15 വർഷങ്ങൾക്ക് മുൻപ് ലോകത്തെ നടുക്കിയ സംഭവം; അമേരിക്കയിലെ ‘ഗുണാ കേവ്’ ദുരന്തം
ഗുണ കേവ് തരംഗമായി മാറിയിരിക്കുകയാണ് കേരളത്തിലും തമിഴ്നാട്ടിലും. മഞ്ഞുമേൽ ബോയ്സ് സൂപ്പർ ഹിറ്റാകുമ്പോൾ സൗഹൃദം മാത്രമല്ല, ആ അപകടത്തിന്റെ ഭീകരതയും ചർച്ചയാകുന്നുണ്ട്. സാഹസികത തേടിപ്പോകുന്ന ആളുകൾക്ക് സംഭവിക്കുന്ന ദുരന്തത്തെക്കുറിച്ച് ചർച്ചകൾ വരുമ്പോൾ, ഗുണ കേവിന് സമാനമായ ഒരു ഗുഹയിലേക്ക് വീണ മറ്റൊരു യുവാവിന്റെ അവസ്ഥ നിങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കണം. യാത്രകൾ പോകുമ്പോൾ അരുതുകൾ നിശ്ചയിക്കാൻ ഈ സംഭവം ഒരു വെളിച്ചം വീശിയേക്കാം.
2009-ൽ ജോൺ എഡ്വേർഡ് ജോൺസ് എന്ന 26 വയസ്സുള്ള അമേരിക്കൻ വംശജന് ദാരുണമായി ജീവൻ നഷ്ടപ്പെട്ടത് ഗുണ കേവ് പോലെ വളഞ്ഞുപുളഞ്ഞുകിടക്കുന്ന ‘നട്ടി പുട്ടി’ ഗുഹയിൽ വീണാണ്. ഗുഹ എത്രത്തോളം അപകടകരമാണെന്നും നാം എപ്പോഴും സുരക്ഷിതമായ ഗുഹകൾ പിന്തുടരേണ്ടതിൻ്റെ ആവശ്യകതയെക്കുറിച്ചുമുള്ള മറ്റൊരു ഓർമ്മപ്പെടുത്തലാണ് ആ യുവാവിന്റെ മരണം.
വല്ലാതെ ഇടുങ്ങിയ ഗുഹയാണ് നട്ടി പുട്ടി. ധാരാളം പര്യവേഷകർ ഈ ഗുഹയിലിറങ്ങിയിട്ടുണ്ടായിരുന്നു. വിശദമായ മാപ്പുകളും ഗുഹയെ സംബന്ധിച്ച് തയ്യാറാക്കിയിട്ടുണ്ടായിരുന്നു. കാരണം, അമേരിക്ക പോലെയൊരു രാജ്യം പര്യവേഷണങ്ങളിൽ പോലും അങ്ങേയറ്റം കൃത്യത പുലർത്തുമെന്നതിൽ സംശയമില്ലല്ലോ.
ജോൺ എഡ്വേർഡ് ജോൺസ് തൻ്റെ സഹോദരൻ ജോഷിനും മറ്റ് 11 പേർക്കുമൊപ്പം 2009 നവംബർ 24-നായിരുന്നു നട്ടി പുട്ടി ഗുഹ കാണാനും പര്യവേഷണം ചെയ്യാനും പോയത്. കാലങ്ങളോളം ആളുകൾക്ക് പ്രവേശനമില്ലാതെ കിടന്ന ഗുഹ 2009ലായിരുന്നു വീണ്ടും തുറന്നത്. ഗുഹ വീണ്ടും തുറന്ന് മാസങ്ങൾക്ക് ശേഷമാണ് ഈ സംഘം ഇവിടെ എത്തിയത്. ഗുഹയ്ക്ക് ഉള്ളിലെ പലഭാഗങ്ങളും തീർത്തും ഇടുങ്ങിയതായിരുന്നു. അതിനാൽ തന്നെ ഓരോ ഭാഗങ്ങൾക്കും പ്രത്യേകം പേരുകളും നൽകിയിട്ടുണ്ട്.
