‘ക്യാപ്റ്റൻസിയിൽ രോഹിതിൻ്റെ പിന്തുണ എനിക്കുണ്ടാവും’; നായക സ്ഥാനത്തെക്കുറിച്ച് ഹാർദിക്

March 18, 2024

ഹാര്‍ദിക് പാണ്ഡ്യയുടെ മുംബൈ ഇന്ത്യന്‍സിലേക്കുള്ള തിരിച്ചുവരവ് ഏറെ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. രണ്ടാം വരവില്‍ രോഹിതിന് പകരം ഹര്‍ദികിനെ മുംബൈ നായകനാക്കിയത് ആരാധകര്‍ക്കിടയില്‍ വലിയ പ്രതിഷേധത്തിനു ഇടയാക്കിയിരുന്നു. എന്നാല്‍ നായകനായ തന്റെ കീഴില്‍ രോഹിതിന് കളിക്കാന്‍ ഒരു പ്രശ്‌നവുമുണ്ടാവില്ലെന്നും ആരാധകരുടെ വികാരത്തെ മാനിക്കുന്നുവെന്നും ഹാര്‍ദിക് പാണ്ഡ്യ വ്യക്തമാക്കിയിരിക്കുകയാണ്. ( Hardik Pandya about Mumbai Indians Captaincy )

ക്യാപ്റ്റന്‍സിയില്‍ രോഹിത് ശര്‍മയുടെ സഹായം തനിക്കുണ്ടാവുമെന്ന് ഹാര്‍ദിക് കൂട്ടിച്ചേര്‍ത്തു. അദ്ദേഹം ഇന്ത്യന്‍ ടീമിന്റെ നായകനാണ്. തന്നെ സംബന്ധിച്ച് അത് വളരെ സഹായകമാവുമെന്നും ഹാര്‍ദിക് മാധ്യമങ്ങളോട് പറഞ്ഞു.

രോഹിത് തന്റെ കീഴില്‍ കളിക്കുമെന്ന് ഹാര്‍ദിക് പറഞ്ഞു. അത് മോശമല്ലല്ലോ. അദ്ദേഹം തോളില്‍ കയ്യിട്ട് ഒപ്പമുണ്ടാവും. അദ്ദേഹമാണ് ഈ ടീമിനെ മുന്‍പ് നയിച്ചത്. ആ നേട്ടങ്ങള്‍ മുന്നോട്ടുകൊണ്ടുപോകാനാണ് ആഗ്രഹം. അദ്ദേഹം ഒപ്പമുള്ളത് നല്ല അനുഭവമായിരിക്കും. അദ്ദേഹത്തിന്റെ ക്യാപ്റ്റന്‍സിയിലാണ് താന്‍ കരിയര്‍ മുഴുവന്‍ കളിച്ചിട്ടുള്ളത് എന്നും ഹാര്‍ദിക് പറഞ്ഞു.

Read Also : ലക്ഷ്യത്തിലേക്ക് ഉന്നം പിടിക്കാൻ ഈ 16-കാരിക്ക് രണ്ട് കൈകളുമില്ല; അമ്പെയ്ത്തിൽ വിസ്മയിപ്പിച്ച് ശീതൾ

ക്യാപ്റ്റന്‍സി മാറ്റവുമായി ബന്ധപ്പെട്ട് ആരാധകരോഷമുണ്ടായല്ലോ എന്ന ചോദ്യത്തിന് ആരാധകരോഷം മാനിക്കുന്നു ഹാര്‍ദിക് മറുപടി നല്‍കി. പക്ഷേ, ക്രിക്കറ്റ് കളിക്കുകയാണ് തന്റെ ജോലി. ആരാധകര്‍ക്ക് നന്ദി അറിയിക്കുന്നു എന്നും ഹാര്‍ദിക് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ രോഹിതിന് പകരം ഹാര്‍ദികിനെ ക്യാപ്റ്റനാക്കാന്‍ മാനേജ്‌മെന്റ് തീരുമാനിച്ചതിന് പിന്നിലെ കൃത്യമായ കാരണമെന്ത് എന്ന ചോദ്യത്തിന് മറുപടി നല്‍കാന്‍ പരിശീലകന്‍ മാര്‍ക് ബൗച്ചറും ഹാര്‍ദികും തയ്യാറായില്ല എന്നതും എടുത്തുപറയേണ്ടതാണ്.

ഈ മാസം 22 മുതലാണ് ഐപിഎല്‍ ആരംഭിക്കുക. 24ന് ഗുജറാത്ത് ടൈറ്റന്‍സുമായാണ് മുംബൈയുടെ ആദ്യ മത്സരം.

Story highlights : Hardik Pandya about Mumbai Indians Captaincy