‘ബുള്ളറ്റ് ഓടിക്കുന്നതിനേക്കാൾ ഇഷ്ടം നന്നാക്കാൻ’; ചെറുപ്രായത്തിൽ ദിയ പ്രണയിച്ച മെക്കാനിക്കിന്റെ കുപ്പായം!

March 14, 2024

പെൺകുട്ടികൾ ബുള്ളറ്റ് ഓടിക്കുന്നത് കാണാൻ നല്ല ചേലാണെങ്കിലും ഇന്നും അത് കൗതുകത്തോടെ നോക്കി നിൽക്കുന്നവർ നമുക്കിടയിലുണ്ട്. അപ്പൊൾ ഈ ബുള്ളറ്റിന് രോഗം വന്നാൽ ചികിത്സിക്കാൻ എത്തുന്നതും ഒരു പെൺകുട്ടിയാണെങ്കിലോ? ഒരു ബുള്ളറ്റ് ഓടിക്കുന്നതിനും മുന്നേ അത് റിപ്പയർ ചെയ്യാൻ പഠിച്ച ദിയ ജോസഫാണ് ഈ കഥയിലെ നായിക. കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വനിത ബുള്ളറ്റ് മെക്കാനിക്ക് എന്ന പേരും ദിയയ്ക്ക് മാത്രം സ്വന്തം. (The Youngest Bullet Mechanic from Kerala)

കോട്ടയം സ്വദേശിനിയായ ദിയ ജോസഫ് ഏറ്റവും പ്രായം കുറഞ്ഞ മെക്കാനിക്കുകകളിൽ ഒരാളാണ്. ഒരു റോയൽ എൻഫീൽഡിന്റെ മുഴുവൻ സർവീസും ഒറ്റയ്ക്ക് ചെയ്യാൻ ദിയയ്ക്ക് ഇന്ന് കഴിയും. രണ്ടാം വർഷ മെക്കാനിക്കൽ എഞ്ചിനീയറിങ്ങ് വിദ്യാർത്ഥിനിയായ ദിയ ഇന്ന് ബുള്ളറ്റ് റിപ്പയർ വിദഗ്ധനായ അച്ഛൻ ജോസഫിന്റെ അസിസ്റ്റന്റ് കൂടിയാണ്.

പിതാവിനെ സഹായിക്കുക എന്ന ഉദ്ദേശത്തോടെയാണ് ദിയ ആദ്യമായി കളത്തിലിറങ്ങുന്നത്. പത്താം തരം കഴിഞ്ഞുളള വേനലവധിക്കാലമായിരുന്നു അത്. പണി പഠിച്ചു തുടങ്ങിയതോടെ ദിയയ്ക്ക് അതിനോടുള്ള ഇഷ്ടവും കൂടി വന്നു. സ്വന്തമായി പണി പഠിച്ചിരിക്കുന്നത് നല്ലതാണ് എന്ന ചിന്തയോടെ സംഭവം കാര്യമായി എടുക്കാൻ തുടങ്ങി.

ആദ്യമൊക്കെ ഉപഭോക്താക്കളുടെ പരാതി എഴുതിയെടുത്താണ് ജോലി തുടങ്ങിയത്. മെല്ലെ മെല്ലെ എയർ ഫിൽറ്റർ ക്‌ളീനിങ്ങും, എണ്ണയും കേബിളുമൊക്കെ മാറ്റാനുമെല്ലാം ദിയ പഠിച്ചു തുടങ്ങി. അതിൽ നിന്നും വണ്ടി സർവീസിങ്ങിലേക്കും ദിയ കൈകൾ കടത്തി. ബുദ്ധിമുട്ടാതെ ദിവസവും രണ്ടായിരം രൂപയോളം സമ്പാദിക്കാനും ദിയയ്ക്ക് കഴിയും.

Read also: പരിമിതികളെ തോൽപ്പിച്ച് ബൊല്ല തീർത്ത സ്വപ്ന സാമ്രാജ്യം!

എന്നിരുന്നാലും, അച്ഛൻ ജോസഫിന്റെ അടുത്ത് വലിയ ഡിമാന്റുകളൊന്നും ദിയ വെക്കാറില്ല. ഇഷ്ടമുള്ള ഭക്ഷണം വാങ്ങി നൽകിയാൽ ദിയ വളരെ ഹാപ്പിയാണ്. പന്ത്രണ്ടാം ക്‌ളാസ് പഠനം പൂർത്തീകരിച്ചപ്പോൾ ദിയയ്ക്ക് അച്ഛൻ സമ്മാനമായി നൽകിയത് ഒരു തണ്ടർ ബേഡാണ്. ബുള്ളറ്റെടുത്ത് ഒന്ന് റൗണ്ടടിച്ച് വരാനും ദിയയ്ക്ക് ഏറെ ഇഷ്ടമാണ്.

അച്ഛന്റെ റിപ്പയർ ഷോപ്പിൽ വന്നു പോകുന്നവർ പല തരമുണ്ട്. ഒരു പെൺകുട്ടി അത്തരമൊരു സാഹചര്യത്തിൽ ജോലി ചെയ്യുന്നതിനെ അനുകൂലിച്ചും പ്രതികൂലിച്ചും സംസാരിക്കുന്നവർ അനേകമാണെന്നും എന്നാൽ മോശം അഭിപ്രായങ്ങൾ ഒന്നും താൻ കാര്യമാക്കാറില്ലെന്നും ദിയ പറയുന്നു. പുരുഷന്മാർ മാത്രം വാണിരുന്ന ഈ മേഖലയിൽ മാറ്റത്തിന്റെ പുതു വെളിച്ചമാണ് ദിയ.

അറിയാനും പഠിക്കാനും താല്പര്യമുള്ള ഏത് സ്ത്രീക്കും ഈ മേഖലയിലേക്ക് ധൈര്യമായി കടന്നു വരാമെന്നും ശാരീരികമായ പരിമിതികൾ ഒരിക്കലും അതിന് തടസ്സമാകില്ലെന്നും കൂടെ ഓർമ്മിപ്പിക്കുകയാണ് ദിയ.

Story highlights: The Youngest Bullet Mechanic from Kerala