ബർത്ത് കനാൽ എന്ന ഭാഗത്തേക്ക് പോകാനായിരുന്നു ജോണിന്റെയും സംഘത്തിന്റെയും തീരുമാനം. എന്നാൽ, ആ ഇടുങ്ങിയ ഗുഹാപര്യവേഷണത്തിനിടെ ജോണിന് ബർത്ത് കനാലിലേക്ക് കൃത്യമായി എത്താൻ സാധിച്ചില്ല. പേരുപോലെതന്നെ ഇടുങ്ങിയ ഒരിടം കഴിഞ്ഞാൽ വിശാലമായ സ്ഥലമുള്ള ഭാഗമാണ് ബർത്ത് കനാൽ. ജോൺ അങ്ങനെയൊരു ഇടുങ്ങിയ ഇടത്തോട്ടാണ് കടന്നത്. എന്നാൽ, നിർഭാഗ്യവശാൽ അത് ബർത്ത് കനാൽ ആയിരുന്നില്ല. എഡ്സ് പുഷിനടുത്തുള്ള ഗുഹയുടെ മാപ്പ് ചെയ്യാത്ത ഭാഗത്ത് അയാൾ വഴിതെറ്റി എത്തി.
മറുവശത്ത് ഒരു വലിയ കുഴി കണ്ടതായി കരുതി, ജോസ് ഇടുങ്ങിയ സ്ഥലത്തിലൂടെ ആദ്യം തല ഞെക്കി ഇറങ്ങാൻ ശ്രമിച്ചു. അത് ഭീകരമായ ഒരു ദുരന്തത്തിലേക്കാണ് നയിച്ചത്. ജോണിന് നിരാശയോടെ 70 ഡിഗ്രി കോണിൽ തലകീഴായി അവിടെ കുടുങ്ങികിടക്കേണ്ടിവന്നു. പര്യവേഷണം ആരംഭിച്ച് ഒരു മണിക്കൂറോളം എല്ലാം സുഗമമായി നടന്നതിന് ശേഷമാണ് ആ ഭീകര ദുരന്തം സംഭവിച്ചത്.
ചുരുക്കത്തിൽ എഡ് പുഷ് എന്ന ഭാഗം ഒരു വലിയ ഇടത്തേക്ക് നയിക്കുന്നതല്ലായിരുന്നു. മാത്രമല്ല, ജോണിനെപോലെ 6 അടി 200 പൗണ്ട് ഭാരമുള്ള ഒരു മനുഷ്യനെ ഉൾക്കൊള്ളാൻ കഴിയുന്ന വലിപ്പവും ഇല്ലായിരുന്നു. അങ്ങനെ അവിടെ ഏറ്റവും ഇറുകിയ ഭാഗത്ത് ജോണ് കുടുങ്ങി. ഭൂമിയിൽ നിന്ന് 100 അടിയിലധികം താഴ്ചയിൽ അനങ്ങാൻ പോലും സാധിക്കാതെ അയാൾ തലകീഴായി കിടന്നു. ബർത്ത് കനാൽ തേടിപ്പോയ ജോണിനെ കാണാതെ സഹോദരൻ ജോഷ് പിന്നാലെ എത്തിയപ്പോഴാണ് അപകടം കാണുന്നത്.ജോഷ് സഹോദരനെ പുറത്തെടുക്കാൻ കിണഞ്ഞു പരിശ്രമിച്ചു. എന്നാൽ തലകീഴായുള്ള ആ കിടപ്പ് കാര്യങ്ങൾ വഷളാക്കി. സമയം പാഴാക്കാതെ ജോഷ് പുറത്തേക്ക് എത്തി രക്ഷാപ്രവർത്തകരെ വിവരം അറിയിച്ചു.
