ലോക സുന്ദരിപട്ടം ചൂടി ചെക് റിപ്പബ്ലിക്കൻ സുന്ദരി ക്രിസ്റ്റീന പിസ്കോവ
71-മത് ലോക സുന്ദരി പട്ടം ചൂടി ചെക് റിപ്പബ്ലിക്കന്‍ സുന്ദരി ക്രിസ്റ്റീന പിസ്കോവ. 115 രാജ്യങ്ങളില്‍ നിന്നുള്ള മല്‍സരാര്‍ഥികളെ മറികടന്നാണ് 24-കാരിയായ ക്രിസ്റ്റീന പിസ്കോവ മിസ് വേള്‍ഡ് 2024 കിരീടം ചൂടിയത്. കഴിഞ്ഞ തവണത്തെ മിസ് വേള്‍ഡായ പോളണ്ടുകാരി കാരലിന ബിയലവ്സ്ക വിജയിയെ കിരീടം അണിയിച്ചു. നിയമത്തിലും ബിസിനസ് അഡ്മിനിസ്ട്രേഷനിലും ബിരുദ പഠനം നടത്തുന്ന ക്രിസ്റ്റീന ഒരു മോഡല്‍ കൂടിയാണ്. ക്രിസ്റ്റിന പിസ്കോ ഫൗണ്ടേഷന് എന്ന സന്നദ്ധ സ്ഥാപനത്തിന്റെ മേല്‍നോട്ടവും വഹിക്കുന്നു. ( Czech Republic’s Krystyna Pyszková crowned Miss world 2024 )
ലബനന്റെ യാസ്മിന സൈയ്തൂനാണ് ഫസ്റ്റ് റണ്ണറപ്പായി തെരഞ്ഞെടുക്കപ്പെട്ടു. ഇവരെ കൂടാതെ മിസ് ബോട്സ്വാന, മിസ് ട്രിനിഡാഡ് ആന്റ് ടൊബാഗോ എന്നിവരാണ് അവസാന നാലില്‍ ഇടംപിടിച്ചത്. ഇന്ത്യയെ പ്രതിനിധീകരിച്ച് 22-കാരിയായ സിനി ഷെട്ടിയാണ് സൗന്ദര്യ മത്സരത്തിന് എത്തിയത്. 2022-ല്‍ ഫെമിന മിസ് ഇന്ത്യ വേള്‍ഡ് കിരീടം നേടിയ മുംബൈയില്‍ ജനിച്ച ഷെട്ടി അവസാന എട്ടില്‍ ഇടംപിടിച്ചെങ്കിലും അവസാന ഇടംപിടിക്കാന്‍ കഴിയാതിരുന്നതോടെയാണ് ഇന്ത്യന്‍ പ്രതീക്ഷകള്‍ അവസാനിച്ചത്.
ലോക സുന്ദരി മത്സരത്തില്‍ അവസാന ഘട്ടത്തില്‍ 12 അംഗ ജഡ്ജിമാരുടെ പാനലാണ് മത്സരാര്‍ത്ഥികളെ വിലയിരുത്തിയത്. ചലച്ചിത്ര നിര്‍മാതാവ് സാജിദ് നദിയാദ്വാല, അഭിനേതാക്കളായ കൃതി സനോന്‍, പൂജ ഹെഗ്ഡെ, ക്രിക്കറ്റ് താരം ഹര്ഭജന് സിംഗ്, മാധ്യമ പ്രവര്ത്തകന് രജത് ശര്‍മ, സാമൂഹിക പ്രവര്‍ത്തക അമൃത ഫഡ്നാവിസ്, ബെന്നറ്റ് കോള്മാന് ആന്‍ഡ് കോ. ലിമിറ്റഡിന്റെ എംഡി വിനീത് ജെയിന്, മിസ് വേള്‍ഡ് ഓര്‍ഗനൈസേഷന്റെ ചെയര്‍പേഴ്സണും സിഇഒയുമായ ജൂലിയ മോര്‍ലി, ജാമില്‍ സെയ്ദി അടക്കമുള്ള പ്രമുഖര്‍ ചടങ്ങിന് എത്തിയിരുന്നു.
Read Also : ‘കൺമണി അൻപോട് കാതലൻ..’ പാടി പ്രിയ വാര്യർ; കയ്യടിയോടെ ആരാധകർ
28 വര്‍ഷത്തിന് ശേഷമാണ് ഇന്ത്യ മിസ് വേള്‍ഡ് മത്സരത്തിന് അതിഥേയത്വം വഹിക്കുന്നത്. മുംബൈ ജിയോ വേള്‍ഡ് കണ്വെന്ഷന് സെന്ററില്‍ നടന്ന അവസാന റൗണ്ടില്‍ കരണ്‍ ജോഹറും മുന്‍ ലോകസുന്ദരി മേഗന് യങ്ങും അവതാരകരായി എത്തി. 1996ല്‍ ബെംഗളൂരുവാണ് ഇതിന് മുമ്പ് ഇന്ത്യയില്‍ മിസ് വേള്‍ഡ് മത്സരത്തിന് വേദിയായത്. 88 മത്സരാര്‍ഥികളാണ് അന്ന് മാറ്റുരച്ചത്. ഗ്രീസില്‍ നിന്നുള്ള ഐറിന് സ്ക്ലിവയയെ അന്ന് ലോകസുന്ദരിയായി തെരഞ്ഞെടുത്തു.
Story highlights : Czech Republic’s Krystyna Pyszková crowned Miss world 2024