എന്താണ് ഡ്രൈ ഐസ്? ശരീരത്തിലെത്തിയാൽ ചോര ഛർദിക്കുന്നതും അസ്വസ്ഥത അനുഭവപ്പെടുന്നതും എന്തുകൊണ്ട്..?
ഭക്ഷണം കഴിച്ച ശേഷം ഹോട്ടല് ജീവനക്കാര് നല്കിയ മൗത്ത് ഫ്രഷ്നര് കഴിച്ച് അഞ്ച് പേര് ചികിത്സ തേടിയ സംഭവമാണ് ഇപ്പോള് ചര്ച്ചയായിക്കൊണ്ടിരിക്കുന്നത്. ഹരിയാനയിലെ ഗുഡ്ഗാവിലെ സെക്ടര് 90-ലെ ലഫോറെസ്റ്റ കഫേയില് നിന്നും ഭക്ഷണം കഴിച്ചവരാണ് ചോര ഛര്ദ്ദിക്കുകയും മറ്റ് അസ്വസ്ഥതകള് കാണിക്കുകയും ചെയ്തതിനെ തുടര്ന്ന് വൈദ്യസഹായം തേടിയത്. ഇതില് രണ്ടാളുകളുടെ ആരോഗ്യനില ഗുരുതരമാണെന്നാണ് റിപ്പോര്ട്ടുകള്. ( How swallowing dry ice can pose severe health risk }
ഭക്ഷണം കഴിച്ചു ശേഷം ഹോട്ടലുകാര് നല്കിയ മൗത്ത് ഫ്രഷ്നര് കഴിച്ചതോടെയാണ് തങ്ങള്ക്ക് അസാധാരണമായ അസ്വസ്ഥതകള് നേരിട്ടതെന്നാണ് യുവാക്കളില് ഒരാള് പൊലീസിന് നല്കിയ പരാതിയില് പറയുന്നത്. മൗത്ത് ഫ്രഷ്നര് എന്ന പേരില് ഡ്രൈ ഐസാണ് ഇവര് കഴിച്ചതെന്നാണ് പ്രാഥമിക അന്വേഷണത്തില് പൊലീസ് കണ്ടെത്തിയത്. എന്താണ് ഈ ഡ്രൈ ഐസ്, അത് കഴിച്ചാല് ചോര ഛര്ദ്ദിക്കുന്നതും ശാരീരിക അസ്വസ്ഥകളുണ്ടാകുന്നതും എന്തുകൊണ്ടാണ്.
എന്താണ് ഡ്രൈ ഐസ്?
കാര്ബണ് ഡൈ ഓക്സൈഡ് വാതകത്തിന്റെ ഖര രൂപമാണ് ഡ്രൈ ഐസ് എന്ന് അറിയപ്പെടുന്നത്. കാര്ബണ് ഡൈ ഓക്സൈഡ് വാതകത്തെ തണുപ്പിച്ച് കട്ടിയാക്കിയാണ് ഇത് തയ്യാറാക്കുന്നത്. വിനോദ പരിപാടികളില് നാടകീയമായ പുക അന്തരീക്ഷം സൃഷ്ടിക്കുന്നതിനായി സ്ഥിരമായി ഉപയോഗിക്കുന്ന ഒന്നാണ് ഡ്രൈ ഐസ്. ഷിപ്പിങ് സമയത്ത് ഭക്ഷണസാധനങ്ങള് കേടുകൂടാതെ സൂക്ഷിക്കുന്നതിനും ഇതുപയോഗിക്കുന്നു. വേഗത്തില് ഉരുകാത്തതാണ് ഇതിന് വിപണിയില് കൂടുതല് സ്വീകാര്യത ലഭിക്കുന്നത്.
ഡ്രൈ ഐസ് കഴിച്ചാല് എന്തുസംഭവിക്കും?
