പരിമിതികളെ തോൽപ്പിച്ച് ബൊല്ല തീർത്ത സ്വപ്ന സാമ്രാജ്യം!

March 14, 2024

വേഗതയുടെ ഈ ലോകത്ത് പരിമിതികളെ അതിജീവിച്ച് മുന്നേറുക എന്നത് തികച്ചും വലിയ വെല്ലുവിളിയാണ്. എന്നാൽ എണ്ണമില്ലാത്ത എത്രയോ ആളുകളാണ് വിധി കാത്തുവെച്ച പരിധികളെ മറികടന്ന് തങ്ങളുടെ ജീവിതം വർണ്ണാഭമാക്കിയത്. അക്കൂട്ടത്തിൽ പ്രധാനിയാണ് ശ്രീകാന്ത് ബൊള്ള എന്ന ആന്ധ്രാ പ്രദേശുകാരൻ. (The Success Story of Entrepreneur Srikanth Bolla)

കാഴ്ച വൈകല്യമുള്ള ശ്രീകാന്ത് ബൊല്ല, പരിസ്ഥിതി സൗഹൃദ പാക്കേജിംഗ് നിർമ്മിക്കുന്നതിന് വികലാംഗരെ നിയമിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന ബൊല്ലൻ്റ് ഇൻഡസ്ട്രീസ് എന്ന ബിസിനസ്സിൻ്റെ സ്ഥാപകനാണ്. നൂറ് കോടി വാർഷിക വരുമാനം ഉണ്ടാക്കുകയും നൂറുകണക്കിന് ആളുകൾക്ക് തൊഴിൽ അവസരങ്ങൾ നൽകുകയും ചെയുന്ന സ്ഥാപനമാണിത്. എന്നാൽ സംരംഭകനാകാനുള്ള ശ്രീകാന്തിന്റെ യാത്ര അത്ര എളുപ്പമായിരുന്നില്ല.

1992-ൽ ആന്ധ്രാപ്രദേശിലാണ് ശ്രീകാന്ത് ബൊല്ല ജനിച്ചത്. ദരിദ്രരും നിരക്ഷരരുമായ കർഷകർ വളർത്തിയ ബൊല്ലയെ അയൽവാസികൾ അകറ്റിനിർത്തി. കാഴ്ച വൈകല്യമുള്ള കുട്ടിയെ ഇല്ലാതാക്കാൻ പലരും അവൻ്റെ മാതാപിതാക്കളോട് ആവശ്യപ്പെട്ടു. എന്നാൽ അവൻ്റെ മാതാപിതാക്കൾ ഇതെല്ലം അവഗണിക്കുകയും ബൊല്ലയ്ക്ക് ആവശ്യമായ എല്ലാ സഹായവും നൽകുകയും ചെയ്തു.

എൻജിനീയർ ആകാൻ ആഗ്രഹിച്ച ബൊല്ല, തൻ്റെ സ്വപ്നങ്ങൾ പിന്തുടരാൻ ശാസ്ത്രത്തിലും ഗണിതത്തിലും പ്രധാന്യം നേടാൻ ആഗ്രഹിച്ചു. എന്നാൽ, അന്ധനായതിനാൽ ഹൈസ്കൂളിൽ ഗണിതവും സയൻസും പഠിക്കുന്നത് നിയമവിരുദ്ധമാണെന്ന് വിശ്വസിച്ചതിനാൽ നിരവധി സ്കൂളുകൾ അദ്ദേഹത്തെ നിരസിച്ചു.

ഇതിന് ശേഷം, അന്ധരായ വിദ്യാർത്ഥികൾക്ക് ഗണിതവും സയൻസും പഠിക്കുന്നതിനായി വിദ്യാഭ്യാസത്തെ നിയന്ത്രിക്കുന്ന നിയമത്തിൽ മാറ്റങ്ങൾ കൊണ്ടുവരാൻ ബൊല്ല ആന്ധ്രാപ്രദേശ് ഹൈക്കോടതിയിൽ അപ്പീൽ നൽകി. വിജയം ബൊല്ലയ്‌ക്കൊപ്പമായിരുന്നു.

Read also: ഏഴ് പതിറ്റാണ്ട് ശ്വസിച്ചത് യന്ത്ര സഹായത്തോടെ; 78-ാം വയസിൽ യാത്ര പറഞ്ഞ് ‘പോളിയോ പോൾ’!

പിന്നീട് ബൊല്ല ഒരു സംസ്ഥാന ബോർഡ് സ്കൂളിലേക്ക് മാറി. അവിടെ അദ്ദേഹം കണക്കും സയൻസും പഠിച്ചു. 98% മാർക്കോടെ പാസായെങ്കിലും അന്ധത തടസ്സമായതിനാൽ വാങ്ങിക്കൂട്ടിയ മാർക്കുകൾ അദ്ദേഹത്തെ ഐഐടിയിൽ ചേരാൻ സഹായിച്ചില്ല. തുടർന്ന് യുഎസിലെ ഏറ്റവും മികച്ച ടെക്‌നിക്കൽ സ്‌കൂളുകളിലൊന്നായ എംഐടിയിൽ അപേക്ഷ നൽകി തിരഞ്ഞെടുക്കപ്പെട്ടു.

യുഎസിലെ വിദ്യാഭ്യാസത്തിനു ശേഷം ശ്രീകാന്ത് ബൊല്ല ഇന്ത്യയിൽ മടങ്ങിയെത്തി. താൻ ചെയ്തതുപോലെ ജീവിതത്തിൽ വിജയിക്കാനായി കഠിനമായി പോരാടാൻ എല്ലാവർക്കും കഴിയില്ലെന്ന് ബൊല്ല മനസ്സിലാക്കി. അതിനാൽ സ്വന്തമായി ബിസിനസ് തുടങ്ങാനും വൈകല്യമുള്ളവരെ ജോലിക്കെടുക്കാനും അദ്ദേഹം തീരുമാനിച്ചു.

2012-ൽ ബൊല്ല ബൊല്ലൻ്റ് ഇൻഡസ്ട്രീസ് സ്ഥാപിച്ചു. തൻ്റെ സൂക്ഷ്മമായ ബിസിനസ്സ് സെൻസ്, ഉത്സാഹം, പ്രതിബദ്ധത എന്നിവയിലൂടെ വലിയ ലാഭമുണ്ടാക്കുന്ന ശൃംഘലയായി അദ്ദേഹം തൻ്റെ കമ്പനിയെ വളർത്തി. 600-ലധികം ആളുകൾ ഇന്ന് ഈ കമ്പനിയിൽ ജോലി നോക്കുന്നു. മാത്രമല്ല, രത്തൻ ടാറ്റ ഉൾപ്പെടെയുള്ള പ്രമുഖർ കമ്പനിയിൽ നിക്ഷേപിച്ചിട്ടുമുണ്ട്.

തന്നെപ്പോലെയുള്ള ആയിരങ്ങളുടെ ജീവിതത്തിൽ നിന്ന് ഇരുൾ നീക്കുന്ന ബൊല്ലയെ പോലെയുള്ളവരല്ലേ ജീവിതത്തിൽ ശരിക്കും ഹീറോ!

Story highlights: The Success Story of Entrepreneur Srikanth Bolla