ശാരീരിക പരിമിതി ഒരു തടസമായില്ല; 62-ാം വയസിൽ വേമ്പനാട് കായൽ നീന്തിക്കടന്ന് ഭിന്നശേഷിക്കാരി

March 26, 2024

പ്രായം ഒന്നിനും ഒരു തടസമല്ല എന്ന് പറയാറുണ്ട്. പ്രായത്തിന്റെ ആകുലതകൾ കാരണം സ്വപ്‌നങ്ങൾ നേടിയെടുക്കുന്നതിനും പുതിയ തുടക്കങ്ങളിൽ നിന്നുമെല്ലാം പിന്നോട്ട വലിയുന്ന നിരവധിയാളുകളെ നമുക്ക് കാണാനാകും. എന്നാൽ ഈ മുൻവിധികളെയെല്ലാം കാറ്റിൽ പറത്തി കയ്യടി നേടിയവരും നമുക്ക് ചുറ്റുമുണ്ട്. ചില ആളുകൾ അവരുടെ വാർദ്ധക്യ സമയത്ത് സാഹസിക വിനോദങ്ങളിലാണ് ആനന്ദം കണ്ടെത്തുന്നത്. അങ്ങനെയുള്ളവർ വിശ്രമിക്കേണ്ട പ്രായം എന്ന മുൻവിധിയെ ഇത്തരം പ്രവൃത്തികളിലൂടെ തകർക്കുകയാണ്. ( Differently Abled woman swam across Vembanad lake )

അത്തരത്തിൽ തന്റെ 62-ാം വയസിൽ വേമ്പനാട് കായൽ നീന്തി കടന്ന റെക്കാർഡിലിടം നേടിയിരിക്കുകയാണ് ഭിന്നശേഷിക്കാരിയായ ഈ അമ്മ. തൃശൂർ സ്വദേശിയായ ഡോ. കുഞ്ഞമ്മ മാത്യൂസാണ് ഏഴ് കിലോമീറ്റർ ദൂരം നീന്തി വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കാഡ്സിൽ സ്ഥാനംപിടിച്ചത്. മനശാസ്ത്രത്തിൽ ഡോക്റ്ററേറ്റ് നേടിയ കുഞ്ഞമ്മയുടെ മനക്കരുത്തും നിശ്ചയദാർഢ്യവുമാണ് റെക്കോഡിലേക്ക് നീന്തി കയറാൻ സഹായിച്ചത്.

വേമ്പനാട് കായൽ നിന്തിക്കടക്കുക എന്നത് കുഞ്ഞമ്മ മാത്യൂസിന്റെ ​ദീർഘകാലമായിട്ടുള്ള ആ​ഗ്രഹമായിരുന്നു. ആ മോഹത്തിന് ഈ വയോധികയ്ക്ക് വൈകല്യം ഒരു തടസമായില്ല. ഇനി ഒരു അവസരം കിട്ടിയാൽ കടലിൽ നീന്തണമെന്നാണ് കുഞ്ഞമ്മ മാത്യുസിന്റെ ആ​ഗ്രഹം.

കൈകാലുകൾ ബന്ധിച്ച് സ്കൂൾ വിദ്യാർഥികൾ വേമ്പനാട് കായൽ നീന്തി കയറിയ വാർത്ത കണ്ടതോടെയാണ് കുഞ്ഞമ്മയു‌ടെ മനസിലും അത്തരത്തിലൊരു ആ​ഗ്രഹം മുളപൊട്ടിയത്. ഇതിനായി പ്രത്യേക പരിശീലനവും ന‌ടത്തിയിരുന്നു. തുടർന്ന് വേമ്പനാട്ട് കായലിൽ ആലപ്പുഴ പള്ളിപ്പുറം വടക്കുംകര അമ്പലക്കടവിൽ നിന്ന് വൈക്കം കായലോര ബീച്ചിലേക്ക് നീന്തിക്കയറിയത്.

Read Also : ‘അൽപമെങ്കിലും മനസാക്ഷിയുണ്ടെങ്കിൽ, ഞാനെന്ത് അപരാധമാണ് ചെയതത്’ ; കുറിപ്പുമായി ‘റാം C/O ആനന്ദി’ രചയിതാവ്

ഇതോടെ വേമ്പനാട് കായൽ നീന്തിക്കയറിയ ഏറ്റവും പ്രായം കൂടിയ വനിതയായും കുഞ്ഞമ്മ മാത്യു മാറി. നിഷ ജോസ് കെ. മാണിയുടെ നേതൃത്വത്തിലാണ് വൈക്കത്ത് കുഞ്ഞമ്മ മാത്യുവിനെ വരവേറ്റത്. എൽ.ഐ.സി റിട്ട.ഉദ്യോഗസ്ഥയാണ് കുഞ്ഞമ്മ.

Story highlights : Differently Abled woman swam across Vembanad lake