രാജ്യത്തെ അന്ധയായ ആദ്യ ഐഎഎസ്‌ ഉദ്യോഗസ്ഥ; പ്രഞ്ജൽ കണ്ട സ്വപ്നങ്ങൾക്ക് ആയിരം സൂര്യന്റെ തെളിച്ചം!

March 30, 2024

ജീവിതത്തിൽ പല തരത്തിലുള്ള പ്രതിസന്ധികൾ കടന്നു വരുമ്പോൾ പകച്ചു നിന്നുപോകുന്നവരാണ് നമ്മളിൽ പലരും. അടുത്തത് എന്ത് എന്ന ചോദ്യത്തിന് മുന്നിൽ ഉത്തരം മുട്ടുന്നതോടെ എല്ലാ വാതിലുകളും അടഞ്ഞ് ഇരുട്ടിലേക്ക് പ്രവേശിക്കും പലരും. പക്ഷെ പ്രതിസന്ധികളിൽ നിന്ന് ഒളിച്ചോടാതെ ഉയരങ്ങളിലേക്ക് മനസ്സും കണ്ണും എത്തിച്ചവർ ഒരിക്കലും പരാജയം രുചിച്ചിട്ടുമുണ്ടാവില്ല. അത്തരത്തിൽ ഒരാളാണ് മഹാരാഷ്ട്ര സ്വദേശിയായ പ്രഞ്ജൽ പാട്ടിൽ. (India’s First Visually Impaired IAS Officer)

മഹാരാഷ്ട്രയിലെ ഉല്ലാസ് നഗർ സ്വദേശിയാണ് പ്രഞ്ജൽ പാട്ടിൽ. കുട്ടിക്കാലത്ത് ഉണ്ടായ ഒരപകടത്തിൽ പ്രഞ്ജലിന് കാഴ്ച നഷ്ടപ്പെട്ടു. ആറ് വയസുള്ളപ്പോൾ സഹപാഠിയുടെ അടിയേറ്റാണ് ഒരു കണ്ണ് നഷ്ടപ്പെട്ടുന്നത്. താമസിയാതെ അവൾക്ക് മറ്റേ കണ്ണിൻ്റെ കാഴ്ചയും നഷ്ടപ്പെട്ടു. എന്നാൽ അചഞ്ചലമായ ദൃഢനിശ്ചയവും കഠിനാദ്ധ്വാനം ചെയ്യാനുള്ള മനസും പ്രഞ്ജലിനെ വിജയത്തിന്റെ കൊടുമുടികളിൽ എത്തിച്ചു.

മുംബൈയിലെ കമലാ മേത്ത ദാദർ അന്ധവിദ്യാലയത്തിൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ അവർ സെൻ്റ് സേവ്യേഴ്സ് കോളേജിൽ പൊളിറ്റിക്കൽ സയൻസിൽ ബിരുദം നേടി. പിന്നീട് ഡൽഹിയിലെ ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇൻ്റർനാഷണൽ റിലേഷൻസിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കി പിഎച്ച്‌ഡിയും എംഫിലും നേടി. 2016-ൽ രണ്ടുതവണയും 2017-ൽ ഒരു തവണയും പരീക്ഷയെഴുതിയ പ്രഞ്ജൽ 2016-ൽ 744-ാം റാങ്കും രണ്ടാം ശ്രമത്തിൽ എഐആർ 124-ഉം നേടി.

Read also: ദുരിതപ്പേമാരി കവരാൻ ശ്രമിച്ച ജീവിതം നെഞ്ചുറപ്പോടെ തിരിച്ചുപിടിച്ച സുബൈദ!

ഒരു കോച്ചിങ്ങിനും ചേരാതെയാണ് പ്രഞ്ജൽ ഐഎഎസ് തയ്യാറെടുപ്പുകൾ നടത്തിയത്. പുസ്തകങ്ങൾ ഉറക്കെ വായിച്ചു നൽകുന്ന സോഫ്റ്റ്‌വെയറാണ് പഠനത്തിനായി ഉപയോഗിച്ചത്. അങ്ങനെ രാജ്യത്തിലെ ആദ്യ ഐഎഎസ് ഉദ്യോഗസ്ഥ എന്ന പദവിയും പ്രഞ്ജൽ സ്വന്തമാക്കി.

ലാൽ ബഹദൂർ ശാസ്ത്രി നാഷണൽ അക്കാദമി ഓഫ് അഡ്മിനിസ്‌ട്രേഷനിൽ പരിശീലനം പൂർത്തിയാക്കിയ പ്രഞ്ജൽ എറണാകുളത്ത് അസിസ്റ്റൻ്റ് കളക്ടറായി ചുമതലയേറ്റു. പൊതുസേവനത്തോടുള്ള അവളുടെ പ്രതിബദ്ധതയും സമൂഹത്തിൽ നല്ല സ്വാധീനം ചെലുത്താനുള്ള ദൃഢനിശ്ചയവും അവളുടെ ജോലിയിൽ പ്രകടമായിരുന്നു. നിരവധി പ്രതിബന്ധങ്ങൾ നേരിടേണ്ടി വന്നിട്ടും, പ്രഞ്ജൽ തടസ്സങ്ങൾ തകർത്ത് സാമൂഹിക മാനദണ്ഡങ്ങളെ വെല്ലുവിളിച്ചു.

വെല്ലുവിളികളും വൈകല്യങ്ങളും നേരിടുന്ന ആളുകൾക്ക് പ്രഞ്ജലിന്റെ യാത്ര ഒരു പ്രചോദനമാണ്. കഠിനാധ്വാനം, സ്ഥിരോത്സാഹം, എന്നിവയാൽ ഏത് പ്രതിബന്ധങ്ങളെയും മറികടക്കാൻ കഴിയുമെന്ന് തെളിയിക്കുന്ന അവർ നിശ്ചയദാർഢ്യത്തിൻ്റെ ശ്കതമായ പ്രതീകം കൂടെയാണ്.

Story highlights: India’s First Visually Impaired IAS Officer