ഓര്‍മകളിൽ ആ ചാലക്കുടിക്കാരൻ; കലാഭവൻ മണിയുടെ വേർപാടിന് എട്ടാണ്ട്
പലപ്പോഴും അപ്രതീക്ഷിത സമയത്താണ് പ്രിയപ്പെട്ടവരെ മരണം കവര്‍ന്നെടുക്കുന്നത്. മലയാളത്തിനെന്ന് മാത്രമല്ല തെന്നിന്ത്യന്‍ പ്രേക്ഷകര്‍ക്ക് തന്നെ അത്രമേല്‍ പ്രിയപ്പെട്ട കലാഭവന്‍ മണിയെ മരണം കവര്‍ന്നെടുത്തിട്ട് ഇന്നേക്ക് എട്ട് വര്‍ഷങ്ങള്‍. 2016 മാര്‍ച്ച് ആറിനായിരുന്നു ചാലക്കുടിക്കാരന്‍ ചങ്ങാതിയുടെ അപ്രതീക്ഷിത വേര്‍പാട്. കാലയവനികയ്ക്ക് പിന്നില്‍ ആ മണികിലുക്കും മറഞ്ഞുവെങ്കിലും ഇന്നും ചലച്ചിത്ര ലോകത്തെ ഓര്‍മകളില്‍ ഒളിമങ്ങാതെ നിറഞ്ഞു നില്‍പ്പുണ്ട് കലാഭവന്‍ മണി എന്ന അനശ്വര കലാകാരന്. ( Remembering Actor Kalabhavan Mani )
കൊച്ചിന് കലാഭവന്‍ മിമിക്സ് പരേഡിലൂടെയാണ് കലാഭവന്‍ മണി പ്രേക്ഷകര്‍ക്ക് സുപരിചിതനാകുന്നത്. ഹാസ്യ കഥാപാത്രങ്ങളിലൂടെ ചലച്ചിത്രരംഗത്തേക്ക് ചുവടുവച്ച മണി മലയാളി പ്രേക്ഷകര്‍ക്ക് നാടന്‍പാട്ടിന്റെ ഒരുപിടി നല്ല ശീലുകളും സമ്മാനിച്ചു. മണി പാടി നടന്ന പാട്ടുകളൊക്കെയും ഇന്നും പ്രേക്ഷകര്‍ ഏറ്റുപാടാറുണ്ട്. അഭ്രപാളിയിലെ മലയാളഹാസ്യത്തിന് പുതിയ രൂപവും ഭാവവും മണിയുടേതായി രൂപപ്പെടുത്തി. നായകനും പ്രതിനായകനും ഹാസ്യതാരവുമായി ഇരുപതാണ്ട് കാലം തെന്നിന്ത്യന്‍ സിനിമയിലെ ഒഴിച്ചുകൂടാനാകാത്ത ഘടകമായി. മലയാളത്തിന് പുറമെ തമിഴ്, തെലുഗു, കന്നട സിനിമകളിലും സജീവമായിരുന്നു. സ്റ്റേജ് ഷോയിലും മണിയുടെ കലാസംഘം വമ്പന്‍ ഹിറ്റായിരുന്നു.
സിബി മലയില്‍ സംവിധാനം നിര്‍വഹിച്ച് 1995-ല്‍ പുറത്തിറങ്ങിയ ‘അക്ഷരം’ എന്ന ചിത്രത്തിലെ ഓട്ടോ ഡ്രൈവര്‍ കഥാപാത്രമായിട്ടായിരുന്നു ചലച്ചിത്ര രംഗത്തേക്കുള്ള കലാഭവന്‍ മണിയുടെ അരങ്ങേറ്റം. പിന്നീട് ‘സല്ലാപം’ എന്ന ചിത്രത്തിലെ ചെത്തുകാരന് രാജപ്പന്റെ വേഷം മണിയെ വെള്ളിത്തിരയില്‍ ശ്രദ്ധേയനാക്കി. മണി നായക കഥാപാത്രമായെത്തിയ ചിത്രങ്ങളൊക്കെയും പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചിരുന്നു. ‘കരുമാടിക്കുട്ടന്’, ‘വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും’, വാല്‍ക്കണ്ണാടി അടക്കമുള്ള ചിത്രങ്ങളിലെ താരത്തിന്റെ അഭിനയം എന്നെന്നും മലയാളി പ്രേക്ഷകരുടെ മനസില്‍ നിറഞ്ഞുനില്‍ക്കുന്നതാണ്.
Read Also ; സൗന്ദര്യ മത്സരവേദികളും സിനിമയും ഉപേക്ഷിച്ചു; ആഡംബരങ്ങളില്ലാതെ ബുദ്ധസന്യാസിനിയായ നടി
ചലച്ചിത്രലോകത്ത് മാത്രമല്ല ചാലക്കുടി എന്ന ദേശക്കാര്‍ക്കും ഏറെ പ്രിയങ്കരനായിരുന്നു കലാഭവന്‍ മണി. സ്കൂള്‍ പഠനകാലം മുതല്‍ കുടുംബം പുലര്‍ത്താന്‍ നെട്ടോട്ടം ഓടുകയായിരുന്നു. പിന്നീട് ചാലക്കുടിക്കാരുടെ പ്രിയപ്പെട്ട ഓട്ടോ ഡ്രൈവറുടെ കുപ്പായമണിഞ്ഞ മണി, ജീവിതത്തില്‍ കെട്ടിയാടാത്ത വേഷങ്ങളില്ല എന്ന് വേണം പറയാന്‍. അക്കാലത്താണ് അനുകരണ കലയിലേക്ക് തിരിയുന്നത്. ഇതോടെയാണ് കൊച്ചിന് കലാഭവനില്‍ ചേരുന്നതും വേദികളില്‍ നിന്നും വേദികളിലേക്കുള്ള ഓട്ടം ആരംഭിക്കുന്നത്.
Story highlights : Remembering Actor Kalabhavan Mani