അബദ്ധത്തില് ഡ്രൈ ഐസ് കഴിച്ചാല് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള് ഉണ്ടാകും. പേരില് സ്ഥിരമായി ഉപയോഗിക്കുന്ന ഐസുമായി സാമ്യമുണ്ടെങ്കിലും ഡ്രൈ ഐസ് കഴിക്കുന്നത് വലിയ അപകടങ്ങള്ക്ക് വഴിവയ്ക്കുമെന്നാണ് വിദഗ്ധര് പറയുന്നത്. ഗുരുഗ്രാമിലെ സംഭവത്തില് ഡ്രൈ ഐസ് കഴിച്ചവര് അസ്വസ്ഥത പ്രകടിപ്പിക്കുന്നതും വേദന കൊണ്ട് പുളയുന്നതും വീഡിയോയില് ദൃശ്യമാണ്. ഡ്രൈ ഐസ് കഴിച്ചതിന് ശേഷം വായ്ക്കുള്ളില് പൊള്ളുന്ന അനുഭവമുണ്ടായെന്നും അതിന് ശേഷമാണ് ചോര ഛര്ദ്ദിച്ചതെന്നും പൊലീസിന് അവര് നല്കിയ പരാതിയില് പറയുന്നുണ്ട്. വെള്ളം ഉപയോഗിച്ച് വായ കഴുകാന് ശ്രമിച്ചെങ്കിലും അവര്ക്ക് ആശ്വാസം കിട്ടിയിരുന്നില്ല.
ഡ്രൈ ഐസ് കഴിച്ചാലുള്ള ലക്ഷണങ്ങള്;
ഡ്രൈ ഐസ് കഴിച്ചയുടന് വായയിലും തൊണ്ടയിലും തീവ്രമായ പൊള്ളുന്ന അനുഭവം ഉണ്ടാകും. മൈനസ് 78 ഡിഗ്രിയാണ് ഡ്രൈ ഐസിന്റെ ഉപരിതാപനില. ഈ താപനിലയാണ് പൊള്ളുന്ന അനുഭവം ഉണ്ടാക്കുന്നത്. ശരീരത്തിനുള്ളിലെ കോശകലകളെ ഐസ് ആക്കാന് അതിനുകഴിയുമെന്നാണ് വിദഗ്ധര് പറയുന്നത്. ശരീരത്തിനുള്ളില് എത്തുന്നതോടെ ഡ്രൈ ഐസിന് രൂപമാറ്റം വരുന്നു. സാധാരണ ഐസില് നിന്നും വ്യത്യസ്തമായി അത് ദ്രാവകരൂപത്തിലേയ്ക്ക് മാറാതെ നേരിട്ട് വാതകരൂപത്തിലേക്ക് മാറുന്നു. ഇതുമൂലം അടിവയറ്റില് ശക്തമായ വേദന, വയര് വീര്ത്തിരിക്കുന്നതായുള്ള തോന്നല്, അസഹിനീയമായ അസ്വസ്ഥത എന്നിവ അനുഭവപ്പെട്ടേക്കാം. സാധാരണ ഗ്യാസ്ട്രബിള് എന്നൊക്കെ വിളിക്കുന്ന അവസ്ഥയ്ക്ക് സമാനമാണെങ്കിലും അതില് നിന്നും വ്യത്യസ്തമായി ഇത് വളരെ ഗുരുതരമായ അവസ്ഥയില് നിന്നും ഉടലെടുക്കുന്ന ഒന്നാണ്.
അപകടം എങ്ങനെ ഒഴിവാക്കാം..?
ഭക്ഷണം സൂക്ഷിക്കുന്നതിനും അലങ്കരിക്കുന്നതിനുമായി നിരവധി ഭക്ഷണശാലകളില് ഡ്രൈ ഐസ് ഉപയോഗിക്കാറുണ്ട്. കൃത്യമായി സൂക്ഷിക്കുകയും മുന്കരുതലുകളോടെ കൈകാര്യം ചെയ്താല് ഡ്രൈ ഐസ് അപകടകാരിയല്ല. നേരിട്ട് കൈ ഉപയോഗിച്ച് ഡ്രൈ ഐസ് എടുക്കരുതെന്നും വിവിധ ആവശ്യങ്ങള്ക്കായി ഉപയോഗിക്കുമ്പോള് പ്രത്യേകതരത്തിലുള്ള കണ്ണടകള് വയ്ക്കാനും നിര്ദേശിക്കാറുണ്ട്.
Story highlights : How swallowing dry ice can pose severe health risk