ഇന്ത്യയുടെ ആദ്യ വനിത ട്രക്ക് ഡ്രൈവർ; പിന്നിട്ട പാതകളിൽ യോഗിത അതിജീവിച്ച വെല്ലുവിളികൾ!
ഇന്ന് സ്ത്രീകൾ തങ്ങളുടെ വ്യക്തിത്വം തെളിയിക്കാത്ത ഇടങ്ങളില്ല. തുല്യ തൊഴിലവസരങ്ങൾ, തുല്യ വേദനം ഇവയ്ക്കൊക്കെയുള്ള പോരാട്ടങ്ങൾക്കിടയിൽ ഒരു വനിത ട്രക്ക് ഡ്രൈവർ ആകുക എന്നതിൽ ഏറെ കൗതുകമൊന്നുമില്ല. എന്നാൽ പിന്നിടുന്ന വഴികളിൽ അവർ നേരിടുന്ന വെല്ലുവിളികൾ ചെറുതല്ല. (India’s First Female Truck Driver)
യോഗിത രഘുവൻഷി ഇന്ത്യയുടെ ആദ്യ ട്രക്ക് ഡ്രൈവറാണ്. പുരുഷാധിപത്യം നിറഞ്ഞു നിൽക്കുന്ന ഈ മേഖലയിൽ ഇരുപത് വർഷങ്ങളായി ജോലി നോക്കുന്ന ആളാണ് യോഗിത. രാജ്യത്ത് മറ്റ് വനിത ഡ്രൈവർമാർ ഉണ്ടെന്ന് കേട്ടിട്ടുണ്ടെങ്കിലും ഇത്രയധികം ചെക്ക് പോസ്റ്റുകളും സംസ്ഥാനങ്ങളും കടന്നിട്ടും താൻ മറ്റൊരാളെ കണ്ടിട്ടില്ലെന്ന് യോഗിത പറയുന്നു.
ഇരുപതാം വയസിലായിരുന്നു യോഗിതയുടെ വിവാഹം. വക്കീൽ ജോലിക്ക് പുറമേ വാഹനങ്ങളുടെ ബിസിനസും കൈകാര്യം ചെയ്ത ആളായിരുന്നു യോഗിതയുടെ ഭർത്താവ്. ഭോപ്പാലിൽ വച്ചുണ്ടായ ഒരു അപകടത്തിൽ അപ്രതീക്ഷിതമായി അദ്ദേഹം മരണപ്പെട്ടു.
നിയമത്തിലും ബിസിനസ്സിലും ഡിഗ്രിയുള്ള യോഗിത ഭർത്താവിന്റെ മരണം വരെ ഒരു തൊഴിലിനെ പറ്റി ചിന്തിച്ചിരുന്നില്ല. എന്നാൽ അപ്രതീക്ഷിതമായ ഭർത്താവിന്റെ വേർപാടോടെ മക്കളെ സംരക്ഷിക്കാൻ യോഗിത ജോലി അന്വേഷിക്കാൻ തുടങ്ങി. ഭർത്താവിന്റെ ഉടമസ്ഥതയിലുള്ള ട്രക്കുകൾ മറ്റ് ഡ്രൈവർമാരുടെ സഹായത്തോടെ അവർ റോഡിലിറക്കി.
എന്നാൽ അതിൽ നിന്നും കാര്യമായ വരുമാനമൊന്നും കണ്ടെത്താൻ കഴിയാതെ വന്നതോടെയാണ് ഡ്രൈവിങ്ങ് പഠിച്ച് പരസഹായമില്ലാതെ ട്രക്കുകൾ നിരത്തിലിറക്കാൻ യോഗിത തീരുമാനിക്കുന്നത്. പുരുഷന്മാരെ പോലെ തന്നെ സ്ത്രീകൾക്കും വാഹനം പരിപാലിക്കാൻ കഴിയുമെന്ന് യോഗിത പറയുന്നു.
