‘ആടുജീവിതത്തിന് മുകളിലെ പ്രതീക്ഷ തന്നെ സമ്മർദത്തിലാക്കുന്നില്ല’; കാരണം വ്യക്തമാക്കി പൃഥ്വിരാജ്
മലയാളി വായനക്കാരുടെ ഹൃദയത്തില്‍ നജീബിന്റെ നോവറിയിച്ച ബെന്യാമിന്റെ ആടുജീവിതം നോവല്‍, മികച്ച സംവിധായകരിലൊരാളായ ബ്ലെസ്സിയുടെ വര്‍ഷങ്ങളുടെ അധ്വാനം, പൃഥ്വിരാജെന്ന നടന് ഒരു കഥാപാത്രത്തിനുവേണ്ടി നടത്തിയ അവിശ്വസനീയമായ രൂപമാറ്റങ്ങള്‍, ഓസ്കര് ജേതാവ് എ.ആര് റഹ്മാന്റെ സംഗീതം, കൊവിഡ് അടക്കമുള്ള പ്രതിസന്ധികള്‍ തരണം ചെയ്ത് വര്‍ഷങ്ങള്‍ നീണ്ടുനിന്ന ചിത്രീകരണം. ആടുജീവിതം തിയേറ്ററിലെത്താന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ വലിയ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ ചിത്രത്തെ കാത്തിരിക്കുന്നത്. ആടുജീവിതം തിയേറ്ററുകളിലെത്താനിരിക്കെ വലിയ പ്രതീക്ഷയിലാണ് പ്രേക്ഷകര്‍. ( Prithviraj Sukumaran about Aadujeevitham movie )
എന്നാല്‍ റിലീസിന് മുന്നോടിയായി പ്രതീക്ഷയുടെ അമിത ഭാരത്തെക്കുറിച്ച് ചോദിച്ചാല്‍ തനിക്ക് വലിയ സമ്മര്‍ദം അനുഭവപ്പെടുന്നില്ലെന്നാണ് പൃഥ്വിരാജ് പറയുന്നത്. പ്രക്ഷേക പ്രതീക്ഷയുടെ കാര്യത്തില്‍ മറ്റ് സിനിമകളേക്കാള്‍ സ്വാതന്ത്ര്യം ആടുജീവിതത്തിന് ലഭിക്കുന്നുവെന്ന് വിശ്വസിക്കുന്നതായി ട്വന്റിഫോറിന് അനുവദിച്ച അഭിമുഖത്തില്‍ പൃഥ്വിരാജ് പറഞ്ഞു.
കാരണം കുറഞ്ഞപക്ഷം മലയാളികള്‍ക്കെങ്കിലും ഇത് എത്തരത്തിലുള്ള സിനിമയായിരിക്കുമെന്ന് അറിയാം. എന്താണ് കഥയെന്നും അറിയാം. ഒന്നും അറിയാത്ത പ്രേക്ഷകര്‍ക്ക് മുന്നിലേക്കല്ല ഈ കഥയുമായി ഞങ്ങളെത്തുന്നത്. പുറത്തുവന്ന ടീസറുകളും ഗാനങ്ങളുമെല്ലാം സിനിമ എത്തരത്തിലാണ് ചിത്രീകരിക്കപ്പെട്ടത് എന്ന് വളരെ സത്യസന്ധമായി വിവരിക്കുന്നതാണെന്നും പൃഥ്വിരാജ് പറഞ്ഞു. അതുകൊണ്ട് തന്നെ വലിയ സമ്മര്‍ദം അനുഭവപ്പെടുന്നില്ലെന്നും താരം പറയുന്നത്.
ചിത്രം ഒരു ആഗോള സിനിമയായിരിക്കുമോ എന്ന ചോദ്യത്തിനും പൃഥ്വിരാജിന് വളരെ കൃത്യമായ മറുപടിയുണ്ടായിരുന്നു. പാന്‍ ഇന്ത്യന്‍ സിനിമയോ ആഗോള സിനിമയോ നിര്‍മിക്കാനാകില്ലെന്നും നല്ല സിനിമയുണ്ടാക്കി, അതിന് നല്ല റിലീസൊരുക്കി പ്രത്യാശിക്കാനേ സിനിമാ പ്രവര്‍ത്തകര്‍ക്ക് കഴിയൂ എന്നും പൃഥ്വിരാജ് പറഞ്ഞു. മനോഹരമായ ഫ്രെയിമുകള്‍ ഉള്ളത് കൊണ്ട് മാത്രം ഒരു സിനിമ പാന്‍ ഇന്ത്യനാകുമെന്ന് കരുതുന്നില്ല. ആടുജീവിതത്തിന്റെ കഥ ലോകത്തിലെല്ലാ മനുഷ്യര്‍ക്കും റിലേറ്റ് ചെയ്യാനാകുന്നതാണെന്നും ജനങ്ങളാണ് ഇനി കണ്ട് അഭിപ്രായം പറയേണ്ടതെന്നും പൃഥ്വിരാജ് കൂട്ടിച്ചേര്‍ത്തു.
2008-ല്‍ പ്രാരംഭ വര്‍ക്കുകള്‍ ആരംഭിച്ച ആടുജീവിതം 2018-ലാണ് ചിത്രീകരണം ആരംഭിച്ചത്. കൊവിഡും മറ്റ് പ്രതിസന്ധികളും വന്നതോടെ ചിത്രീകരണം 2023 ജൂലൈ വരെ നീണ്ടു. സിനിമയുടെ ഭൂരിഭാഗവും ചിത്രീകരിച്ചത് ജോര്‍ദാനിലാണ്. മാര്‍ച്ച് 28-നാണ് ചിത്രം തീയറ്ററുകളില്‍ റിലീസിനെത്തുന്നത്. ചിത്രത്തില്‍ പൃഥ്വിരാജിന്റെ നായികയായെത്തുന്നത് അമല പോളാണ്. ജിമ്മി ജീന്‍ ലൂയിസ് , കെ.ആര് ഗോകുല്‍, അറബ് അഭിനേതാക്കളായ താലിബ് അല്‍ ബലൂഷി, റിക്കബി എന്നിവരാണ് ചിത്രത്തിലെ മറ്റുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മലയാളത്തിനു പുറമേ ഹിന്ദി, തമിഴ്, തെലുഗു, കന്നഡ എന്നീ ഭാഷകളിലും ചിത്രം ഒരുങ്ങുന്നുണ്ട്.
Story highlights : Prithviraj Sukumaran about Aadujeevitham movie