ബഹിരാകാശത്തേക്ക് സ്വപ്നയാത്ര നടത്തിയ ചിമ്പാൻസി!

March 16, 2024

ഭൂമിയുടെ അതിര്‍വരമ്പുകള്‍ക്കപ്പുറുത്തുള്ള ബഹിരാകാശത്തെക്കുറിച്ചും ബഹിരാകാശ സഞ്ചാരങ്ങളെക്കുറിച്ചുമുള്ള വിവരങ്ങള്‍ എപ്പോഴും കൗതുകം നിറയ്ക്കാറുണ്ട്. ബഹിരാകാശത്ത് കാലുകുത്തിയ അലന്‍ ഷെപ്പേര്‍ഡിനെപ്പോലെയുള്ള വിവിധ ശാസ്ത്രജ്ഞരുടെയൊക്കെ കഥകള്‍ നാം കേട്ടിട്ടുണ്ട്. എന്നാല്‍ ബഹിരാകാശത്തേക്ക് യാത്രപോയ ഒരു കുരങ്ങനെക്കുറിച്ച് കേട്ടിട്ടുണ്ടേ? പലര്‍ക്കും അപരിചിതമാണെങ്കിലും അങ്ങനെയുമുണ്ട് ഒരു സംഭവം.

അറുപത് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഹാം എന്ന ചിമ്പാന്‍സി ബഹിരാകാശത്തേക്ക് യാത്ര തിരിച്ചത്. ബഹിരാകാശത്ത് കാലുകുത്തിയ ആദ്യ അമേരിക്കക്കാരനായ അലന്‍ ഷെപ്പേര്‍ഡിന്റെ യാത്രയ്ക്ക് മൂന്ന് മാസങ്ങള്‍ക്ക് മുമ്പാണ് നാസ ചിമ്പാന്‍സിയെ ബഹിരാകാശത്തേക്ക് അയച്ചത്. ബഹിരാകാശത്ത് മോട്ടോര്‍ നിയന്ത്രണം സാധ്യമാണെന്ന് തെളിയിക്കപ്പെടുകയായിരുന്നു ചിമ്പാന്‍സിയുടെ ഈ ബഹിരാകാശ യാത്രയിലൂടെ.

ഏകദേശം 1957-ല്‍ ആയിരുന്ന ഹാം എന്ന ചിമ്പാന്‍സിയുടെ ജനനം. കാമറൂണ്‍ ആണ് ജന്മദേശം. അവിടെനിന്നും ചെറുപ്പത്തില്‍ തന്നെ ഫ്‌ളോറിഡയിലേക്ക് എത്തിച്ചു. പ്രൊജക്ട് മെര്‍ക്കുറിയുടെ ഭാഗമായി ബഹിരാകാശ യാത്രയ്ക്കുള്ള പരിശീലനം നല്‍കാനായിരുന്നു തീരുമാനം. അങ്ങനെ 1959 മുതല്‍ പരിശീലനവും ആരംഭിച്ചു. പരിശീലനത്തില്‍ ഹാമിനൊപ്പം മറ്റ് ചിമ്പാന്‍സികളും ഉണ്ടായിരുന്നു. ലൈറ്റ് കാണുന്നതിന് അനുസരിച്ച് ലിവര്‍ പ്രവര്‍ത്തിപ്പിക്കാനാണ് പരിശീലനം നല്‍കിയത്. ഏകദേശം 18 മാസത്തോളം നീണ്ടുനിന്നു പരിശീലനം. ഹാം തന്നെയാണ് ബഹിരാകാശ പറക്കലിനായി തെരഞ്ഞെടുക്കപ്പെട്ടതും.

1961 ജനുവരി 31 നാണ് ഫ്‌ളോറിഡയിലെ കേപ് കനാവറിലുള്ള ലോഞ്ച് പാഡില്‍ ഹാമിനെ ബഹിരാകാശത്തേക്ക് അയച്ചു. മിനി സ്‌പേസ് സ്യൂട്ടും ധരിച്ചായിരുന്നു ഹാമിന്റെ യാത്ര. യാത്രയെ മികച്ച രീതിയില്‍ ഹാം നിയന്ത്രിക്കുകയും ചെയ്തു. 16 മിനിറ്റ് നീണ്ടുനിന്നു യാത്ര. ഭൂമിയില്‍ നിന്നും ഏകദേശം 157 മൈല്‍ ഉയരത്തിലായിരുന്നു ഹാമിന്റെ സഞ്ചാരം.

എന്നാല്‍ ഇതിനിടെ മെര്‍ക്കുറി ക്യാപ്‌സൂളിന് സമ്മര്‍ദ്ദം നഷ്ടമായെങ്കിലും ഹാം രക്ഷപ്പെട്ടു. അറ്റ്‌ലാന്‍ഡിക് സമുദ്രത്തിലാണ് ഹാമിനെ വഹിച്ച കാപ്‌സ്യൂള്‍ തിരികെയെത്തിയത്. മൂക്കിന് ചെറിയൊരു പരിക്ക് പറ്റിയെങ്കിലും സാം സുരക്ഷിതനായിരുന്നു. തന്റെ ദൗത്യം ചിമ്പാന്‍സി ഭംഗിയായി നിര്‍വഹിക്കുകയും ചെയ്തിരുന്നു. ബഹിരാകാശത്തെത്തിയ ആദ്യത്തെ ചിമ്പാന്‍സിയാണ് ഹാം.

Read also:ആറ് വർഷമായി കാനഡയിൽ, ബേസിൽ ജോസഫ് വിളിച്ചാൽ നാട്ടിലേക്ക് വരാം; മറുപടിയുമായി താരം

പിന്നീട് അമേരിക്കയിലെ മൃഗശാലകളിലായിരുന്നു ഹാമിന്റെ ജീവിതം. ബഹിരാകാശ യാത്ര നടത്തിയതുകൊണ്ടുതന്നെ സിനിമയില്‍പ്പോലും അവസരം ലഭിക്കുകയും ചെയ്തു ഹാമിന്. 26 വയസ്സുവരെയാണ് ഹാം ജീവിച്ചത്.

Story highlights- Ham the Astrochimp Story