സഹായിക്കാൻ ആദ്യം എത്തിയ വ്യക്തി സൂസൻ എന്ന ഒരു പ്രാദേശിക റെസ്ക്യൂ വോളണ്ടിയർ ആയിരുന്നു. അപ്പോഴേക്കും ജോൺ ഗുഹയ്ക്കുള്ളിൽ കുടുങ്ങിയിട്ട് മൂന്ന് മണിക്കൂറിലധികം കഴിഞ്ഞിരുന്നു. സൂസൻ വളരെവേഗത്തിൽത്തന്നെ ജോണിനരികിലെത്തി. അയാളോട് സംസാരിക്കുമ്പോൾ തിരികെ മറുപടി ലഭിക്കുന്നുണ്ടായിരുന്നു. പിന്നീട് ഒട്ടേറെ രക്ഷാപ്രവർത്തകർ എത്തി. ഇടുങ്ങിയ ഗുഹയിലെ രക്ഷാപ്രവർത്തനം എത്രത്തോളം ദുര്ഘടമാണ് എന്നത് പറയേണ്ടതില്ലലോ. പല പല പ്ലാനുകൾ അവർ ചർച്ച ചെയ്തു. ഒടുവിൽ റോപ്പ് ഉപയോഗിച്ച് ജോണിന്റെ കാലുകൾ ബന്ധിച്ച് പുറത്തേക്ക് വലിക്കാം എന്ന തീരുമാനത്തിൽ എത്തി. അതോടൊപ്പം തന്നെ റെസ്ക്യൂ ടീം സമീപത്തുള്ള പാറ തുരന്ന് നീക്കം ചെയ്യാനും ശ്രമിച്ചു. എന്നാൽ, ജോണ് കുടുങ്ങിക്കിടക്കുന്ന രീതിയനുസരിച്ച് ഇതും എളുപ്പായിരുന്നില്ല.
എന്തുതന്നെയായാലും നൂറുകണക്കിന് രക്ഷാപ്രവർത്തകർ ഉണ്ടായിട്ടും ആർക്കും ഒന്നും ചെയ്യാൻ സാധിക്കാത്ത അവസ്ഥയായിരുന്നു. അപ്പോഴേക്കും ജോണ് കുടുങ്ങിയിട്ട് 19 മണിക്കൂർ പിന്നിട്ടിരുന്നു. മാത്രമല്ല, തലകീഴായുള്ള കിടപ്പിൽ അയാൾക്ക് ശ്വാസമെടുക്കാൻ ബുദ്ധിമുട്ടേറി വന്നു. അതുമല്ല, തലച്ചോറിൽ നിന്ന് തുടർച്ചയായ രക്തപ്രവാഹം പുറത്തേക്ക് തള്ളുന്നതിന് ഹൃദയം ഇരട്ടി പണിപ്പെട്ടു. ഇതിനിടയിൽ എങ്ങനെയോ റെസ്ക്യൂ ടീമിന് ഒരു കേബിൾ റേഡിയോ ജോണിന് സമീപം എത്തിക്കാൻ കഴിഞ്ഞു. ഗുഹയ്ക്ക് പുറത്ത് കാത്തുനിന്ന ഭാര്യയുമായി ഇതിലൂടെ ജോണ് സംസാരിച്ചു. അവർ പരസ്പരം ആശ്വാസം പകർന്നുകൊണ്ടിരുന്നു.
