പെൻഷൻ തുക ഉപയോഗിച്ച് റോഡിലെ കുഴികൾ അടയ്ക്കുന്ന വൃദ്ധ ദമ്പതികൾ- മാതൃകാപരം!

March 31, 2024

റോഡുകളിൽ ഉണ്ടാകുന്ന കുഴികളാണ് എല്ലാ രാജ്യങ്ങളെയും സംബന്ധിച്ച് പ്രധാന പ്രശ്നം. കാലങ്ങളായി പല രീതിയിൽ റോഡുകൾ കുഴികളില്ലാതെ നിലനിർത്താൻ നോക്കിയിട്ടും ഇതേ കാരണംകൊണ്ട് അപകടങ്ങൾ ഉണ്ടാകുന്നത് പതിവാണ്. അധികാരികൾ പോലും കണ്ണടയ്ക്കുന്ന റോഡിലെ കുഴികൾ നികത്തി രാജ്യശ്രദ്ധ നേടിയ ഹൈദരാബാദിലെ വൃദ്ധ ദമ്പതികളെകുറിച്ച് കേട്ടിട്ടുണ്ടോ?

എല്ലാവരും ഉന്നതാധികാരികളിൽ നിന്നും ഒരു പരിഹാരത്തിനായി കാത്തിരിക്കുമ്പോൾ ഇവർ മുന്നിട്ടിറങ്ങുകയായിരുന്നു. ഗംഗാധർ തിലക് കട്നം എന്ന എഴുപതുകാരനും ഭാര്യ വെങ്കിടേശ്വരി കട്നവും ഹൈദരാബാദിലെ കുഴികൾ വര്ഷങ്ങളായി അടയ്ക്കുന്നുണ്ടായിരുന്നു. പത്തുവര്ഷത്തിലധികമായി അവർ റോഡിലെ കുഴികൾ നികത്തനായി ജീവിതം തന്നെ സമർപ്പിച്ചു.

അവരുടെ കാർ ‘കുഴി ആംബുലൻസ്’ എന്നാണ് ഇപ്പോൾ നഗരത്തിൽ അറിയപ്പെടുന്നത്. എവിടെയെങ്കിലും ഒരു കുഴി കണ്ടെത്തിയാൽ, ദമ്പതികൾ എത്തി അത് നികത്തുന്നു. ഗംഗാധർ തിലക് കട്നം ഇപ്പോൾ ‘റോഡ് ഡോക്ടർ’ എന്നാണ് അറിയപ്പെടുന്നത്.

റോഡപകടങ്ങളുടെ വർധനവ് കണ്ടപ്പോഴാണ് റോഡിലെ കുഴികളാണ് പ്രധാന കാരണമെന്ന് തിരിച്ചറിഞ്ഞത്. അങ്ങനെ കുഴികൾ നികത്താനുള്ള തീരുമാനത്തിൽ എത്തുകയുമായിരുന്നു. ഒരു സോഫ്റ്റ്വെയർ എഞ്ചിനീയറായ അദ്ദേഹം നഗരത്തിലെ റോഡുകളുടെ മോശം അവസ്ഥ കണ്ടതിനെത്തുടർന്ന് ജോലി ഉപേക്ഷിച്ചാണ് ഇറങ്ങിത്തിരിച്ചത്. ഇതുവരെ ദമ്പതികൾ ഹൈദരാബാദിന് ചുറ്റുമുള്ള 2000 കുഴികൾ നികത്തി. ഇതിനായി അവർ സ്വന്തം ഇതുവരെ 4 ലക്ഷം രൂപ ചെലവഴിച്ചു. പെൻഷൻ തുകയാണ് ഇവർ റോഡിലെ കുഴി നികത്താൻ ഉപയോഗിക്കുന്നത്.

Story highlights- couple fix over 2000 potholes