ബോഡി ഷെയ്മിങ്ങിൽ തളർന്നില്ല; ചെറായി കടപ്പുറത്ത് നിന്നും നിമ്മി വെഗാസ് മിസിസ് ഇന്ത്യ ഫൈനലിലേക്ക്..!

March 1, 2024

കുട്ടിക്കാലം മുതല്‍ നിറത്തിന്റെയും മെലിഞ്ഞ ശരീര പ്രകൃതത്തിന്റെയും പേരില്‍ ബോഡി ഷെയിമിങ് സഹിച്ചാണ് നിമ്മി വെഗാസ് വളര്‍ന്നത്. താന്‍ നേരിട്ട വെല്ലുവിളികളെ ആത്മവിശ്വാസത്തോടെ നേരിട്ട നിമ്മി ആഗോളതലത്തില്‍ നടക്കുന്ന മിസിസ് ഇന്ത്യ മത്സരത്തില്‍ അവസാന റൗണ്ടില്‍ ഇടം നേടിയിരിക്കുകയാണ്. പരിഹാസങ്ങളെ അതിജീവിച്ചുകൊണ്ട് ഇഷ്ടമേഖലയില്‍ മികവ് പുലര്‍ത്താന്‍ തനിക്കു സാധിച്ചതുപോലെ സമാന വെല്ലുവിളി നേരിടുന്ന യുവതലമുറയ്ക്ക് മാതൃകയായി അവരെ ശാക്തീകരിക്കുക എന്ന ലക്ഷ്യമാണ് കൊച്ചി ചെറായി സ്വദേശി നിമ്മിയെ മിസിസ് ഇന്ത്യ മത്സരത്തിന്റെ അവസാന റൗണ്ടിലേക്ക് എത്തിച്ചിരിക്കുന്നത്. ( Nimmy Veigas from Kochi entered to Mrs India final )

ആഗോളതലത്തില്‍ നടക്കുന്ന സൗന്ദര്യ മത്സരമാണ് മിസിസ് ഇന്ത്യ. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഇന്ത്യക്കാര്‍ ഈ മത്സരത്തിന്റെ ഭാഗമാകും. ഈ മത്സരത്തിന്റെ ഫൈനല്‍ റൗണ്ടിലാണ് നിമ്മി വെഗാസ് ഇടംനേടിയിരിക്കുന്നത്. വിദേശത്ത് ഓയില്‍ ആന്‍ഡ് ഗ്യാസ് മേഖലയില്‍ ഇന്റഗ്രേറ്റര്‍ അഡൈ്വസറായി പ്രവര്‍ത്തിക്കുന്നതിനിടയിലാണ് നിമ്മി മിസിസ് ഇന്ത്യ മത്സരരംഗത്തേക്ക് എത്തന്നത്. കടലോര പ്രദേശമായ ചെറായിയിലെ സുഗേഷ് ബാബു- ഷീല ബാബു ദമ്പതികളുടെ രണ്ടാമത്തെ മകളാണ് നിമ്മി.

നിമ്മി വെഗാസ് തന്റെ ജീവിതത്തില്‍ ആദ്യമായി പങ്കെടുത്ത മത്സരമാണ് മിസിസ് ഇന്ത്യ. സ്‌കൂളിലും കോളജിലുമൊന്നും ഒരു തരത്തിലുള്ള സ്റ്റേജ് പ്രോഗ്രാമുകളില്‍ പങ്കെടുക്കാനുള്ള ധൈര്യമൊന്നും ഉണ്ടായിരുന്നില്ലെന്നാണ് നിമ്മി പറയുന്നത്. കേരളത്തിന് പുറത്ത് പോയി വിദ്യാഭ്യാസം നേടിയതാണ് നിമ്മിയുടെ ജീവിതത്തില്‍ വഴിത്തിരിവായത്. കോയമ്പത്തൂരില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ ബിരുദം പൂര്‍ത്തിയാക്കിയ ശേഷം ഡല്‍ഹിയില്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കി. ശേഷം ഇന്‍ഫോസിസില്‍ ജോലി ലഭിച്ചതിന് ശേഷമാണ് ജീവിതത്തില്‍ വലിയ വഴിത്തിരിവ് സംഭവിച്ചത്.

Read Also : നിർത്താതെയുള്ള രക്തസ്രാവം, ദിവസവും മാറ്റേണ്ടത് ഇരുപതിലേറെ പാഡ്; അപൂർവ്വ രോഗത്തിനുള്ള മരുന്നിനായി പ്രത്യക്ഷ ഇനിയും കാത്തിരിക്കണം

കഴിഞ്ഞ ഒമ്പത് വര്‍ഷമായി നെതര്‍ലന്‍ഡ്‌സിലാണ് താമസം. അവിടെ ഓയില്‍ വ്യവസായ മേഖലയില്‍ കാര്‍ബണ്‍ മാനേജ്മെന്റ് വിഭാഗത്തില്‍ ജോലി ചെയ്യുന്ന നിമ്മി പരിസ്ഥിതിയ്ക്ക് ഏറെ ഗുണകരമായ കാര്‍ബണ്‍ തോത് കുറഞ്ഞ ഇന്ധനം വികസിപ്പിക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. കാര്‍ബണ്‍ ബഹിര്‍ഗമനം കുറച്ചുകൊണ്ട് ഹരിതഭൂമി സൃഷ്ടിക്കുകയെന്നതും തന്റെ ലക്ഷ്യമാണെന്ന് നിമ്മി വ്യക്തമാക്കി. മെയ് ആദ്യ വാരം ദുബായ് ഹില്‍ട്ടന്‍ അല്‍ സീഫ് ഹെറിറ്റേജ് ഹോട്ടലിലാണ് മിസിസ് ഇന്ത്യ ഫൈനല്‍ റൗണ്ട് നടക്കുക.


Story highlights : Nimmy Veigas from Kochi entered to Mrs India final