ലക്ഷ്യത്തിലേക്ക് ഉന്നം പിടിക്കാൻ ഈ 16-കാരിക്ക് രണ്ട് കൈകളുമില്ല; അമ്പെയ്ത്തിൽ വിസ്മയിപ്പിച്ച് ശീതൾ
പരിമിതികളെ അതിജീവിച്ച് ജീവിതത്തില്‍ മുന്നേറിയ നിരവധി പ്രതിഭകള്‍ നമുക്ക് ചുറ്റുമുണ്ട്. പ്രചോദനം നല്കുന്ന അത്തരം ജീവിത സാക്ഷ്യങ്ങള്‍ പ്രതിസന്ധികള്‍ക്ക് മുന്നില്‍ പോരാടാനുള്ള ഊര്‍ജ്ജവും പകരുന്നതായിരിക്കും. അത്തരത്തില്‍ താന്‍ നേരിട്ട പ്രതിബന്ധങ്ങളെ സധൈര്യം നേരിട്ട ഒരു 16-കാരിയുടെ ഒറ്റയാള്‍ പോരാട്ടം ഏതൊരാള്‍ക്കും മുന്നോട്ടുള്ള ജീവിതത്തില്‍ പ്രചോദനമാകുന്നതാണ്. ( India’s armless Archer Sheetal Devi )
ജന്മനാ കൈകളില്ലാതിരുന്നെങ്കിലും അമ്പെയ്ത്തില്‍ വിസ്മയമാകുകയാണ് ജമ്മു കശ്മീരിലെ ലോയ്ദാര്‍ എന്ന കൊച്ചു ഗ്രാമത്തില്‍ നിന്നുള്ള ശീതള്‍ ദേവി. ഏഷ്യന്‍ പാരാ ഗെയിംസില്‍ ഇന്ത്യയ്ക്ക് വേണ്ടി സ്വര്‍ണം നേടിയ ശീതള്‍, ലോകത്തിലെ കൈകളില്ലാത്ത ആദ്യ വനിത അമ്പെയ്ത്തുകാരി എന്ന നേട്ടവും സ്വന്തമാക്കിയിട്ടുണ്ട്. ഫോകോമേലിയ എന്ന അപൂര്‍വ വൈകല്യത്തോടെ ഭൂമിയിലേക്ക് പിറവിയെടുത്ത ശീതള്‍ സ്ഥിരോത്സാഹത്തിന്റെയും ആത്മവിശ്വാസത്തിന്റെയും ബലത്തിലാണ് അന്താരാഷ്ട്ര വേദികളില്‍ നേട്ടങ്ങള്‍ കൊയതത്. ഇരുകൈകളുമില്ലാതെ ജനിച്ചതെങ്കിലും കായിക മത്സരത്തോടുള്ള അതിയായ ഇഷ്ടമാണ് ശീതളിനെ അമ്പെയ്ത്തിലേക്ക് എത്തിച്ചത്.
Subscribe Me my YouTube Channel: https://t.co/RC4U98GC2K pic.twitter.com/kHAsKD0RBS
— Sheetal Devi Archery (@Sheetal_archery) February 29, 2024
2019ല്‍ ഇന്ത്യന്‍ ആര്‍മിയുടെ രാഷ്ട്രീയ റൈഫിള്‍സ് വിഭാഗം കിഷ്ത്വാറില്‍ സംഘടിപ്പിച്ച കായിക മത്സരത്തില്‍ ശീതളും പങ്കെടുത്തിരുന്നു. തന്റെ ശാരീരിക പരിമിതികള്‍ക്കു മുന്നില്‍ വീണുപോകാതെയുള്ള ശീതളിന്റെ പ്രകടനം ഏവരുടെയും മനം കവരുന്നതായിരുന്നു. ശാരീരിക പരിമിതികള്‍ക്ക് മുന്നില്‍ പതറാതെ മുന്നോട്ടുനീങ്ങിയ ശീതള്‍ തന്റെ 12-ാം വയസിലാണ് ആദ്യമായി അമ്പെയ്ത്തിലേക്ക് എത്തുന്നത്. പിന്നീട് മികച്ച പ്രകടനത്തോടെ മുന്നേറിയ ഈ കൊച്ചുമിടുക്കി 2023-ല്‍ പങ്കെടുത്ത നാല് അന്താരാഷ്ട്ര മത്സരങ്ങളുടെയും ഫൈനലില്‍ എത്തുക മാത്രമല്ല, ഡബിള്‍സ് വിഭാഗത്തില്‍ നിരവധി മെഡലുകളും നേടി.
കഴിഞ്ഞ വര്‍ഷം ചെക്ക് റിപ്പബ്ലിക്കില്‍ നടന്ന ലോക ആര്‍ച്ചറി പാരാ ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി നേടിയ ശീതള്‍ പാരാ വേള്‍ഡ് ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടുന്ന ആദ്യത്തെ കൈകളില്ലാത്ത വനിത അമ്പെയ്ത്തുകാരി എന്ന നേട്ടവും സ്വന്തമാക്കി. കൂടാതെ വ്യക്തിഗത കോമ്പൗണ്ടിലും മിക്സഡ് ടീം ഇനങ്ങളിലും സ്വര്‍ണം നേടാനുമായിരുന്നു ശീതളിന്. മികച്ച പ്രകടനം തുടര്‍ന്ന ഈ പെണ്‍കുട്ടി ഏഷ്യന്‍ പാരാ ഗെയിംസിലും മെഡലുകള്‍ വാരിക്കൂട്ടി. ഇതോടെ പാരാ കോമ്പൗണ്ട് ആര്‍ച്ചര്‍മാരുടെ റാങ്കിങില്‍ ശീതള്‍ ഒന്നാം സ്ഥാനം നേടിയിരുന്നു.
Read Also : ‘ബൗളിങ്ങിന് കാലും, ബാറ്റിങ്ങിന് തോളും’; പ്രതിസന്ധികൾ ആമിറിന് തോൽവികളല്ല!
അരങ്ങേറ്റ സീസണില്‍ തന്നെ അന്താരാഷ്ട്ര വേദികളില്‍ തിളക്കമാര്‍ന്ന പ്രകടനം പുറത്തെടുത്ത ശീതള്‍ ഈ വര്‍ഷത്തെ ഏഷ്യന്‍ പാരാലിമ്പിക് കമ്മിറ്റിയുടെ ഈ വര്‍ഷത്തെ മികച്ച യൂത്ത് അത്ലറ്റായി തെരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ കായിക ബഹുമതിയായ അര്‍ജുന അവാര്‍ഡ് സമ്മാനിച്ചാണ് രാജ്യം ഈ കൊച്ചുമിടുക്കിയെ ആദരിച്ചത്.
Story highlights : India’s armless Archer Sheetal Devi