ഈ ഡോക്ടറിന് പിന്നിൽ ഡൗൺ സിൻഡ്രോം ബാധിതനായ പിതാവ്; സദറിന്റെ സ്വപ്നങ്ങൾക്ക് ജാഡിന്റെ കൂട്ട്!

March 13, 2024

സിറിയയിൽ ദന്ത ഡോക്ടറായ സദർ ഇസയ്ക്ക് അച്ഛനെ കുറിച്ച് പറയുമ്പോൾ നൂറു നാവാണ്. എല്ലാവർക്കും തങ്ങളുടെ പിതാവ് പ്രിയമുള്ളതാണെങ്കിലും സദറിന്റെ പിതാവിന് പ്രത്യേകതകൾ ഏറെയാണ്. ഡൗൺ സിൻഡ്രോം ബാധിതനായ ജാഡാണ് സദറിന് പിന്നിലെ കെടാവിളക്ക്. (Father With Down Syndrome Raises a Doctor)

ഡൗൺ സിൻഡ്രോം ബാധിച്ച ഒരാൾക്ക് കുട്ടിയോ? എല്ലാവരെയും പോലെ നിങ്ങളുടെയും മനസ്സിൽ ആ ചോദ്യം ഉയർന്നിട്ടുണ്ടാകുമെന്നറിയാം. സാധാരണ ഗതിയിൽ ഡൗൺ സിൻഡ്രോമുള്ള ഒരാൾക്ക് കുട്ടികൾ ഉണ്ടാകാനായുള്ള സാധ്യത മറ്റുള്ളവരെ അപേക്ഷിച്ച് കുറവാണെങ്കിലും കുട്ടികൾ ഉണ്ടാകില്ല എന്ന ധാരണ തെറ്റാണ്. ഇവിടെ ജാഡ് എന്നയാൾ ഒരു കുഞ്ഞിനെ ഭൂമിയിലേക്ക് ക്ഷണിക്കുക മാത്രമല്ല, അവനെ ഒരു ഡോക്ടറാക്കുകയും ചെയ്തു.

ശരീരവും മനസ്സും ഉയർത്തുന്ന വെല്ലുവിളികൾ ഒരിക്കലും തൻ്റെ മകനെ പരിപാലിക്കുന്നതിന് തടസ്സം നില്ക്കാൻ അയാൾ ആഗ്രഹിച്ചില്ല. ഇസയുടെ ജീവിതത്തിലുടനീളം സ്നേഹത്തിൻ്റെയും അചഞ്ചലമായ പിന്തുണയുടെയും അനന്തമായ പ്രോത്സാഹനത്തിൻ്റെയും നെടുംതൂണായിരുന്നു പിതാവ് ജാഡ്.

ജാഡിന്റൻ്റെ മകൻ സദർ ജനിച്ചപ്പോൾ, മറ്റേതൊരു കുട്ടിക്കും ലഭിക്കുന്ന സ്വീകാര്യതയും ലാളനയും അവനും ലഭിച്ചു. പിതാവിനൊപ്പം കളിച്ചും ചിരിച്ചും വഴക്കിട്ടുമാണ് അവനും വളർന്നത്. ചുറ്റുമുള്ളവരും സമൂഹവും ആ കുടുംബത്തെ പിന്തുണക്കുകയും അവരെ അംഗീകരിക്കാൻ മടിക്കുകയോ ചെയ്തില്ല.

Read also: ‘വയോധികർക്ക് പുസ്തകം വായിച്ച് കൊടുക്കുന്ന അഞ്ചു വയസുകാരൻ’; ലോകത്തിന് ഹാരി നൽകുന്ന സ്നേഹ സന്ദേശം!

ഒരു ഗോതമ്പ് മില്ലിൽ ജോലി ചെയ്തിരുന്ന ജാഡ്, തൻ്റെ മകനെക്കുറിച്ച് വലിയ സ്വപ്‌നങ്ങൾ കണ്ട് അവൻ്റെ പഠനത്തിനായി പണം കൂട്ടിവെയ്ക്കാൻ തുടങ്ങി. തൻ്റെ കുടുംബം പോറ്റാൻ അയാൾ കഴിവിൻ്റെ പരമാവധി കഷ്ടപ്പെട്ടു. പിതാവിൻ്റെ കഠിനാധ്വാനവും തനിക്ക് ഏറ്റവും മികച്ച ഭാവി നൽകാനുള്ള പ്രതിബദ്ധതയും കഠിനമായി പഠിക്കാനും ഡോക്ടറാകാനും തന്നെ പ്രേരിപ്പിച്ചെന്ന് സദർ പറയുന്നു.

ആളുകളുടെ നെറ്റി ചുളിക്കുന്ന മറ്റൊരു ചോദ്യമാണ് ഡൗൺ സിൻഡ്രോം ബാധിതനായ ഒരാളെ പൂർണ ആരോഗ്യവതിയായ ഒരു സ്ത്രീ എന്തിന് വിവാഹം കഴിച്ചു എന്നത്. അത്തരക്കാർക്കുള്ള സദറിന്റെ മറുപടി ഇതാണ്: “രണ്ട് പങ്കാളികളും ഒരേ ദിശയിൽ സഞ്ചരിക്കുന്നവരാണെങ്കിൽ എന്തുകൊണ്ട് വിവാഹം കഴിച്ചുകൂടാ? അവർ ബുദ്ധിപരമായി പരസ്പരം ചേർച്ചയുള്ളവരാണ്; സ്നേഹവും കരുതലും ഉള്ള ആളുകളാണ്”.

പതിറ്റാണ്ടുകളായി ഒരുമിച്ചു ജീവിച്ചിട്ടും, തൻ്റെ അമ്മയും അച്ഛനും യുവമിഥുനങ്ങളെ പോലെയാണെന്നാണ് സദർ പറയുന്നത്. അവർ പരസ്പരം ആവശ്യങ്ങൾ നന്നായി മനസ്സിലാക്കുന്നു. അവർ ഒന്നിച്ച് നടക്കാനും മണിക്കൂറുകളോളം ഇരുന്ന് സംസാരിക്കാനും ഇഷ്ടപ്പെടുന്നു.

സദർ തൻ്റെ വിജയത്തിന്റെ എല്ലാ ക്രെഡിറ്റും പിതാവിന് നൽകുന്നു. അദ്ദേഹം അവനെക്കുറിച്ച് അഭിമാനിക്കുന്നതുപോലെ താനും തൻ്റെ പിതാവിനെക്കുറിച്ച് ഏറെ അഭിമാനം കൊള്ളുന്നു എന്ന് സദർ തുറന്ന് സമ്മതിക്കുന്നു.

“എനിക്ക് ഡൗൺ സിൻഡ്രോം ഉണ്ടാകാം, പക്ഷേ ഞാൻ ഈ മനുഷ്യനെ വളർത്തി. ഒരു ഡോക്ടറാകാനും മറ്റുള്ളവരെ സേവിക്കാനും ഞാൻ സാധ്യമായതെല്ലാം ചെയ്തു”, പിതാവ് ജാഡിന്റെ വാക്കുകൾ കുറിച്ച് സദർ പറഞ്ഞു. മറ്റുവരോട് മകൻ ഡോക്ടറാണെന്ന് പറഞ്ഞ് പരിചയപ്പെടുത്തുമ്പോൾ പിതാവിന്റെ കണ്ണിലെ തിളക്കം കണ്ട് തെല്ല് അഭിമാനത്തോടെ ഉള്ളിൽ പുഞ്ചിരിക്കാറുണ്ട് സദർ.

Story highlights: Father With Down Syndrome Raises a Doctor