‘ലോംഗിയർബൈൻ’ – ഭൂമിയുടെ വടക്കേയറ്റത്തെ അവസാന നഗരം; ഇവിടെ ആരും മരിക്കുന്നില്ല..!
ഭൂമിയിലെ അവസാന നഗരം, മനുഷ്യരേക്കാള്‍ ധ്രുവക്കരടികള്‍ അധിവസിക്കുന്ന ഭൂപ്രദേശം, 2500-ല്‍ അധികം പേര് താമസിക്കുന്ന ഇവിടെ മൂവായിരത്തോളം ഹിമക്കരടികള്‍ ഉണ്ട്. നോര്‍വയില്‍ 950 കിലോ മീറ്റര്‍ സ്ഥിതിചെയ്യുന്ന സ്വതന്ത്ര ഭരണപ്രദേശമാണ് സ്വാല്‍ബാര്‍ഡ്. ഉത്തരധ്രുവത്തോട് ചേര്‍ന്നുകിടക്കുന്ന ഈ ദ്വീപസമൂഹമാണ് ഭൂമിയുടെ ഏറ്റവും വടക്കേയറ്റത്തെ മനുഷ്യവാസമുള്ള സ്ഥലം. ( Illegal to die in town of Longyearbyen Svalbard )
വര്‍ഷം മുഴുവനും മഞ്ഞ് മൂടികിടക്കുന്ന ഈ ഭൂപ്രദേശം വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രങ്ങളില്‍ ഒന്നാണ്. മഞ്ഞിനെ പേടിക്കാതെ പുറത്തിറങ്ങുന്ന സഞ്ചാരികള്‍ക്കായി നിരവധി വിനോദങ്ങളാണ് സ്വാല്‍ബാര്‍ഡിലുള്ളത്. പ്രഥമദൃഷ്ടിയില്‍ തരിശുഭൂമിയാണെന്ന് തോന്നുമെങ്കിലും ധ്രുവക്കരടികളുടെയും റെയിന്‍ഡിയറുകളുടെയും അപൂര്‍വയിനം പക്ഷികളുടെയും ആവാസവ്യവസ്ഥയാണിത്. അതുകൊണ്ടുതന്നെ നാട്ടുകാര്‍ കയാക്കും തോക്കുകളും ടെന്റും വേട്ടനായ്ക്കളുമായി ദിവസങ്ങളോളം വേട്ടയാടാനെത്തുന്ന പ്രദേശവുമാണിത്.
ഇതിനെല്ലാമുപരി മറ്റൊരു കാര്യത്തിലാണ് ഈ പ്രദേശം വ്യത്യസ്തമാകുന്നത്. ജനിച്ചാല്‍ മരണപ്പെടുമെന്നത് പ്രപഞ്ച സത്യമാണ്. എന്നാല്‍ ഭൂമിയില്‍ മരണം നിരോധിക്കപ്പെട്ട സ്ഥലമുണ്ടെന്ന പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ..? അത്തരത്തില്‍ ‘ആരും മരുക്കാത്ത നഗരം’ എന്നറിയപ്പെടുന്ന നഗരമാണ് സ്വാല്‍ബാര്‍ഡ് ദ്വീപുസമൂഹത്തിന്റെ തലസ്ഥാനമായ ലോംഗിയര്‍ബൈന്‍. മരണശയ്യയില്‍ കിടക്കുന്നവരെ മാതൃരാജ്യമായ നോര്വിലേക്ക് മാറ്റുന്നതാണ് പതിവ്. അതിശൈത്യവും പെര്‍മാഫ്രോസ്റ്റും കാരണം മൃതദേഹങ്ങള്‍ ജീര്‍ണിക്കില്ല എന്നതാണ് ഇതിന്റെ പ്രധാന കാരണം. വേനലില്‍ പോലും ഇവിടുത്തെ മണ്ണിലുള്ള ഐസ് പാളി ഉരുകില്ല.
ഇതോടെ കഴിഞ്ഞ 70 വര്‍ഷത്തില്‍ അധികമായി ഇവിടെ മൃതദേഹങ്ങള്‍ മണ്ണിനടിയില്‍ അടക്കം ചെയ്യുന്നതിന് നിരോധനമേര്‍പ്പെടുത്തിയിരിക്കുകയാണ്. ഇവിടെ മരണപ്പെടുന്നവരുടെ ഭൗതികശരീരം മറ്റു രാജ്യങ്ങളില്‍ അടക്കുന്നതാണ് രീതി. നൂറ് വര്‍ഷത്തോളം പഴക്കമുള്ള ശരീരങ്ങളുള്പ്പെടെ സ്വാല്‍ബാര്‍ഡ് സെമിത്തേരിയില്‍ വിഘടനത്തിന് വിധേയമാകതെ നിലനില്‍ക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. മരണം പോലെ ജനനത്തിനും അനുയോജ്യമായ ഇടമല്ല ഈ പ്രദേശം. പ്രസവ സമയത്ത് എന്തെങ്കിലും സങ്കീര്‍ണത നേരിട്ടാല്‍ കൈകാര്യം ചെയ്യാനാവശ്യമായ ഡോക്ടര്‍മാരുടെ സേവനം ലഭ്യമല്ല എന്നതാണ് കാരണം. അതുകൊണ്ടുതന്നെ പ്രസവ തീയതിക്ക് മൂന്നാഴ്ച മുമ്പെങ്കിലും ഗര്‍ഭിണികള്‍ മറ്റൊരിടത്തേക്ക് പോകണമെന്നാണ് നിര്‍ദേശം.
നോര്‍വെ, സ്വീഡന്, റഷ്യന്‍, തായ് വംശജര്‍ അടക്കം അന്‍പതോളം രാജ്യങ്ങളില്‍ നിന്നുള്ളവരാണ് സ്വാല്‍ബാര്‍ഡിലെ താമസക്കുന്നത്. അതോടൊപ്പം തന്നെ ഇവിടെ പൂച്ചകള്‍ക്ക് വിലക്കുണ്ട്. കാരണം മറ്റൊന്നുമല്ല. സ്വാല്‍ബാര്‍ഡിലെ അപൂര്‍വ ഇനം പക്ഷികളെ പൂച്ചകള്‍ പിടിച്ച് ഭക്ഷിക്കും. അതുകൊണ്ടുതന്നെ അവയുടെ സംരക്ഷണത്തിനാണ് ഇത്തരത്തിലൊരു നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ളത്. വര്‍ഷത്തില്‍ നാല് മാസത്തിലധികം ഇവിടെ രാത്രിയായിരിക്കും. ഒക്ടോബര്‍ മുതല്‍ ഫെബ്രുവരി വരെ നീളുന്ന കാലയളവില്‍ പല ദിവസങ്ങളിലും സൂര്യനെ കണികാണാന്‍ കിട്ടില്ല. ഇക്കാലയളവില്‍ അതിശൈത്യവും ഇരുണ്ട കാലാവസ്ഥയുമായിരിക്കും.
Story highlights : Illegal to die in town of Longyearbyen Svalbard