Read also: ബോഡി ഷെയ്മിങ്ങിൽ തളർന്നില്ല; ചെറായി കടപ്പുറത്ത് നിന്നും നിമ്മി വെഗാസ് മിസിസ് ഇന്ത്യ ഫൈനലിലേക്ക്..!
പലപ്പോഴും സ്ത്രീയായതിനാൽ ഡീലർമാർ യോഗിതയ്ക്ക് ഓഡറുകൾ നൽകാൻ വിസമ്മതിക്കാറുണ്ട്. പ്രതികൂലങ്ങളേറെയുള്ള പാതകളിലൂടെ കിലോമീറ്ററുകൾ സഞ്ചരിച്ച് ലക്ഷ്യ സ്ഥാനത്ത് എത്താൻ യോഗിതയ്ക്ക് യാതൊരു ഭയയുമില്ല. മഴയായലും വെയിലായാലും മഞ്ഞായാലും അവർ യാത്ര തുടർന്നുകൊണ്ടേയിരിക്കും.
ഭൂരിഭാഗം സ്ത്രീകളും ദീർഘദൂര ഡ്രൈവർ ജോലി തെരഞ്ഞെടുക്കാത്തതിന് കാരണം പരിമിതമായ ശുചിമുറി സൗകര്യങ്ങളും സുരക്ഷാ പ്രശ്നങ്ങളുമാണ്. ഓരോ തവണ പുറത്തിറങ്ങുമ്പോഴും പുരുഷന്മാരെ പോലെ ലുങ്കി ധരിച്ച്, തുണിയുപയോഗിച്ച് തലമുടി പിന്നോട്ട് കെട്ടി ഒതുക്കിയാണ് യോഗിത സഞ്ചരിക്കുക.
ഇരുപത് വർഷങ്ങൾക്കിടയിൽ മൂന്ന് തവണ യോഗിത അക്രമിക്കപ്പെട്ടിട്ടുണ്ട്. ഒരു തവണ മരണം നേരിൽ കണ്ട അവസ്ഥയിലൂടെ പോലും അവർ കടന്നു പോയി. എന്നാൽ താൻ ഒരിക്കലും ഒന്നിനെയും ഭയന്നിട്ടില്ലെന്നും യോഗിത പറയുന്നു. ഗുരുതരമായ അപകടങ്ങൾ, പരിക്കുകൾ ഇതൊന്നും തൻ്റെ മുന്നോട്ടുള്ള യാത്രകളെ ബാധിക്കില്ലെന്ന ഉറച്ച വിശ്വാസം യോഗിതയ്ക്കുണ്ട്.
ഓരോ തവണയും യാത്രക്കായി ഒരുങ്ങുമ്പോൾ യോഗിത ഒപ്പുവെച്ച ചില ചെക്കുകൾ തൻ്റെ മക്കൾക്ക് കൈമാറും. ഒരു തിരിച്ചുവരവ് ഉണ്ടായില്ലെങ്കിൽ അമ്മയെ തേടിയിറങ്ങുന്നതിന് മുൻപ് പണം കൈപറ്റി സുരക്ഷിതമായി സൂക്ഷിക്കണം എന്ന നിർദേശവും നല്കിയിട്ടുണ്ടാകും.
ഭൂമിയിൽ സുരക്ഷിതമായ ഒരു ഇടവുമില്ലെന്നും എന്തിനെയും നേരിടാൻ മനസിനെ പാകപ്പെടുത്തിയാൽ ധൈര്യമായി മുന്നോട്ട് പോകാൻ കഴിയുമെന്നും യോഗിത പറയുന്നു. വിജയത്തിന്റെ പാതയിൽ വെല്ലുവിളികൾ നേരിടേണ്ടി വരുന്ന ഓരോ മനുഷ്യനും പ്രചോദനം പകരുന്നതാണ് യോഗിതയുടെ കഥ.
Story highlights: India’s First Female Truck Driver