ഒടുവിൽ പുറത്തേക്ക് വലിച്ചെടുക്കാനുള്ള പ്രയത്നം വളരെ ഫലപ്രദമായി തുടങ്ങിയിരുന്നു. ജോണിനെ റെസ്ക്യൂ ടീമിന് പുറത്തേക്ക് മെല്ലെ മെല്ലെ വലിച്ചെടുക്കാൻ സാധിച്ചുതുടങ്ങി. അയാൾ കഠിനമായ വേദനയിൽ ആയിരുന്നതുകൊണ്ട് ചെറിയ ഇടവേളയെടുത്താണ് വലിച്ചിരുന്നത്. റെസ്ക്യൂ ടീമിന് ജോണിന്റെ കണ്ണുകൾ കാണാൻ വരെ സാധിക്കുന്ന അവസ്ഥ എത്തി. പെട്ടെന്നായിരുന്നു അത് സംഭവിച്ചത്. നാലാമത്തെ വലിയിൽ വലിച്ചുകൊണ്ടിരുന്ന റോപ്പ് ലൂസ് ആയി ടീമംഗങ്ങളെല്ലാവരും മറിഞ്ഞുവീണു. ഏറ്റവും മുന്നിൽ നിന്നിരുന്ന രക്ഷാപ്രവർത്തകന്റെ മുഖം ഗുരുതരമായി പരിക്കേറ്റു. അയാൾ ബോധരഹിതനായി. അയാൾക്ക് ബോധം വന്നപ്പോൾ ആകെ പൊടിപടലം മാത്രമായിരുന്നു കാണാൻ ഉണ്ടായിരുന്നത്. റോപ്പിൽ നിന്നും പിടിവിട്ടതോടെ ജോൺ വീണ്ടും ഇടുക്കിലേക്ക് വീണുപോയി. പരിക്കേറ്റ രക്ഷാപ്രവർത്തകന് പിൻവാങ്ങേണ്ടി വന്നു. പകരം, ടീമിലുണ്ടായിരുന്ന അയാളുടെ അച്ഛൻ എത്തി. അദ്ദേഹം എത്തി ജോണിനെ വിളിച്ചു. പക്ഷെ മറുപടി ഉണ്ടായില്ല. പിന്നാലെ മെഡിക്കൽ സംഘത്തിലെ ഒരാൾ അവിടേക്ക് എത്തി. നവംബർ 25 അർധരാത്രിയോടെ ജോണിന്റെ മരണം സ്ഥിരീകരിച്ചു. അപ്പോഴക്കും 27 മണിക്കൂറുകൾ പൂർത്തിയായിരുന്നു. 137 രക്ഷാപ്രവർത്തകർ, നിരവധി ആരോഗ്യപ്രവർത്തകർ, സന്നദ്ധമായി നിന്ന ഹെലികോപ്റ്റർ എല്ലാം പുറത്തുണ്ടായിട്ടും 27 മണിക്കൂർ നീണ്ട ആ രക്ഷാപ്രവർത്തനം പരാജയമായി. അമേരിക്കയിലെ വലിയൊരു ദുരന്തവുമായി ഈ സംഭവം.
READ ALSO: ‘വിജയത്തിന് പിന്നിൽ അച്ഛന്റെ പിന്തുണ’; ചീഫ് ജസ്റ്റിസിന്റെ ആദരം നേടി കോടതിയിലെ പാചകക്കാരന്റെ മകൾ!
ബോയ്സ് ഗ്രൂപ്പുകളുടെയും വിദ്യാർത്ഥികളുടേയുമെല്ലാം ഇഷ്ട കേന്ദ്രമായിരുന്നു നട്ടി പുട്ടി ഗുഹ. ഒട്ടേറെ വിനോദസഞ്ചാരികൾ എത്തിയിരുന്ന ഗുഹ പക്ഷെ ഈ ദാരുണ സംഭവത്തോടെ അടച്ചുപൂട്ടി. ജോൺ എഡ്വേർഡ് ജോൺസിൻ്റെ ദാരുണമായ മരണം ഇന്നും വലിയൊരു ആഘാതം തന്നെയാണ്. ഗുഹ കോൺക്രീറ്റ് ചെയ്ത് അടച്ചുപൂട്ടി. ജോൺസിൻ്റെ മൃതദേഹം ഈ ഗുഹയിൽ നിന്നും നീക്കം ചെയ്യാൻ കഴിയാത്തതിനാൽ, ഈ സ്ഥലം ഇപ്പോൾ ഒരു സ്മാരകമായി തുടരുന്നു.
Story highlights- nutty putty cave accident