വിസ്മയങ്ങള്‍ നിറച്ച ‘ഡാന്‍സിങ് ഹൗസ്’; ഇതൊരു അപൂര്‍വ്വ നിര്‍മിതി
മനുഷ്യന്റെ നിര്‍മിതികള്‍ പലപ്പോഴും അതിശയിപ്പിക്കാറുണ്ട്. ചിലപ്പോള്‍ ഒരു വീടിന്റെ ഭംഗി പോലും കാഴ്ചക്കാരില്‍ കൗതുകം നിറയ്ക്കും. കാണുന്ന ഏതൊരാളിലും അത്ഭുതവും കൗതുകവുമൊക്കെ നിറയ്ക്കുന്ന ഒരു നിര്‍മിതിയുണ്ട്. ഡാന്‍സിങ് ഹൗസ്.
ചെക്ക് റിപബ്ലിക്കിന്റെ തലസ്ഥാനമായ പ്രേഗിലാണ് ഈ ഡാന്‍സിങ് ഹൗസ് നിലകൊള്ളുന്നത്. ഒറ്റ നോട്ടത്തില്‍ ഈ കെട്ടിടം കാണുമ്പോള്‍ രണ്ട് ഇണകള്‍ പരസ്പരം ചേര്‍ന്ന് നൃത്തം ചെയ്യുന്നതാണെന്നേ തോന്നൂ. അതുകൊണ്ടാണ് ഡാന്‍സിങ് ഹൗസ് എന്ന പേരും വന്നത്. ഒരേസമയം വിവാദവും വിസ്മയവും നിറയ്ക്കുന്ന കൊട്ടാരം എന്നും ഡാന്‍സിങ് ഹൗസ് അറിയപ്പെടുന്നു.
ഡാന്‍സിങ് മാതൃകയാണ് കെട്ടിടത്തിന്റെ വിസ്മയത്തിന് കാരണം. ഇനി വിവാദങ്ങളുടെ കാരണത്തെക്കുറിച്ച്. കമ്മ്യൂണിസ്റ്റ് ഭരണത്തില്‍ നിന്നും ജനാധിപത്യ ഭരണത്തിലേക്ക് മാറിയ ചെക്കോസ്ലോവാക്യയേയും ഈ കെട്ടിടം പ്രതിനിധീകരിക്കുന്നു. അതുകൊണ്ടുതന്നെ നിര്‍മാണ സമയത്ത് കെട്ടിടത്തെക്കുറിച്ച് നിരവധി വിവാദങ്ങളും ഉയര്‍ന്നിരുന്നു. എന്നാല്‍ ഇന്ന് വിവാദങ്ങളേക്കാള് വിസ്മയമാണ് ഈ ഡാന്‍സിങ് ഹൗസിനെ ശ്രദ്ധേയമാക്കുന്നത്.
1960-ല്‍ ക്രോയേഷ്യന്‍- ചെക്ക് വാസ്തു ശില്പിയായ മിലുനിക് ആണ് വിത്യസ്തമായ ഈ നിര്‍മിതിയുടെ ആശയം മുന്നോട്ടുവെച്ചത്. തുടര്‍ന്ന് മൂന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷം ഡാന്‍സിങ് ഹൗസ് പൂര്‍ത്തിയായി. ഇക്കാലത്ത് അറിയപ്പെടുന്ന ഒരു വിനോദ സഞ്ചാര കേന്ദ്രം കൂടിയാണ് മനോഹരമായ ഈ ഡാന്‍സിങ് ഹൗസ്.
ഡാന്‍സിങ് ഹൗസ് നിര്‍മിച്ച സ്ഥലത്ത് മുമ്പ് മറ്റൊരു നവോത്ഥാന നിര്‍മിതിയുണ്ടായിരുന്നു. എന്നാല്‍ 1945 ലെ ബോംബാക്രമണത്തില്‍ ആ കെട്ടിടം തകര്‍ന്നുവീണു. അതിന്റെ അവശേഷിപ്പുകള്‍ എല്ലാം നീക്കം ചെയ്താണ് ഡാന്‍സിങ് ഹൗസ് നിര്‍മിച്ചത്. ചരിത്രപ്രസിദ്ധമായ സ്ഥലത്ത് നിര്‍മിച്ചതുകൊണ്ടും ഡാന്‍സിങ് ഹൗസ് നിര്‍മാണ സമയത്ത് വിവാദങ്ങള്‍ക്ക് കാരണമായി.
Read also: ആറ് വർഷമായി കാനഡയിൽ, ബേസിൽ ജോസഫ് വിളിച്ചാൽ നാട്ടിലേക്ക് വരാം; മറുപടിയുമായി താരം
വര്‍ഷങ്ങള്‍ ഏറെ പിന്നിട്ടപ്പോള്‍ നിരവധി വിനോദസഞ്ചാരികള്‍ ഈ ഡാന്‍സിങ് ഹൗസ് കാണാനായി എത്താറുണ്ട്. കൂടുതലായും ഓഫീസുകളാണ് ഡാന്‍സിങ് ഹൗസില്‍ പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ഈ നിര്‍മിതിയുടെ ഏറ്റവും മുകളില്‍ നിന്നാല്‍ പ്രേഗിന്റെ വിസ്മയിപ്പിക്കുന്ന കാഴ്ചകള്‍ ആസ്വദിക്കാം. സഞ്ചാരികളെ ഡാന്‍സിങ് ഹൗസിലേക്ക് ആകര്‍ഷിക്കുന്നതിലും ഈ ദൃശ്യാനുഭവം പ്രധാന പങ്ക് വഹിക്കുന്നു.
Story highlights- dancing house