയം കഠിനാദ്ധ്വാനം ചെയ്ത് ഇതുവരെ എത്തിയ അവൾ രാജ്യത്തെ സേവിക്കാനായി മടങ്ങി വരുമെന്ന് താൻ പ്രതീക്ഷിക്കുന്നു എന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
തൻ്റെ സ്വപ്നത്തെ പിന്തുണച്ചതിന് പ്രഗ്യ മാതാപിതാക്കളോട് നന്ദി പറഞ്ഞു. പിതാവിനെ പ്രശംസിച്ചുകൊണ്ട് പ്രഗ്യ പറഞ്ഞു: “ഞാൻ എന്നെ ഒരു കഠിനാധ്വാനി എന്ന് വിളിക്കും. ഇതെല്ലാം എൻ്റെ പിതാവിൻ്റെ പിന്തുണയാണ്. എനിക്ക് ചുറ്റുമുള്ളവർക്ക് എന്നോടുള്ള വിശ്വാസമാണ് എന്നെ ഇവിടെ എത്തിച്ചത്.”
“എനിക്ക് ലഭിച്ച തരത്തിലുള്ള പിന്തുണ എല്ലാവരും അർഹിക്കുന്നു. ഞാൻ എൻ്റെ കുടുംബത്തിലെ ആദ്യത്തെ വനിത അഭിഭാഷകയാണ്. വീട്ടുകാരിൽ നിന്ന് ഇത്രയധികം പിന്തുണ കിട്ടിയില്ലെങ്കിൽ എനിക്ക് ഇവിടെ എത്താൻ കഴിയുമായിരുന്നില്ല”. സ്ത്രീകൾ ഈ തൊഴിലിൽ പ്രവേശിക്കരുതെന്ന് കരുതുന്ന എല്ലാ മാതാപിതാക്കളോടും തീർച്ചയായും തങ്ങളുടെ മക്കളെ പിന്തുണയ്ക്കണമെന്നും പ്രഗ്യ അഭ്യർത്ഥിക്കുന്നു.
Story highlights: Chief Justice Honors Supreme Court Cook’s Daughter